കവയിത്രിയും ധ്യാനചിന്താ രചയിതാവുമായിരുന്ന ക്രിസ്റ്റീന റോസെറ്റി, തന്റെ ജീവിതം കഠിനമാണെന്നു കണ്ടെത്തി. ജീവിതത്തിലുടനീളം വിഷാദവും വിവിധ രോഗങ്ങളും അവൾ അനുഭവിക്കുകയും മൂന്ന് വിവാഹനിശ്ചയങ്ങൾ തകർന്നു പോകുകയും ചെയ്തു. ഒടുവിൽ അവൾ കാൻസർ ബാധിച്ച് മരിച്ചു.

യിസ്രായേലിന്റെ ദേശീയ ബോധത്തെക്കുറിച്ച് ദാവീദ് സന്തോഷിച്ചപ്പോൾ, അത് വിജയിയായ ഒരു യോദ്ധാവിനു തുല്യമായിരുന്നു. എന്നിരുന്നാലും, തന്റെ ജീവിതത്തിലുടനീളം ദാവീദ് ബുദ്ധിമുട്ടുകൾ നേരിട്ടു. അവന്റെ ഭരണത്തിന്റെ അവസാനത്തിൽ, അവന്റെ സ്വന്ത മകനും അവന്റെ വിശ്വസ്തനായ ഉപദേശകനും ജനത്തിൽ ഭൂരിഭാഗവും അവനെതിരെ തിരിഞ്ഞു (2 ശമൂവേൽ 15:1-12). അപ്പോൾ ദാവീദ് പുരോഹിതന്മാരായ അബ്യാഥാർ, സാദോക്ക് എന്നിവരെയും ദൈവത്തിന്റെ വിശുദ്ധ പെട്ടകത്തെയും എടുത്ത് യെരൂശലേമിൽ നിന്ന് പലായനം ചെയ്തു (വാ. 14, 24).

അബ്യാഥാർ ദൈവത്തിനു യാഗമർപ്പിച്ച ശേഷം, ദാവീദ് പുരോഹിതന്മാരോടു പറഞ്ഞു, ”നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്കു ഇടയാകും” (വാ. 25). അനിശ്ചിതത്വത്തിനിടയിലും, ദാവീദ് പറഞ്ഞു, “അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്നു അവൻ [ദൈവം] കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ” (വാ. 26). തനിക്ക് ദൈവത്തെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാമായിരുന്നു.

ക്രിസ്റ്റീന റോസെറ്റിയും ദൈവത്തെ വിശ്വസിച്ചു, അവളുടെ ജീവിതം പ്രതീക്ഷയിൽ അവസാനിച്ചു. വഴി മുഴുവനും മുകളിലേക്കുള്ള കയറ്റം മാത്രമായേക്കാം, പക്ഷേ അത് നമ്മുടെ സ്വർഗീയ പിതാവിങ്കലേക്കാണ് നമ്മെ നയിക്കുന്നത്, അവൻ നമ്മെ സ്വീകരിക്കാൻ ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു.