“എനിക്ക് പൂക്കൾ അയച്ചുതന്നതിനാൽ ഡാഡി വീട്ടിലേക്ക് വരുമെന്ന് എനിക്കറിയാം.” യുദ്ധസമയത്ത് പപ്പയെ കാണാതായപ്പോൾ ഞങ്ങളുടെ അമ്മയോട് ഏഴുവയസ്സുള്ള എന്റെ സഹോദരി പറഞ്ഞ വാക്കുകളായിരുന്നു അത്. പിതാവ് തന്റെ ദൗത്യത്തിനായി പുറപ്പെടുന്നതിന് മുമ്പ്, എന്റെ സഹോദരിയുടെ ജന്മദിനത്തിനായി പൂക്കൾ മുൻകൂട്ടി ഓർഡർ ചെയ്തിരുന്നു. അദ്ദേഹം ഇല്ലാതിരുന്ന സമയത്ത് അവ എത്തി. പക്ഷേ അവൾ പറഞ്ഞത് ശരിയായിരുന്നു: ഡാഡി വീട്ടിലേക്ക് വന്നു – ഒരു ഭീകരമായ പോരാട്ടത്തിനു ശേഷം. പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴും അവൾ പ്രതീക്ഷയിൽ മുറുകെ പിടിക്കാനുള്ള ഓർമ്മപ്പെടുത്തലായി പൂക്കൾ വച്ചിരുന്ന പാത്രം സൂക്ഷിക്കുന്നു.
തകർന്നതും പാപപങ്കിലവുമായ ലോകത്ത് ചിലപ്പോൾ പ്രത്യാശ മുറുകെ പിടിക്കുന്നത് എളുപ്പമല്ല. പിതാക്കന്മാർ എപ്പോഴും വീട്ടിൽ വരാറില്ല, കുട്ടികളുടെ ആഗ്രഹങ്ങൾ ചിലപ്പോൾ നടക്കാതെ പോകും. എന്നാൽ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽപോലും ദൈവം പ്രത്യാശ നൽകുന്നു. മറ്റൊരു യുദ്ധസമയത്ത്, പ്രവാചകനായ ഹബക്കൂക് യഹൂദയിലെ ബാബിലോണിയൻ അധിനിവേശത്തെ പ്രവചിച്ചു (ഹബക്കൂക് 1:6; 2 രാജാക്കന്മാർ 24 കാണുക) എന്നാൽ ദൈവം എപ്പോഴും നല്ലവനാണെന്ന് അപ്പോഴും ഉറപ്പിച്ചു പറഞ്ഞു (ഹബക്കൂക് 1:12-13). പണ്ട് തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ദയ ഓർത്തുകൊണ്ട് ഹബക്കൂക് ഇങ്ങനെ പ്രഖ്യാപിച്ചു: “അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.” (3:17-18).
ചില വ്യാഖ്യാതാക്കൾ ഹബക്കൂകിന്റെ പേരിന്റെ അർത്ഥം ‘പറ്റിനിൽക്കുക’ എന്നാണ് എന്നു വിശ്വസിക്കുന്നു. പരിശോധനകളിൽപ്പോലും നമുക്ക് നമ്മുടെ ആത്യന്തികമായ പ്രത്യാശയും സന്തോഷവുമായി ദൈവത്തോട് പറ്റിനിൽക്കാൻ കഴിയും, കാരണം അവൻ നമ്മെ മുറുകെ പിടിക്കുന്നു, ഒരിക്കലും കൈവിടുകയില്ല.
പ്രയാസകരമായ സമയങ്ങളിൽ ദൈവത്തിൽ സന്തോഷിക്കുന്നത് നിങ്ങളെ എങ്ങനെയാണ് സഹായിക്കുന്നത്? ഇന്ന് അവനെ സ്തുതിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
പിതാവേ, എന്തു വന്നാലും എന്റെ ഭാവി അങ്ങയോടൊപ്പം ശോഭനമായതാണ് എന്നതിൽ അങ്ങേയ്ക്കു നന്ദി.