ഒരു ഉദ്യോഗസ്ഥൻ എന്നെ പരിശോധിച്ചനന്തരം, ഞാൻ കൗണ്ടി ജയിലിൽ കയറി സന്ദർശക രേഖയിൽ ഒപ്പിട്ടു, തിരക്കേറിയ ലോബിയിൽ കാത്തിരുന്നു. കൊച്ചുകുട്ടികൾ കാത്തിരിപ്പിനെക്കുറിച്ച് പരാതി പറയുകയും മുതിർന്നവർ വിറകൊള്ളുകയും നെടുവീർപ്പിടുകയും ചെയ്യുന്നതും നോക്കി ഞാൻ നിശബ്ദമായി പ്രാർത്ഥിച്ചു. ഒരു മണിക്കൂറിനു ശേഷം, ഒരു സായുധ ഗാർഡ് എന്റേതുൾപ്പെടെ പേരുകൾ വിളിച്ചു. അദ്ദേഹം എന്റെ സംഘത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി, ഞങ്ങൾക്ക് നിശ്ചയിച്ചിരുന്ന കസേരകൾക്കുനേരെ ആംഗ്യം കാണിച്ചു. കട്ടികൂടിയ ചില്ലു ജനലിന്റെ മറുവശത്തെ കസേരയിലിരുന്ന് എന്റെ ഭർത്താവിന്റെ മുൻ ഭാര്യയിലെ മകൻ ടെലിഫോൺ റിസീവർ എടുത്തപ്പോൾ എന്റെ നിസ്സഹായതയുടെ ആഴം എന്നെ കീഴടക്കി. എന്നാൽ ഞാൻ കരയുമ്പോൾ, എന്റെ മകൻ ഇപ്പോഴും തന്റെ കൈയെത്തും ദൂരത്ത് തന്നെയുണ്ടെന്ന് ദൈവം എനിക്ക് ഉറപ്പുനൽകി.
139-ാം സങ്കീർത്തനത്തിൽ, ദാവീദ് ദൈവത്തോട് പറയുന്നു: “നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; … എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു” (വാ. 1-3). സർവ്വജ്ഞാനിയായ ദൈവത്തെക്കുറിച്ചുള്ള അവന്റെ പ്രഖ്യാപനം അവന്റെ അടുപ്പവും സംരക്ഷണവും ആഘോഷിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു (വാ. 5). ദൈവത്തിന്റെ അറിവിന്റെ വിശാലതയിലും അവന്റെ വ്യക്തിപരമായ സ്പർശനത്തിന്റെ ആഴത്തിലും മതിമറന്ന ദാവീദ് ആലങ്കാരിക ഭാഷയിൽ രണ്ട് ചോദ്യങ്ങൾ ചോദിക്കുന്നു: ”നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?” (വാ. 7).
നാമോ നമ്മുടെ പ്രിയപ്പെട്ടവരോ, നമ്മെ നിരാശരും നിസ്സഹായരുമാക്കുന്ന സാഹചര്യങ്ങളിൽ അകപ്പെടുമ്പോൾ, ദൈവത്തിന്റെ കരം ശക്തവും സുസ്ഥിരവുമായി നിലകൊള്ളുന്നു. അവന്റെ സ്നേഹപൂർവ്വമായ വീണ്ടെടുപ്പിനായി നാം വളരെ ദൂരം സഞ്ചരിച്ചുവെന്ന് നാം ചിന്തിക്കുമ്പോഴും, നാം എപ്പോഴും അവന്റെ കൈയെത്തും ദൂരത്തു തന്നെയാണ്.
ദൈവത്തിന്റെ വിപുലമായ സാന്നിധ്യത്തിന്റെ വിശാലത അറിയുന്നത് നിങ്ങളുടെ വിശ്വാസത്തെ എങ്ങനെയാണ് സ്വാധീനിച്ചത്? നിങ്ങൾക്ക് നിരാശയും നിസ്സഹായതയും തോന്നിയ ഒരു സമയത്ത് അവൻ നിങ്ങളെ എങ്ങനെയാണ് ആശ്വസിപ്പിച്ചത്?
സ്നേഹവാനായ ദൈവമേ, എന്നിലേക്കും എന്റെ പ്രിയപ്പെട്ടവരിലേക്കും എത്തിച്ചേരാൻ അങ്ങ് എപ്പോഴും സന്നദ്ധനും കഴിവുമുള്ളവനാണെന്ന് ഓർക്കാൻ എന്നെ സഹായിക്കണമേ.