ഞാൻ ജനിച്ചുവളർന്ന, അമേരിക്കയിലെ ടെക്‌സാസിൽ എല്ലാ ജൂൺ 19 നും കറുത്തവർഗ്ഗക്കാരുടെ ഉത്സവ പരേഡുകളും പിക്‌നിക്കുകളും ഉണ്ടായിരുന്നു. കൗമാരപ്രായത്തിലെത്തിയ ശേഷമാണ് ഞാൻ ജൂൺറ്റീന്തിന്റെ (‘ജൂൺ,”നൈന്റ്‌റീൻത് എന്നീ വാക്കുകളുടെ സംയുക്തം) ഹൃദയഭേദകമായ പ്രാധാന്യം മനസ്സിലാക്കിയത്. അമേരിക്കയിലെ അടിമകളായ ആളുകൾക്ക് സ്വാതന്ത്ര്യം നൽകിക്കൊണ്ട് രണ്ടര വർഷം മുമ്പ് പ്രസിഡന്റ് എബ്രഹാം ലിങ്കൺ വിമോചന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതായി1865 ൽ ടെക്‌സാസിലെ ആളുകൾ അറിഞ്ഞ ദിവസമാണത്. ആ രണ്ടര വർഷവും ടെക്‌സാസിലെ അടിമകളായ ആളുകൾ അടിമത്തത്തിൽ ജീവിച്ചു, കാരണം അവർ മോചിപ്പിക്കപ്പെട്ടുവെന്ന് അവർക്കറിയില്ലായിരുന്നു.

സ്വതന്ത്രരാകാനും അടിമകളായി ജീവിക്കാനും സാധിക്കും. ഗലാത്യലേഖനത്തിൽ, പൗലൊസ് മറ്റൊരു തരത്തിലുള്ള അടിമത്തത്തെക്കുറിച്ച് എഴുതി: മതനിയമങ്ങളുടെ കർക്കശമായ ആവശ്യങ്ങൾക്ക് കീഴിലുള്ള ജീവിതം. ഈ സുപ്രധാന വാക്യത്തിൽ, പൗലൊസ് തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചു, “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു” (ഗലാത്യർ 5:1). എന്തു ഭക്ഷിക്കണം, ആരുമായി സൗഹൃദം പുലർത്തണം എന്നതുൾപ്പെടെയുള്ള ബാഹ്യ നിയന്ത്രണങ്ങളിൽ നിന്ന് യേശുവിലുള്ള വിശ്വാസികൾ സ്വതന്ത്രരായിരുന്നു. എന്നിരുന്നാലും, പലരും ഇപ്പോഴും അടിമകളെപ്പോലെ ജീവിച്ചു.

നിർഭാഗ്യവശാൽ, ഇന്ന് നമുക്ക് അതേ കാര്യം ചെയ്യാൻ കഴിയും. എന്നാൽ നാം അവനിൽ ആശ്രയിച്ച നിമിഷം തന്നെ മനുഷ്യനിർമ്മിത മതപരമായ മാനദണ്ഡങ്ങളെ ഭയന്ന് ജീവിക്കുന്നതിൽ നിന്ന് യേശു നമ്മെ സ്വതന്ത്രരാക്കി എന്നതാണ് യാഥാർത്ഥ്യം. യേശു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു. അവന്റെ ശക്തിയിൽ നമുക്ക് ജീവിക്കാം.