അധ്യാപക ജോലിയിൽനിന്നു വിരമിച്ച ഡെബ്ബി സ്റ്റീഫൻസ് ബ്രൗഡർ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ചു കഴിയുന്നത്ര ആളുകൾക്കു ബോധവൽകരണം നടത്താനുള്ള ഒരു ദൗത്യത്തിലാണ്. കാരണം? ചൂട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മരണകാരണങ്ങളിൽ ഒന്നാം സ്ഥാനത്താണ് അമേരിക്കയിലെ കടുത്ത ചൂട്. മറുപടിയായി അവൾ പറയുന്നു, “ഞാൻ മരങ്ങളിൽ നിന്നാണ് തുടങ്ങുന്നത്.” മരങ്ങൾ നൽകുന്ന താപ സംരക്ഷണത്തിന്റെ മേലാപ്പ് സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമാണ്. ”ഇത് ജീവന്മരണ പ്രശ്‌നം ആണ്. ഇത് സമൂഹത്തെ കേവലം സുന്ദരമാക്കാനുള്ള ശ്രമമല്ല.”

തണൽ കേവലം ഉന്മേഷദായകം മാത്രമല്ല, മറിച്ച് ജീവൻ രക്ഷാ ഉപാധികൂടിയാണ് എന്ന വസ്തുത സങ്കീർത്തനം 121 എഴുതിയ സങ്കീർത്തനക്കാരന് നന്നായി അറിയാമായിരുന്നു; മധ്യപൂർവ്വദേശത്ത്, സൂര്യാഘാതത്തിനുള്ള സാധ്യത സ്ഥിരമായി നില്ക്കുന്നു. ഈ യാഥാർത്ഥ്യം, ദൈവം നമ്മുടെ ഉറപ്പായ സുരക്ഷിതസ്ഥാനമാണെന്നുള്ള വ്യക്തമായ വിവരണത്തിന് ആഴം വർദ്ധിപ്പിക്കുന്നു – കാരണം അവന്റെ സംരക്ഷണയിൽ ”പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല” (വാ. 6). 

യേശുവിൽ വിശ്വസിക്കുന്നവർ ഈ ജീവിതത്തിലെ വേദനയിൽ നിന്നോ നഷ്ടത്തിൽ നിന്നോ സ്വാഭാവിക പ്രതിരോധം ഉണ്ടെന്നോ അല്ലെങ്കിൽ ചൂട് അപകടകരമാകയില്ല എന്നോ ഇത് അർത്ഥമാക്കുന്നില്ല. “ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്” (യോഹന്നാൻ 16:33) എന്നു ക്രിസ്തു നമ്മോടു പറഞ്ഞിട്ടുമുണ്ട്. എന്നാൽ നമ്മുടെ തണലായി ദൈവത്തെ ചിത്രീകരിക്കുന്ന ഈ സാദൃശ്യം, നമ്മുടെ വഴി എന്തുതന്നെയായാലും, നമ്മുടെ ജീവിതത്തെ അവൻ ജാഗ്രതയോടെ പരിപാലിക്കുന്നു എന്നു നമുക്ക് ഉറപ്പുനൽകുന്നു (സങ്കീർത്തനം 121:7-8). അവന്റെ സ്‌നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ യാതൊന്നിനും കഴിയില്ലെന്നറിഞ്ഞുകൊണ്ട് അവനിൽ വിശ്വസിക്കുന്നതിലൂടെ നമുക്ക് അവിടെ വിശ്രമം കണ്ടെത്താനാകും (യോഹന്നാൻ 10:28; റോമർ 8:39).