ഞാൻ ചില പഴയ കവറുകൾ തപ്പുമ്പോൾ ”എനിക്ക് ഒരു നേത്ര പരിശോധന നടത്തി” എന്നെഴുതിയ ഒരു സ്റ്റിക്കർ കണ്ടപ്പോൾ ഓർമ്മകൾ എന്നിലേക്ക് ഇരമ്പിയെത്തി. തുള്ളിമരുന്നുകൾ കണ്ണിലുണ്ടാക്കുന്ന എരിച്ചിൽ സഹിച്ച് നാല് വയസ്സുള്ള മകൻ അഭിമാനത്തോടെ ഈ സ്റ്റിക്കർ ഷർട്ടിൽ പതിച്ചു നടക്കുന്നത് ഞാൻ എന്റെ മനസ്സിൽ കണ്ടു. ഒരു കണ്ണിന്റെ ദുർബലമായ പേശികൾ കാരണം, അവന് ദിവസവും മണിക്കൂറുകളോളം തന്റെ ആരോഗ്യമുള്ള കണ്ണിനു മുകളിൽ ഒരു പാച്ച് ധരിക്കേണ്ടി വന്നു-ദുർബലമായ കണ്ണ് ശക്തിപ്പെടുന്നതിനുവേണ്ടിയായിരുന്നു അങ്ങനെ ചെയ്തിരുന്നത്. അവന് ശസ്ത്രക്രിയയും ആവശ്യമായി വന്നു. അവൻ ഈ വെല്ലുവിളികളെ ഒന്നൊന്നായി നേരിട്ടു, ആശ്വാസത്തിനായി അവന്റെ മാതാപിതാക്കളെന്ന നിലയിൽ ഞങ്ങളെ നോക്കുകയും ശിശുസമാന വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്തു. ഈ വെല്ലുവിളികളിലൂടെ അവൻ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തു.

പരിശോധനകളും കഷ്ടതകളും സഹിക്കുന്ന ആളുകൾ പലപ്പോഴും ആ അനുഭവങ്ങളാൽ രൂപാന്തരപ്പെടുന്നു. എന്നാൽ അപ്പൊസ്തലനായ പൗലൊസ് കൂടുതൽ മുന്നോട്ട് പോയി ”നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു” എന്നു പ്രഖ്യാപിച്ചു. കാരണം അവയിലൂടെ നാം സ്ഥിരോത്സാഹം വളർത്തിയെടുക്കുന്നു. സ്ഥിരോത്സാഹത്തോടൊപ്പം സ്വഭാവം വരുന്നു; സ്വഭാവം പ്രത്യാശയെ ഉളവാക്കുന്നു (റോമർ 5:3-4). പൗലൊസിന് തീർച്ചയായും പരിശോധനകൾ അറിയാമായിരുന്നു – കപ്പൽച്ചേതം മാത്രമല്ല, വിശ്വാസത്തിനുവേണ്ടിയുള്ള തടവും അവൻ അനുഭവിച്ചു. എന്നിട്ടും അവൻ റോമിലെ വിശ്വാസികൾക്ക് എഴുതി, “പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്‌നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ” (വാ. 5). നാം യേശുവിൽ ആശ്രയിക്കുമ്പോൾ ദൈവാത്മാവ് നമ്മുടെ പ്രത്യാശയെ നിലനിർത്തുന്നുവെന്ന് അപ്പൊസ്തലൻ തിരിച്ചറിഞ്ഞു.

നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും, ദൈവം തന്റെ കൃപയും കരുണയും നിങ്ങളുടെ മേൽ ചൊരിയുമെന്ന് അറിയുക. അവൻ നിന്നെ സ്‌നേഹിക്കുന്നു.