പതിനെട്ട് വയസ്സ് തികഞ്ഞത് എന്റെ മകളുടെ ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമായിരുന്നു. നിയമപരമായി പ്രായപൂർത്തിയായ അവൾക്ക് ഇനി ഭാവി തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശമുണ്ട്. ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ഉടൻ തന്നെ അവൾ ജീവിതത്തിൽ പുതിയ മേഖലകളിലേക്കു കടക്കും. ഈ മാറ്റം അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള ബോധം എന്നിൽ ഉളവാക്കി-അവൾ സ്വന്തമായി ലോകത്തെ അഭിമുഖീകരിക്കാൻ ഇറങ്ങിത്തിരിക്കും മുമ്പ് ഞങ്ങൾക്ക് ഒരുമിച്ചു ലഭിക്കുന്ന ഹ്രസ്വമായ സമയംകൊണ്ട് അവൾക്കാവശ്യമായ ജ്ഞാനം – സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണം, ലോകത്തിൽ നേരിടുന്ന പ്രശ്‌നങ്ങളിൽ എങ്ങനെ ജാഗ്രത പാലിക്കണം, നല്ല തീരുമാനങ്ങൾ എടുക്കേണ്ടതെങ്ങനെ തുടങ്ങിയവ – പകർന്നുനൽകേണ്ടതുണ്ട്.
എന്റെ മകളെ അവളുടെ ജീവിതം കൈകാര്യം ചെയ്യാൻ സജ്ജയാക്കാനുള്ള എന്റെ കർത്തവ്യബോധം മനസ്സിലാക്കാവുന്നതേയുള്ളൂ. എല്ലാറ്റിനുമുപരി, ഞാൻ അവളെ സ്‌നേഹിക്കുകയും അവൾ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ, എനിക്ക് ഒരു പ്രധാന റോൾ ഉണ്ടെന്നതു ശരിയാണെങ്കിലും അത് എന്റെ മാത്രം ജോലി ആയിരുന്നില്ല-അല്ലെങ്കിൽ പ്രാഥമികമായി പോലും എന്റെ ജോലിയായിരുന്നില്ല. തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ വാക്കുകളിൽ – വിശ്വാസത്തിൽ തന്റെ മക്കൾ എന്ന് അവൻ കരുതുകയും യേശുവിനെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്ത ഒരു കൂട്ടം ആളുകൾ – പരസ്പരം സഹായിക്കാൻ അവൻ അവരെ പ്രേരിപ്പിച്ചു (1 തെസ്സലൊനീക്യർ 5:14-15), എങ്കിലും ആത്യന്തികമായി അവൻ അവരുടെ വളർച്ചയ്ക്കായി അവൻ ദൈവത്തെ വിശ്വസിച്ചു. ദൈവം തന്നേ അവരെ “മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ” (വാക്യം 23) എന്ന് അവൻ ഏല്പിച്ചുകൊടുത്തു.
അവരുടെ ആത്മാവിനെയും പ്രാണനെയും ദേഹത്തെയും യേശുവിന്റെ മടങ്ങിവരവിനായി ഒരുക്കുക എന്ന, തനിക്കു ചെയ്യാൻ കഴിയാത്ത കാര്യം ചെയ്യുന്നതിനായി പൗലൊസ് ദൈവത്തിലാശ്രയിച്ചു (വാക്യം 23). തെസ്സലൊനീക്യർക്കുള്ള അവന്റെ ലേഖനങ്ങളിൽ ധാരാളം നിർദ്ദേശങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവരുടെ ക്ഷേമത്തിനും ഒരുക്കത്തിനും വേണ്ടിയുള്ള ദൈവത്തിലുള്ള അവന്റെ ആശ്രയം നമ്മെ പഠിപ്പിക്കുന്നത്, നാം പരിപാലിക്കുന്നവരുടെ ജീവിതത്തിന്റെ വളർച്ച ആത്യന്തികമായി ദൈവത്തിന്റെ കരങ്ങളിലാണെന്നാണ് (1 കൊരിന്ത്യർ 3:6).
അവനിൽ വളരാൻ ദൈവം നിങ്ങളെ സഹായിക്കുന്നത് നിങ്ങൾ എങ്ങനെയാണ് നിരീക്ഷിച്ചിട്ടുള്ളത്? ആരുടെ വളർച്ചയാണ് നിങ്ങൾ അവനെ ഏൽപ്പിക്കേണ്ടത്?
പിതാവേ, എന്റെ ആത്മീയ വളർച്ചയുടെ തുടക്കക്കാരനും പൂർത്തിയാക്കുന്നവനും ആയതിന് അങ്ങേയ്ക്കു നന്ദി. ആ നല്ല പ്രവൃത്തിക്കായി അങ്ങയെ വിശ്വസിക്കാൻ എന്നെ സഹായിക്കണമേ.