Month: ജൂൺ 2023

വേർപിരിയൽ വാക്കുകൾ

തന്റെ ജീവിതാവസാനത്തോട് അടുത്തപ്പോൾ, ജോൺ എം. പെർക്കിൻസിന് താൻ വിട്ടിട്ടു പോകുന്ന ആളുകൾക്ക് നൽകാൻ ഒരു സന്ദേശം ഉണ്ടായിരുന്നു. വംശീയ അനുരഞ്ജനത്തിനുവേണ്ടി വാദിക്കുന്നതിൽ പേരുകേട്ട പെർക്കിൻസ് പറഞ്ഞു, ''ദൈവത്തിലേക്കുള്ള ഏക വഴി മാനസാന്തരമാണ്. നിങ്ങൾ മാനസാന്തരപ്പെട്ടില്ലെങ്കിൽ നിങ്ങളെല്ലാവരും നശിച്ചുപോകും.''

ഈ വാക്കുകൾ യേശുവിന്റെയും ബൈബിളിലെ മറ്റു പലരുടെയും ഭാഷയെ പ്രതിഫലിപ്പിക്കുന്നു. ക്രിസ്തു പറഞ്ഞു, “അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” (ലൂക്കൊസ് 13:3). അപ്പൊസ്തലനായ പെത്രാസ് പറഞ്ഞു, “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ” (പ്രവൃത്തികൾ 3:19).

തന്റെ ജനം ദൈവത്തിങ്കലേക്കു തിരിയണമെന്ന് ആഗ്രഹിച്ച മറ്റൊരു വ്യക്തിയുടെ വാക്കുകൾ തിരുവെഴുത്തുകളിൽ വളരെ മുമ്പുതന്നെ നാം വായിക്കുന്നു. “എല്ലാ യിസ്രായേലിനോടും” ഉള്ള തന്റെ (1 ശമുവേൽ 12:1) വിടവാങ്ങൽ പ്രസംഗത്തിൽ, പ്രവാചകനും പുരോഹിതനും ന്യായാധിപനുമായിരുന്ന ശമൂവേൽ പറഞ്ഞു, “ഭയപ്പെടേണ്ട; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ” (വാ. 20). തിന്മയിൽ നിന്ന് തിരിഞ്ഞ് പൂർണ്ണഹൃദയത്തോടെ ദൈവത്തെ അനുഗമിക്കുക എന്നതായിരുന്നു അവന്റെ മാനസാന്തരത്തിന്റെ സന്ദേശം.

നാമെല്ലാവരും പാപം ചെയ്യുകയും അവന്റെ നിലവാരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് നാം അനുതപിക്കേണ്ടതുണ്ട്, അതിനർത്ഥം പാപത്തിൽ നിന്ന് പിന്തിരിഞ്ഞ്, നമ്മോട് ക്ഷമിക്കുകയും അവനെ അനുഗമിക്കാൻ നമ്മെ ശക്തീകരിക്കുകയും ചെയ്യുന്ന യേശുവിലേക്ക് തിരിയുക എന്നാണ്. ദൈവത്തിന് മാനസാന്തരത്തിന്റെ ശക്തി ഉപയോഗിച്ച് നമ്മെ എങ്ങനെ തന്റെ ബഹുമാനത്തിനായി ഉപയോഗിക്കാനാകുന്ന ആളുകളാക്കി മാറ്റാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ ജോൺ പെർക്കിൻസ്, ശമൂവേൽ എന്നിവരുടെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം.

അപ്രതീക്ഷിത സ്ഥലങ്ങളിലെ സുവിശേഷം

ഈയിടെ, സിനിമകളിലും ടിവിയിലും അനേക പ്രാഴശ്യം തവണ ഞാൻ കണ്ട ഒരു സ്ഥലത്ത് ഞാൻ എത്തി: കാലിഫോർണിയയിലെ ഹോളിവുഡിൽ. അവിടെ, ലോസ് ഏഞ്ചൽസിന്റെ താഴ്‌വരയിലെ എന്റെ ഹോട്ടൽ ജനാലയിലൂടെ ഞാൻ നോക്കുമ്പോൾ, ആ പ്രസിദ്ധമായ മലഞ്ചെരുവിലെ ആ ഭീമാകാരമായ വെളുത്ത അക്ഷരങ്ങൾ അഭിമാനത്തോടെ തലയുയർത്തിനിന്നു.

അപ്പോൾ ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചു: ഇടതുവശത്തെ ഒരു ഭീമാകാരമായ ക്രൂശ്. ഞാൻ അത് സിനിമയിൽ കണ്ടിട്ടില്ല. ഞാൻ എന്റെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയ നിമിഷം, ഒരു പ്രാദേശിക സഭിയിലെ ചില വിദ്യാർത്ഥികൾ എന്നോട് യേശുവിനെക്കുറിച്ചു പറയാൻ തുടങ്ങി.

ദൈവരാജ്യത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ലൗകികതയുടെ പ്രഭവകേന്ദ്രം മാത്രമായി ഹോളിവുഡിനെക്കുറിച്ച് നമ്മൾ ചിലപ്പോൾ ചിന്തിച്ചേക്കാം. എന്നിട്ടും ക്രിസ്തു അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു, അവന്റെ സാന്നിദ്ധ്യം എന്നെ അത്ഭുതപ്പെടുത്തി.

യേശു എവിടെയാണ് പ്രത്യക്ഷപ്പെട്ടത് എന്ന് പരീശന്മാർ നിരന്തരം ആശ്ചര്യപ്പെട്ടു. അവർ പ്രതീക്ഷിച്ച ആളുകളുമായല്ല അവൻ സഞ്ചരിച്ചത്. പകരം, മർക്കൊസ് 2:13-17 നമ്മോട് പറയുന്നു, അവൻ “ചുങ്കക്കാരോടും പാപികളോടും” കൂടെ (വാ. 15) സമയം ചെലവഴിച്ചു, പരീശന്മാർ “അശുദ്ധർ” എന്ന് വിളിക്കുന്ന ആളുകളായിരുന്നു അവർ. എങ്കിലും അവനെ ഏറ്റവും ആവശ്യമുള്ളവരുടെ കൂട്ടത്തിൽ യേശു ഉണ്ടായിരുന്നു (വാ. 16-17).

രണ്ടായിരത്തിലധികം വർഷങ്ങൾക്ക് ശേഷം, യേശു തന്റെ പ്രത്യാശയുടെയും രക്ഷയുടെയും സന്ദേശം പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ, ഏറ്റവും അപ്രതീക്ഷിതമായ ആളുകൾക്കിടയിൽ, പ്രചരിപ്പിക്കുന്നത് തുടരുന്നു. ആ ദൗത്യത്തിന്റെ ഭാഗമാകാൻ അവൻ നമ്മെ വിളിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു.

നിങ്ങൾ ഏകരായിരിക്കുമ്പോൾ

വൈകുന്നേരം 7 മണിക്ക്, ഹുയി -ലിയാങ് തന്റെ അടുക്കളയിൽ ചോറും മിച്ചം വന്ന മീും കഴിക്കുകയായിരുന്നു. തൊട്ടടുത്ത അപ്പാർട്ട്‌മെന്റിലെ ചുവ കുടുംബവും അത്താഴം കഴിക്കുകയായിരുന്നു, അവരുടെ ചിരിയും സംഭാഷണവും ഹൂയി -ലിയാങ്ങിന്റെ വുറിയുടെ നിശബ്ദതയെ ഭഞ്ജിച്ചു. ഭാര്യ മരിച്ചതിനുശേഷം ഹുയി -ലിയാങ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അയാൾ ഏകാന്തതയിൽ വർഷങ്ങൾ കൊണ്ട് ജീവിക്കാൻ പഠിച്ചു; അതിന്റെ കുത്തുന്ന വേദന ക്രമേണ ഒരു മങ്ങിയ വേദനയായി മാറി. എന്നാൽ ഇന്ന് രാത്രി, തന്റെ മേശപ്പുറത്ത് ഒരു പാത്രവും ഒരു ജോടി ചോപ്സ്റ്റിക്കുകളും കണ്ടത് അയാളെ ആഴത്തിൽ വേദനിപ്പിച്ചു.

അന്ന് രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ്, ഹുയി-ലിയാങ് തന്റെ പ്രിയപ്പെട്ട സങ്കീർത്തനമായ 23-ാം സങ്കീർത്തനം വായിച്ചു. അയാൾക്ക് ഏറ്റവും പ്രാധാന്യമുള്ള വാക്കുകൾ നാല് അക്ഷരങ്ങൾ മാത്രമാണ്: “നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” (വാ. 4). ആടുകളോടുള്ള ഇടയന്റെ പ്രായോഗിക പരിപാലന പ്രവർത്തനങ്ങളേക്കാൾ, ആടുകളുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളിലുമുള്ള അവന്റെ അചഞ്ചലമായ സാന്നിധ്യവും സ്‌നേഹനിർഭരമായ നോട്ടവുമാണ് ഹുയി-ലിയാങ്ങിന് സമാധാനം നൽകിയത്.

ആരോ അവിടെ ഉണ്ട്, ആരോ നമ്മോടൊപ്പമുണ്ട് എന്ന് അറിയുന്നത് ആ ഏകാന്ത നിമിഷങ്ങളിൽ വലിയ ആശ്വാസം നൽകുന്നു. അവന്റെ സ്‌നേഹം എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്നും (സങ്കീർത്തനം 103:17) അവൻ ഒരിക്കലും നമ്മെ വിട്ടുപോകില്ലെന്നും ദൈവം തന്റെ മക്കൾക്ക് വാഗ്ദാനം ചെയ്യുന്നു (എബ്രായർ 13:5). നമുക്ക് ഏകാന്തതയും ആരും നമ്മെ കാണുന്നില്ലെന്ന തോന്നലും അനുഭവപ്പെടുമ്പോൾ - നിശബ്ദമായ അടുക്കളയിലായാലും, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ബസിലായാലും, അല്ലെങ്കിൽ തിരക്കേറിയ സൂപ്പർമാർക്കറ്റിലായാലും - ഇടയന്റെ നോട്ടം എപ്പോഴും നമ്മിലേക്ക് തന്നെയാണെന്ന് നമുക്ക് അറിയാനാകും. “നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” എന്ന് നമുക്ക്

ശത്രുക്കളുടെ മേൽ തീക്കനൽ കുന്നിക്കുക

ഒരേ ജയിൽ ഗാർഡിൽ നിന്ന് ഡാൻ ദിവസവും മർദ്ദനങ്ങൾ ഏറ്റു. എങ്കിലും ആ മനുഷ്യനെ സ്‌നേഹിക്കാൻ യേശു തന്നെ നിർബന്ധിക്കുന്നതായി അവനു തോന്നി, അതുകൊണ്ട് ഒരു ദിവസം രാവിലെ, അടി തുടങ്ങും മുമ്പ്, ഡാൻ പറഞ്ഞു, “സർ, എന്റെ ജീവിതകാലം മുഴുവൻ ഞാൻ നിങ്ങളെ എല്ലാ ദിവസവും കാണാൻ പോകുകയാണെങ്കിൽ, നമുക്ക് സുഹൃത്തുക്കളാകാം.” കാവൽക്കാരൻ പറഞ്ഞു, ''ഇല്ല സർ. നമുക്ക് ഒരിക്കലും സുഹൃത്തുക്കളാകാൻ കഴിയില്ല.” ഡാൻ നിർബന്ധപൂർവ്വം കൈ നീട്ടി.

ഗാർഡ് മരവിച്ചുനിന്നു. അയാൾ വിറയ്ക്കാൻ തുടങ്ങി, പിന്നെ ഡാനിന്റെ കൈ പിടിച്ചു, വിട്ടില്ല. അയാളുടെ മുഖത്തുകൂടി കണ്ണുനീർ ഒഴുകി. അയാൾ പറഞ്ഞു, ''ഡാൻ, എന്റെ പേര് റോസോക്ക്. നിങ്ങളുടെ സുഹൃത്താകാൻ ഞാൻ ആഗ്രഹിക്കുന്നു.” ഗാർഡ് അന്നും പിന്നെ ഒരിക്കലും ഡാനെ അടിച്ചില്ല.

തിരുവെഴുത്തുകൾ നമ്മോട് പറയുന്നു: ''നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക. അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും” (സദൃശവാക്യങ്ങൾ 25:21-22). 'തീക്കനൽ' രൂപകം ഒരു ഈജിപ്ഷ്യൻ ആചാരത്തെ സൂചിപ്പിക്കുന്നു. അതിൽ കുറ്റവാളി ഒരു പാത്രത്തിൽ തീക്കനൽ തലയിൽ വഹിച്ചുകൊണ്ട് പശ്ചാത്താപം പ്രകടിപ്പിക്കുന്നു. അതുപോലെ, നമ്മുടെ ദയ നമ്മുടെ ശത്രുക്കളെ നാണക്കേടുനിമിത്തം മുഖം ചുവക്കാൻ കാരണമായേക്കാം, അത് അവരെ മാനസാന്തരത്തിലേക്ക് നയിച്ചേക്കാം.

ആരാണ് നിങ്ങളുടെ ശത്രു? നിങ്ങൾക്ക് ആരെയാണ് ഇഷ്ടപ്പെടാത്തത്? ക്രിസ്തുവിന്റെ ദയ ഏതൊരു ഹൃദയത്തെയും-തന്റെ ശത്രുവിന്റെയും സ്വന്തം ഹൃദയത്തെയും -മാറ്റാൻ ശക്തമാണെന്ന് ഡാൻ കണ്ടെത്തി. നമുക്കും അതു കഴിയും.

എളുപ്പത്തിൽ ലഭ്യമാകുന്ന പണം

1700-കളുടെ അവസാനത്തിൽ, കാനഡയിലെ നോവ സ്‌കോട്ടിയയിലെ ഓക്ക് ദ്വീപിൽ ഒരു യുവാവ് നിഗൂഢമായ ഒരു വിള്ളൽ കണ്ടെത്തി. കടൽക്കൊള്ളക്കാർ അവിടെ നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന് ഊഹിച്ച് അവനും കൂട്ടാളികളും കുഴിക്കാൻ തുടങ്ങി. അവർ ഒരിക്കലും ഒരു നിധിയും കണ്ടെത്തിയില്ല, പക്ഷേ അതിനെത്തുടർന്നു കിംവദന്തികൾ പിറവിയെടുത്തു. നൂറ്റാണ്ടുകളായി, മറ്റുള്ളവർ അവിടം കുഴിക്കുന്നത് തുടർന്നു- വൻതോതിൽ പണവും സമയവും ചെലവഴിച്ചു. കുഴിക്ക് ഇപ്പോൾ നൂറടി (മുപ്പത് മീറ്റർ) ആഴമുണ്ട്.

അത്തരം അഭിനിവേശങ്ങൾ മനുഷ്യഹൃദയത്തിലെ ശൂന്യതയെ വെളിപ്പെടുത്തുന്നു. എങ്ങനെയാണ് ഒരാളുടെ പെരുമാറ്റം അവന്റെ ഹൃദയത്തിലെ അത്തരമൊരു ശൂന്യത വെളിപ്പെടുത്തിയത് എന്ന് ബൈബിളിലെ ഒരു കഥ കാണിക്കുന്നു. ഗേഹസി ദീർഘകാലം മഹാപ്രവാചകനായ എലീശായുടെ വിശ്വസ്ത സേവകനായിരുന്നു. എന്നാൽ ദൈവം കുഷ്ഠരോഗം സുഖപ്പെടുത്തിയ ഒരു സൈനിക മേധാവിയുടെ ആഡംബര സമ്മാനങ്ങൾ എലീശാ നിരസിച്ചപ്പോൾ, അതിൽ നിന്ന് കുറച്ച് ലഭിക്കാൻ ഗേഹസി ഒരു കഥ മെനഞ്ഞു (2 രാജാക്കന്മാർ 5:22). സമ്മാനവുമായി വീട്ടിൽ തിരിച്ചെത്തിയ ഗേഹസി പ്രവാചകനോട് കള്ളം പറഞ്ഞു (വാ. 25). എന്നാൽ എലീശയ്ക്ക് എല്ലാം അറിയാമായിരുന്നു. അവൻ അവനോടു ചോദിച്ചു: “ആ പുരുഷൻ രഥത്തിൽനിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ?’’ (വാ. 26). അവസാനം, ഗേഹസിക്ക് അവൻ ആഗ്രഹിച്ചത് ലഭിച്ചു, എന്നാൽ പ്രധാനപ്പെട്ടത് നഷ്ടപ്പെട്ടു (വാ. 27).

ഈ ലോകത്തിലെ നിധികളെ പിന്തുടരരുതെന്നും പകരം ''സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ'' (മത്തായി 6:20) എന്നും കർത്താവു പറഞ്ഞു.

നിങ്ങളുടെ ഹൃദയാഭിലാഷങ്ങളിലേക്കുള്ള കുറുക്കുവഴികൾ സൂക്ഷിക്കുക. യേശുവിനെ അനുഗമിക്കുന്നതാണ് യഥാർത്ഥമായ എന്തെങ്കിലും കൊണ്ട് ശൂന്യത നിറയ്ക്കാനുള്ള വഴി.