ആഗോള മഹാമാരിയുടെ സമയത്ത് ഞങ്ങളുടെ കുടുംബം ക്വാറന്റൈനിൽ കഴിയുമ്പോൾ, ഞങ്ങൾ ഒരു അഭിലാഷ പദ്ധതി ഏറ്റെടുത്തു-പതിനെണ്ണായിരം കഷണങ്ങളുള്ള ഒരു വിഷമപ്രശ്‌നം! മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ അതിൽ പ്രവർത്തിച്ചെങ്കിലും, ഞങ്ങൾ കാര്യമായ പുരോഗതി കൈവരിക്കുന്നില്ലെന്ന് പലപ്പോഴും ഞങ്ങൾക്ക് തോന്നി. ഞങ്ങൾ ആരംഭിച്ച് അഞ്ച് മാസത്തിനു ശേഷം, ഞങ്ങളുടെ ഡൈനിംഗ് റൂമിന്റെ തറയിൽ ഒമ്പത് x ആറ് അടി വലിപ്പമുള്ള ചിത്രത്തിന്റെ അവസാന ഭാഗം ചേർത്തത് ഞങ്ങൾ ആഘോഷിച്ചു.

ചിലപ്പോൾ എന്റെ ജീവിതം ഒരു ഭീമാകാരമായ പ്രഹേളിക പോലെ തോന്നും-പല കഷണങ്ങൾ സ്ഥലത്തുണ്ട്, പക്ഷേ കുറേയധികം കാര്യങ്ങൾ ഇപ്പോഴും തറയിൽ കുന്നുകൂടി കിടക്കുന്നു. എന്നെ കൂടുതൽ കൂടുതൽ യേശുവിനെപ്പോലെ ആക്കി മാറ്റാൻ ദൈവം പ്രവർത്തിക്കുകയാണെന്ന് എനിക്കറിയാം, ചിലപ്പോൾ പുരോഗതി കാണുന്നത് തന്നെ ബുദ്ധിമുട്ടായിരിക്കും.

ഫിലിപ്പിയർ ചെയ്യുന്ന നല്ല പ്രവൃത്തികൾ നിമിത്തം സന്തോഷത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പൗലൊസ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ പറഞ്ഞപ്പോൾ അവൻ നൽകിയ പ്രോത്സാഹനത്തിൽ ഞാൻ വളരെയധികം ആശ്വാസം പ്രാപിച്ചു (1:3-4). എന്നാൽ അവന്റെ വിശ്വാസം അവരുടെ കഴിവുകളിലല്ല, മറിച്ച് ദൈവത്തിലാണ്: അവരിൽ ”നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ . . . അതിനെ തികെക്കും” (വാ. 6).

നമ്മിൽ തന്റെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഒരു പ്രഹേളിക പോലെ, ഇപ്പോഴും നമ്മുടെ ശ്രദ്ധ ആവശ്യമുള്ള കഷണങ്ങൾ ഉണ്ടായേക്കാം, കൂടാതെ നമ്മൾ വളരെയധികം പുരോഗതി കൈവരിക്കാത്ത സമയങ്ങളുമുണ്ട്. എന്നാൽ നമ്മുടെ വിശ്വസ്തനായ ദൈവം ഇപ്പോഴും കഷണങ്ങൾ ഒന്നിച്ചു ചേർക്കുന്നുവെന്ന് നമുക്ക് ഉറപ്പായി വിശ്വസിക്കാൻ കഴിയും.