കൊത്തുപണികളുള്ള മരംകൊണ്ടുള്ള ഒരു വിഗ്രഹം – ഒരു ഗൃഹബിംബം – എക്കുവ എന്ന സ്ത്രീയിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. അവൾ അത് അധികാരികളെ അറിയിച്ചു. വിഗ്രഹം കണ്ടെത്തിയ നിയമപാലകർ അതു തിരിച്ചറിയാൻ അവളെ വിളിച്ചു. “ഇതാണോ നിങ്ങളുടെ ദൈവം?” അവർ ചോദിച്ചു. അവൾ സങ്കടത്തോടെ പറഞ്ഞു, “അല്ല, എന്റെ ദൈവം ഇതിനേക്കാൾ വലുതും മനോഹരവുമാണ്.”

കൈകൊണ്ട് നിർമ്മിച്ച ദൈവത്തിന് തങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ച് ആളുകൾ തങ്ങളുടെ ദൈവസങ്കൽപ്പത്തിന് രൂപം നൽകാൻ പണ്ടേ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം യാക്കോബിന്റെ ഭാര്യ റാഹേൽ ലാബാനിൽ നിന്ന് ഓടിപ്പോയപ്പോൾ “തന്റെ അപ്പനുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചത്” (ഉൽപത്തി 31:19). എന്നാൽ യാക്കോബിന്റെ പാളയത്തിൽ വിഗ്രഹങ്ങൾ മറഞ്ഞിരുന്നിട്ടും ദൈവം അവന്റെ മേൽ തന്റെ കരം വച്ചു (വാ. 34).

പിന്നീട്, അതേ യാത്രയിൽ, യാക്കോബ് രാത്രി മുഴുവൻ “ഒരു മനുഷ്യനുമായി” മല്ലു പിടിച്ചു (32:24). ഈ എതിരാളി വെറുമൊരു മനുഷ്യനല്ലെന്ന് അവൻ മനസ്സിലാക്കിയിരിക്കണം, കാരണം നേരം പുലർന്നപ്പോൾ യാക്കോബ് പറഞ്ഞു, “നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല” (വാ. 26). ആ മനുഷ്യൻ അവനെ യിസ്രായേൽ എന്ന് പുനർനാമകരണം ചെയ്തു (‘ദൈവം യുദ്ധം ചെയ്യുന്നു’) തുടർന്ന് അവനെ അനുഗ്രഹിച്ചു (വാ. 28-29). യാക്കോബ് ആ സ്ഥലത്തിനു പെനീയേൽ (‘ദൈവത്തിന്റെ മുഖം’) എന്ന് പേർ വിളിച്ചു, “ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞു” (വാ. 30).

ഈ ദൈവം – ഏകസത്യദൈവം – എക്കുവയ്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത എന്തിനേക്കാളും അനന്തമായി വലുതും മനോഹരവുമാണ്. അവനെ കൊത്തിയെടുക്കാനോ മോഷ്ടിക്കാനോ മറയ്ക്കാനോ കഴികയില്ല. എങ്കിലും, ആ രാത്രി യാക്കോബ് പഠിച്ചതുപോലെ, നമുക്ക് അവനെ സമീപിക്കാം! ഈ ദൈവത്തെ “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന് വിളിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു (മത്തായി 6:9).