തന്റെ സഭയെ തകർക്കുന്ന ഒരു അഭിപ്രായവ്യത്യാസത്തെക്കുറിച്ച് ഒരിക്കൽ ഒരു സ്ത്രീ എന്നോട് പറഞ്ഞു. “എന്തിനെക്കുറിച്ചാണ് വിയോജിപ്പ്?” ഞാൻ ചോദിച്ചു. “ഭൂമി പരന്നതാണോ എന്നതിനെക്കുറിച്ച്,” അവൾ പറഞ്ഞു. ഏതാനും മാസങ്ങൾക്കുശേഷം, ഒരു റസ്റ്റോറന്റിന്റെ പിൻമുറിയിൽ കുട്ടികളെ പീഡിപ്പിക്കുന്നതായി സംശയിച്ച് കുട്ടികളെ രക്ഷിക്കാൻ ആയുധധാരിയായി അതിക്രമിച്ചുകയറിയ ഒരു ക്രിസ്ത്യാനിയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നു. അവിടെ അങ്ങനെ ഒരു മുറിയുണ്ടായിരുന്നില്ല, ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. രണ്ട് സാഹചര്യങ്ങളിലും, ഉൾപ്പെട്ട ആളുകൾ ഇന്റർനെറ്റിൽ വായിച്ച ഗൂഢാലോചന സിദ്ധാന്തങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുകയായിരുന്നു.

യേശുവിൽ വിശ്വസിക്കുന്നവർ നല്ല പൗരന്മാരാകാൻ വിളിക്കപ്പെട്ടിരിക്കുന്നു (റോമർ 13:1-7), നല്ല പൗരന്മാർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നില്ല. ലൂക്കൊസിന്റെ കാലത്ത്, യേശുവിനെക്കുറിച്ച് ധാരാളം കഥകൾ പ്രചരിച്ചിരുന്നു (ലൂക്കൊസ് 1:2), അവയിൽ ചിലത് കൃത്യമല്ല. താൻ കേട്ടതെല്ലാം കൈമാറുന്നതിനുപകരം, ലൂക്കൊസ് അടിസ്ഥാനപരമായി ഒരു അന്വേഷണാത്മക പത്രപ്രവർത്തകനായി മാറി, ദൃക്‌സാക്ഷികളോട് സംസാരിക്കുകയും (വാ. 1), “ആദിമുതൽ സകലവും” (വാ. 4) ഗവേഷണം ചെയ്യുകയും തന്റെ കണ്ടെത്തലുകൾ പേരുകളും ഉദ്ധരണികളും അടങ്ങുന്ന ഒരു സുവിശേഷമായി എഴുതുകയും ചെയ്തു. സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളല്ല, നേരിട്ട് അറിവുള്ള ആളുകളെ അടിസ്ഥാനമാക്കിയുള്ള ചരിത്രപരമായ വസ്തുതകളായിരുന്നു അവ.

നമുക്കും അങ്ങനെ ചെയ്യാം. തെറ്റായ വിവരങ്ങൾ സഭകളെ പിളർത്തുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നതിനാൽ, വസ്തുതകൾ പരിശോധിക്കുന്നത് നമ്മുടെ അയൽക്കാരനെ സ്‌നേഹിക്കുന്നതിനുള്ള ഒരു പ്രവൃത്തിയാണ് (10:27). വികാരമിളക്കുന്ന ഒരു കഥ നാം കേൾക്കുമ്പോൾ, തെറ്റ് പ്രചരിപ്പിക്കുന്നവരായിട്ടല്ല സത്യാന്വേഷികൾ എന്ന നിലയിൽ നമുക്ക് അതിന്റെ അവകാശവാദങ്ങൾ യോഗ്യതയുള്ള, ഉത്തരവാദിത്വമുള്ള വിദഗ്ധരെ ഉപയോഗിച്ച് പരിശോധിക്കാം. അത്തരമൊരു പ്രവൃത്തി സുവിശേഷത്തിന് വിശ്വാസ്യത കൊണ്ടുവരുന്നു. എല്ലാറ്റിനുമുപരി, നാം സത്യത്താൽ നിറഞ്ഞവനെയാണല്ലോ ആരാധിക്കുന്നത് (യോഹന്നാൻ 1:14).