വലിയ സ്‌നേഹം
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ യേശുവിന്റെ ത്യാഗത്തെ അനുസ്മരിക്കുകയും അവന്റെ പുനരുത്ഥാനം ആഘോഷിക്കുകയും ചെയ്യുന്ന, വിശുദ്ധ വാരത്തിന് ദിവസങ്ങൾക്ക് മുമ്പ്, തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു സൂപ്പർമാർക്കറ്റിലേക്ക് ഒരു തീവ്രവാദി തോക്കുമായി ഇരച്ചുകയറി വെടിവയ്പ്പ് നടത്തുകയും രണ്ട് പേരെ കൊല്ലുകയും ചെയ്തു. ചർച്ചകൾക്ക് ശേഷം, ഒരു ബന്ദിയെ ഒഴികെ എല്ലാവരെയും തീവ്രവാദി മോചിപ്പിച്ചു, അവരെ അവൻ മനുഷ്യകവചമാക്കി മാറ്റി. അപകടം അറിഞ്ഞ്, പോലീസ് ഓഫീസർ അർനൗഡ് ബെൽട്രേം അചിന്തനീയമായത് ചെയ്തു: സ്ത്രീയുടെ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം സന്നദ്ധനായി. കുറ്റവാളി അവളെ വിട്ടയച്ചു, പക്ഷേ തുടർന്നുണ്ടായ സംഘർഷത്തിൽ ബെൽട്രേമിന് പരിക്കേൽക്കുകയും പിന്നീട് മരിക്കുകയും ചെയ്തു.
പോലീസ് ഉദ്യോഗസ്ഥനെ അറിയാവുന്ന ഒരു ശുശ്രൂഷകൻ യേശുവിലുള്ള വിശ്വാസമാണ് അദ്ദേഹത്തിന്റെ ധീരതയ്ക്കു കാരണമെന്ന് യോഹന്നാൻ 15:13-ലെ വാക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: "സ്‌നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആർക്കും ഇല്ല.’' ശിഷ്യന്മാരോടൊരുമിച്ചുള്ള അവസാനത്തെ അത്താഴത്തിനു ശേഷം ക്രിസ്തു അവരോട് പറഞ്ഞ വാക്കുകളായിരുന്നു അത്. "ഞാൻ നിങ്ങളെ സ്‌നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം'' (വാ. 12) എന്നും ഒരാളുടെ ജീവൻ മറ്റൊരാൾക്കുവേണ്ടി സമർപ്പിക്കുന്നതാണ് ഏറ്റവും വലിയ സ്‌നേഹമെന്നും അവൻ തന്റെ സ്‌നേഹിതരോടു പറഞ്ഞു (വാ. 13). അടുത്ത ദിവസം, നമ്മുടെ പാപത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ ക്രൂശിലേക്കു പോയപ്പോൾ യേശു ചെയ്തത് ഇതാണ്-അവനു മാത്രമേ അതിനു കഴിയൂ.
അർനൗഡ് ബെൽട്രേമിന്റെ ധീരത പിന്തുടരാൻ ഞങ്ങൾ ഒരിക്കലും വിളിക്കപ്പെട്ടു എന്നു വരില്ല. എന്നാൽ നാം ദൈവസ്‌നേഹത്തിൽ നിലനിൽക്കുമ്പോൾ, നമ്മുടെ സ്വന്തം പദ്ധതികളും ആഗ്രഹങ്ങളും മാറ്റിവെച്ച് അവന്റെ മഹത്തായ സ്‌നേഹത്തിന്റെ കഥ പങ്കുവെക്കാൻ ശ്രമിക്കുന്നതിലൂടെ നമുക്ക് മറ്റുള്ളവരെ ത്യാഗപൂർവ്വം സേവിക്കാൻ കഴിയും,
ബന്ധങ്ങളെ പുനഃസ്ഥാപിക്കുക
ചെറുപ്പത്തിൽ ഞാനും സഹോദരിയും ഇടയ്ക്കിടെ വഴക്കുകൂടിയിരുന്നു, പക്ഷേ ഒരിക്കൽ നടന്നത് എന്റെ ഓർമ്മയിൽ വേറിട്ടു നിൽക്കുന്നു. ഞങ്ങൾ രണ്ടുപേരും മുറിവേല്പ്പിക്കുന്ന കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചുപറഞ്ഞതിന് ശേഷം, ഒരിക്കലും പൊറുക്കാനാകില്ലെന്ന് തോന്നിയ ഒരു കാര്യം അവൾ വിളിച്ചുപറഞ്ഞു. ഞങ്ങൾക്കിടയിൽ വളരുന്ന ശത്രുതയ്ക്ക് സാക്ഷിയായ ഞങ്ങളുടെ വല്യമ്മച്ചി, പരസ്പരം സ്‌നേഹിക്കാനുള്ള ഞങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഞങ്ങളെ ഓർമ്മിപ്പിച്ചു: ''ദൈവം നിനക്ക് ജീവിതത്തിൽ ഒരു സഹോദരിയെ തന്നു. നിങ്ങൾ പരസ്പരം അല്പം കൃപ കാണിക്കണം''വല്യമ്മച്ചി പറഞ്ഞു. ഞങ്ങളെ സ്‌നേഹവും വിവേകവും കൊണ്ട് നിറയ്ക്കണമെന്ന് ഞങ്ങൾ ദൈവത്തോട് ആവശ്യപ്പെട്ടപ്പോൾ, ഞങ്ങൾ എങ്ങനെ പരസ്പരം വേദനിപ്പിച്ചു എന്നത് തിരിച്ചറിയാനും പരസ്പരം ക്ഷമിക്കാനും അവൻ ഞങ്ങളെ സഹായിച്ചു.
കൈപ്പും കോപവും വെച്ചുകൊണ്ടിരിക്കുന്നത് വളരെ എളുപ്പമാണ്, എന്നാൽ കൈപ്പിന്റെ വികാരങ്ങൾ വിട്ടുകളയുന്നതിനു നമ്മെ സഹായിക്കാൻ അവനോട് ആവശ്യപ്പെടുമ്പോൾ മാത്രം ലഭിക്കുന്ന സമാധാനം നാം അനുഭവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു (എഫെസ്യർ 4:31). ഈ വികാരങ്ങളെ നിലനിർത്തുന്നതിനുപകരം, സ്‌നേഹത്തിന്റെയും കൃപയുടെയും സ്ഥലത്തുനിന്നും വരുന്ന ക്ഷമയുടെ ക്രിസ്തുവിന്റെ മാതൃകയിലേക്ക് നമുക്ക് നോക്കാം. "നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ'' (വാ. 32). ക്ഷമിക്കുന്നത് വെല്ലുവിളിയായി കാണുമ്പോൾ, ഓരോ ദിവസവും അവൻ നമുക്കു നൽകുന്ന കൃപയെ നമുക്ക് ഓർക്കാം. നാം എത്ര പ്രാവശ്യം വീഴ്ച വരുത്തിയാലും, അവന്റെ കരുണ ഒരിക്കലും തീർന്നുപോകുന്നില്ല (വിലാപങ്ങൾ 3:22). നമ്മുടെ ഹൃദയത്തിൽ നിന്ന് കയ്പ്പ് നീക്കം ചെയ്യാൻ ദൈവത്തിന് നമ്മെ സഹായിക്കാൻ കഴിയും, അതിനാൽ നമുക്കു പ്രത്യാശയുള്ളവരായിരിക്കാനും അവന്റെ സ്‌നേഹത്തെ സ്വീകരിക്കുന്നവരായിരിക്കാനും നമുക്ക് കഴിയും.
വഴിയിലുടനീളം കയറ്റം
കവയിത്രിയും ധ്യാനചിന്താ രചയിതാവുമായിരുന്ന ക്രിസ്റ്റീന റോസെറ്റി, തന്റെ ജീവിതം കഠിനമാണെന്നു കണ്ടെത്തി. ജീവിതത്തിലുടനീളം വിഷാദവും വിവിധ രോഗങ്ങളും അവൾ അനുഭവിക്കുകയും മൂന്ന് വിവാഹനിശ്ചയങ്ങൾ തകർന്നു പോകുകയും ചെയ്തു. ഒടുവിൽ അവൾ കാൻസർ ബാധിച്ച് മരിച്ചു.
യിസ്രായേലിന്റെ ദേശീയ ബോധത്തെക്കുറിച്ച് ദാവീദ് സന്തോഷിച്ചപ്പോൾ, അത് വിജയിയായ ഒരു യോദ്ധാവിനു തുല്യമായിരുന്നു. എന്നിരുന്നാലും, തന്റെ ജീവിതത്തിലുടനീളം ദാവീദ് ബുദ്ധിമുട്ടുകൾ നേരിട്ടു. അവന്റെ ഭരണത്തിന്റെ അവസാനത്തിൽ, അവന്റെ സ്വന്ത മകനും അവന്റെ വിശ്വസ്തനായ ഉപദേശകനും ജനത്തിൽ ഭൂരിഭാഗവും അവനെതിരെ തിരിഞ്ഞു (2 ശമൂവേൽ 15:1-12). അപ്പോൾ ദാവീദ് പുരോഹിതന്മാരായ അബ്യാഥാർ, സാദോക്ക് എന്നിവരെയും ദൈവത്തിന്റെ വിശുദ്ധ പെട്ടകത്തെയും എടുത്ത് യെരൂശലേമിൽ നിന്ന് പലായനം ചെയ്തു (വാ. 14, 24).
അബ്യാഥാർ ദൈവത്തിനു യാഗമർപ്പിച്ച ശേഷം, ദാവീദ് പുരോഹിതന്മാരോടു പറഞ്ഞു, ''നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്കു ഇടയാകും'' (വാ. 25). അനിശ്ചിതത്വത്തിനിടയിലും, ദാവീദ് പറഞ്ഞു, "അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്നു അവൻ [ദൈവം] കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ'' (വാ. 26). തനിക്ക് ദൈവത്തെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാമായിരുന്നു.
ക്രിസ്റ്റീന റോസെറ്റിയും ദൈവത്തെ വിശ്വസിച്ചു, അവളുടെ ജീവിതം പ്രതീക്ഷയിൽ അവസാനിച്ചു. വഴി മുഴുവനും മുകളിലേക്കുള്ള കയറ്റം മാത്രമായേക്കാം, പക്ഷേ അത് നമ്മുടെ സ്വർഗീയ പിതാവിങ്കലേക്കാണ് നമ്മെ നയിക്കുന്നത്, അവൻ നമ്മെ സ്വീകരിക്കാൻ ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു.
സ്തുതിയുടെ കണ്ണുനീർ
വർഷങ്ങൾക്കുമുമ്പ്, എന്റെ അമ്മ മാരക രോഗത്തിനുള്ള ചികിത്സയിലായിരുന്നപ്പോൾ ഞാൻ അവളെ പരിചരിച്ചു. അമ്മയെ ശുശ്രൂഷിക്കാൻ ദൈവം എന്നെ അനുവദിച്ച നാല് മാസത്തിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു, സങ്കടകരമായ പ്രക്രിയയിൽ എന്നെ സഹായിക്കാൻ അവനോട് ആവശ്യപ്പെട്ടു. എന്റെ സമ്മിശ്രവികാരങ്ങളുമായി മല്ലിടുമ്പോൾ ഞാൻ പലപ്പോഴും ദൈവത്തെ സ്തുതിക്കാൻ പാടുപെട്ടു. എന്നാൽ എന്റെ അമ്മ അവസാന ശ്വാസം എടുക്കുകയും ഞാൻ നിലയ്ക്കാതെ കരയുകയും ചെയ്തപ്പോൾ ഞാൻ മന്ത്രിച്ചു, 'ഹല്ലേലൂയാ.' ആ സങ്കടകരമായ നിമിഷത്തിൽ ദൈവത്തെ സ്തുതിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി, വർഷങ്ങൾക്ക് ശേഷം, 30-ാം സങ്കീർത്തനം ഞാൻ സൂക്ഷ്മമായി പരിശോധിക്കുന്നതുവരെ ആ കുറ്റബോധം നിലനിന്നു.
ദാവീദിന്റെ 'ഭവന പ്രതിഷ്ഠാ' ഗാനത്തിൽ, അവൻ ദൈവത്തെ അവന്റെ വിശ്വസ്തതയ്ക്കും കരുണയ്ക്കും വേണ്ടി ആരാധിച്ചു (വാ. 1-3). 'അവന്റെ വിശുദ്ധനാമത്തിന്നു സ്‌തോത്രം ചെയ്യാൻ' അവൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു (വാ. 4). ദൈവം കഷ്ടതയെയും പ്രത്യാശയെയും എത്രമാത്രം ഇഴപിരിച്ചു ചേർത്തിരിക്കുന്നു എന്ന് ദാവീദ് വിവരിച്ചു (വാ. 5). ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും സമയങ്ങളെയും സുരക്ഷിതത്വവും നിരാശയും അനുഭവപ്പെട്ട സമയങ്ങളെയും അവൻ അംഗീകരിച്ചു (വാ. 6-7). സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവത്തിലുള്ള വിശ്വാസത്തോടെയായിരുന്നു (വാ. 7-10). അവന്റെ സ്തുതിയുടെ പ്രതിധ്വനി ദാവീദിന്റെ കരച്ചിലും നൃത്തവും സങ്കടവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളോടു ചേർത്തു നെയ്തതായിരുന്നു (വാ. 11). കഷ്ടതകൾ സഹിച്ചു നിൽക്കുന്നതിന്റെ രഹസ്യവും സങ്കീർണ്ണതയും അംഗീകരിക്കുന്നതുപോലെ, ദൈവത്തിന്റെ വിശ്വസ്തതയെ പ്രതീക്ഷിച്ചുകൊണ്ട്, ദാവീദ് ദൈവത്തോടുള്ള തന്റെ അനന്തമായ ഭക്തി പ്രഖ്യാപിച്ചു (വാ. 12).
ദാവീദിനെപ്പോലെ നമുക്കും പാടാം, "എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്‌തോത്രം ചെയ്യും" (വാ. 12). നാം സന്തുഷ്ടരായാലും വേദനിക്കുന്നവരായാലും, അവനിലുള്ള നമ്മുടെ ആശ്രയം പ്രഖ്യാപിക്കാനും സന്തോഷകരമായ ആർപ്പുവിളികളാലും സ്തുതിയുടെ കണ്ണുനീരാലും അവനെ ആരാധിക്കുന്നതിനു നമ്മെ നയിക്കാനും ദൈവത്തിന് നമ്മെ സഹായിക്കാനാകും.
ദൈവം നമ്മോട് സംസാരിക്കുന്നു
എനിക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. പലപ്പോഴും, അത്തരം കോളുകൾ വോയ്‌സ്‌മെയിലിലേക്ക് പോകാൻ അനുവദിക്കുകയാണു ഞാൻ ചെയ്യുന്നത്. എന്നാൽ ഇത്തവണ ഞാൻ അത് എടുത്തു. വിളിച്ച അപരിചിതനായ ആൾ, ഒരു ചെറിയ ബൈബിൾ ഭാഗം പങ്കിടാൻ എനിക്ക് ഒരു മിനിറ്റ് സമയമുണ്ടോ എന്ന് വിനീതമായി ചോദിച്ചു. ദൈവം എങ്ങനെ ''അവരുടെ കണ്ണിൽനിന്നു കണ്ണുനീർ തുടച്ചുനീക്കും'' എന്ന വെളിപ്പാട് 21:3-5 ഭാഗം അദ്ദേഹം ഉദ്ധരിച്ചു. തുടർന്ന് യേശുവിനെക്കുറിച്ച് സംസാരിച്ചു, അവൻ നമ്മുടെ ഉറപ്പും പ്രത്യാശയും ആയിരിക്കുന്നു. എന്റെ വ്യക്തിപരമായ രക്ഷകനായി യേശുവിനെ എനിക്കറിയാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ വിളിച്ചയാളിന് എന്നോട് 'സാക്ഷിക്കുക' എന്ന ഉദ്ദേശ്യമായിരുന്നില്ല ഉണ്ടായിരുന്നത്്. പകരം, എന്നോടൊപ്പം പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചു. എനിക്ക് പ്രോത്സാഹനവും ശക്തിയും നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു.
ആ വിളി എന്നെ തിരുവെഴുത്തിലെ മറ്റൊരു 'വിളി'യെ ഓർമ്മിപ്പിച്ചു - ദൈവം അർദ്ധരാത്രിയിൽ ശമൂവേലിനെ വിളിച്ചു (1 ശമൂവേൽ 3:4-10).വൃദ്ധ പുരോഹിതനായ ഏലിയാണെന്ന് കരുതി ശമൂവേൽ മൂന്നു പ്രാവശ്യം അവന്റെയടുത്തക്ക് ടിച്ചെന്നു. അവസാനമായി, ഏലിയുടെ നിർദ്ദേശപ്രകാരം, ദൈവം തന്നെ വിളിക്കുകയാണെന്ന് ശമൂവേൽ മനസ്സിലാക്കി: "അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു'' (വാക്യം 10) എന്ന് അവൻ പ്‌രതിവചിച്ചു. അതുപോലെ, നമ്മുടെ ദിനരാത്രങ്ങളിൽ ദൈവം നമ്മോട് സംസാരിച്ചുകൊണ്ടിരിക്കാം. നാം 'ഫോണെടുക്കണം,' അതിനർത്ഥം അവന്റെ സാന്നിധ്യത്തിൽ കൂടുതൽ സമയം ചെലവഴിക്കുകയും അവന്റെ ശബ്ദം കേൾക്കുകയും ചെയ്യുക എന്നതാണ്.
തുടർന്ന് ഞാൻ മറ്റൊരു വിധത്തിൽ 'വിളിയെ'ക്കുറിച്ച് ചിന്തിച്ചു. നമ്മൾ ചിലപ്പോൾ മറ്റൊരാൾക്കുള്ള ദൈവവചനങ്ങളുടെ സന്ദേശവാഹകരായാലോ? മറ്റുള്ളവരെ സഹായിക്കാൻ ഒരു മാർഗ്ഗവുമില്ലെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ ദൈവം നമ്മെ നയിക്കുന്നതുപോലെ, നമുക്ക് ഒരു സുഹൃത്തിനെ ഫോൺ ചെയ്ത് ചോദിക്കാം, ''ഇന്ന് ഞാൻ താങ്കളോടൊപ്പം പ്രാർത്ഥിക്കട്ടെ?''