1859-ൽ ജോഷ്വ എബ്രഹാം നോർട്ടൺ അമേരിക്കയുടെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചു. സാൻ ഫ്രാൻസിസ്‌കോ ഷിപ്പിംഗിൽ നോർട്ടൺ തന്റെ ഭാഗ്യം കെട്ടിപ്പടുത്തു – നഷ്ടപ്പെടുത്തുകയും ചെയ്തു. പക്ഷേ അയാൾക്ക് ഒരു പുതിയ ഐഡന്റിറ്റി വേണമായിരുന്നു: അമേരിക്കയുടെ ആദ്യത്തെ ചക്രവർത്തി എന്ന പദവി. സാൻഫ്രാൻസിസ്‌കോ ഈവനിംഗ് ബുള്ളറ്റിൻ “ചക്രവർത്തി” നോർട്ടന്റെ അറിയിപ്പ് അച്ചടിച്ചപ്പോൾ, മിക്ക വായനക്കാരും ചിരിച്ചു. സമൂഹത്തിന്റെ തിന്മകൾ തിരുത്താൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ നോർട്ടൺ നടത്തി, സ്വന്തം കറൻസി അച്ചടിച്ചു, ബ്രിട്ടീഷ് സാമ്രാജ്യത്തിലെ വിക്ടോറിയ രാജ്ഞിക്ക്, തന്നെ വിവാഹം കഴിക്കാനും അവരുടെ രാജ്യങ്ങളെ ഒന്നിപ്പിക്കാനും ആവശ്യപ്പെട്ട് കത്തുകൾ പോലും എഴുതി. പ്രാദേശിക തയ്യൽക്കാർ രൂപകൽപ്പന ചെയ്ത രാജകീയ സൈനിക യൂണിഫോം അയാൾ ധരിച്ചിരുന്നു. ഒരു നിരീക്ഷകൻ പറഞ്ഞു, നോർട്ടൺ “ഓരോ ഇഞ്ചും ഒരു രാജാവായി” കാണപ്പെട്ടു. എന്നാൽ തീർച്ചയായും, അയാൾ രാജാവായിരുന്നില്ല. നമ്മൾ ആരാണെന്നത് നമുക്ക് സ്വയം ഉളവാക്കാൻ പറ്റില്ല.

നമ്മിൽ പലരും നമ്മൾ ആരാണെന്ന് അന്വേഷിക്കാനും നമുക്ക് എന്ത് മൂല്യമുണ്ടെന്ന് ചിന്തിക്കാനും വർഷങ്ങളോളം ചെലവഴിക്കുന്നു. നാം ആരാണെന്നതിനെക്കുറിച്ചുള്ള സത്യം യഥാർത്ഥത്തിൽ ദൈവത്തിനു മാത്രമേ നമ്മോട് പറയാൻ കഴിയൂ എന്നിരിക്കെ, നാം സ്വയം പേരിടാനോ നിർവചിക്കാനോ ശ്രമിക്കുന്നു. അവന്റെ പുത്രനായ യേശുവിൽ നമുക്ക് രക്ഷ ലഭിക്കുമ്പോൾ അവൻ നമ്മെ തന്റെ പുത്രന്മാരും പുത്രിമാരും എന്ന് വിളിക്കുന്നു എന്നതിനു നമുക്കു നന്ദി പറയാം. “അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു” (യോഹന്നാൻ 1:12) എന്ന് യോഹന്നാൻ എഴുതുന്നു. ഈ സ്വത്വം തികച്ചും ഒരു ദാനമാണ്. നാം “രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്” (വാ. 13).

ദൈവം നമുക്കു പേരും ക്രിസ്തുവിൽ നമ്മുടെ സ്വത്വവും നൽകുന്നു. നാം ആരാണെന്ന് അവൻ നമ്മോട് പറയുന്നതിനാൽ അതിനായി പരിശ്രമിക്കുന്നതും മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യുന്നതും നമുക്കു നിർത്താം.