കാട്ടിലൂടെയുള്ള ഒരു ഓട്ടത്തിനിടയിൽ, ഞാൻ ഒരു കുറുക്കുവഴി കണ്ടെത്താൻ ശ്രമിച്ച്, അപരിചിതമായ വഴിയിലൂടെ പോയി. എനിക്കു വഴിതെറ്റിയോ എന്ന് സംശയിച്ച്, ഞാൻ ശരിയായ പാതയിലാണോ എന്ന് എതിരെ വന്ന ഒരു ഓട്ടക്കാരനോട് ചോദിച്ചു.
‘അതേ,’ അവൻ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു. എന്റെ സംശയത്തോടെയുള്ള നോട്ടം കണ്ട് അയാൾ പെട്ടെന്ന് കൂട്ടിച്ചേർത്തു: ”വിഷമിക്കേണ്ട, ഞാൻ എല്ലാ തെറ്റായ വഴികളും പരീക്ഷിച്ചു! പക്ഷേ കുഴപ്പമില്ല, ഇതെല്ലാം ഓട്ടത്തിന്റെ ഭാഗമാണ്.”
എന്റെ ആത്മീയ യാത്രയുടെ എത്ര ഉചിതമായ വിവരണം! എത്ര പ്രാവശ്യം ഞാൻ ദൈവത്തിൽ നിന്ന് അകന്നുപോയിട്ടുണ്ട്, പ്രലോഭനങ്ങളിൽ അകപ്പെട്ടിട്ടുണ്ട്, ജീവിതത്തിലെ കാര്യങ്ങളിൽ നിന്ന് വ്യതിചലിച്ചിരിക്കുന്നു? എന്നിട്ടും ദൈവം ഓരോ തവണയും എന്നോട് ക്ഷമിക്കുകയും മുന്നോട്ട് പോകാൻ എന്നെ സഹായിക്കുകയും ചെയ്തു-ഞാൻ തീർച്ചയായും വീണ്ടും ഇടറിപ്പോകുമെന്ന് അറിയുന്നു. തെറ്റായ വഴിയിലൂടെ സഞ്ചരിക്കാനുള്ള നമ്മുടെ പ്രവണത ദൈവത്തിനറിയാം. എന്നാൽ നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും അവന്റെ ആത്മാവിനെ നമ്മെ രൂപാന്തരപ്പെടുത്താൻ അനുവദിക്കുകയും ചെയ്താൽ, വീണ്ടും വീണ്ടും ക്ഷമിക്കാൻ അവൻ എപ്പോഴും തയ്യാറാണ്.
ഇതെല്ലാം വിശ്വാസയാത്രയുടെ ഭാഗമാണെന്ന് പൗലൊസിനും അറിയാമായിരുന്നു. തന്റെ പാപപൂർണ്ണമായ ഭൂതകാലത്തെയും നിലവിലെ ബലഹീനതകളെയും കുറിച്ച് പൂർണ്ണമായി ബോധവാനായ അദ്ദേഹം, താൻ ആഗ്രഹിച്ച ക്രിസ്തുവിനെപ്പോലെ പൂർണ്ണത കൈവരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അവനറിയാമായിരുന്നു (ഫിലിപ്പിയർ 3:12). “ഒന്നു ഞാൻ ചെയ്യുന്നു,” അവൻ കൂട്ടിച്ചേർത്തു, “പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു” (വാ. 13-14). ഇടർച്ച ദൈവവുമായുള്ള നമ്മുടെ നടത്തത്തിന്റെ ഭാഗമാണ്: നമ്മുടെ തെറ്റുകളിലൂടെയാണ് അവൻ നമ്മെ ശുദ്ധീകരിക്കുന്നത്. ക്ഷമിക്കപ്പെട്ട മക്കളായി മുന്നേറാൻ അവന്റെ കൃപ നമ്മെ പ്രാപ്തരാക്കുന്നു.
ഇന്ന് നിങ്ങൾക്ക് എന്ത് തെറ്റുകളാണ് ദൈവത്തോട് ഏറ്റുപറയാനുള്ളത്? നിങ്ങളുടെ വിശ്വാസത്തിന്റെ ഓട്ടത്തിൽ മുന്നേറാൻ ക്ഷമയെക്കുറിച്ചുള്ള അവന്റെ ഉറപ്പ് നിങ്ങളെ എങ്ങനെ സഹായിക്കും?
ദൈവമേ, അങ്ങയുടെ കാരുണ്യത്തിന് നന്ദി. അങ്ങയുടെ ആത്മാവ് എന്നെ അങ്ങയുടെ പുത്രന്റെ സാദൃശ്യമാക്കി മാറ്റാൻ എന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട്, അങ്ങയെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാൻ എന്നെ സഹായിക്കണമേ.