വടക്കേ അമേരിക്കയിലെ ശക്തമായ മിസ്സിസിപ്പി നദിയുടെ ഒഴുക്കിനെ ചുഴലിക്കാറ്റ് ഗതിമാറ്റിയപ്പോൾ അസാധ്യമെന്നു തോന്നുന്ന കാര്യം സംഭവിച്ചു. 2021 ഓഗസ്റ്റിൽ, ഐഡ ചുഴലിക്കാറ്റ് ലൂസിയാന തീരത്ത് എത്തി, അതിശയിപ്പിക്കുന്ന ഫലം ‘നെഗറ്റീവ് ഫ്ളോ’ ആയിരുന്നു, അതായത് വെള്ളം യഥാർത്ഥത്തിൽ മണിക്കൂറുകളോളം മുകളിലേക്ക് ഒഴുകി.
ഒരു ചുഴലിക്കാറ്റിന് അതിന്റെ ജീവിതചക്രത്തിൽ പതിനായിരം ന്യൂക്ലിയർബോംബുകൾക്ക് തുല്യമായ ഊർജ്ജം ചെലവഴിക്കാൻ കഴിയുമെന്ന് വിദഗ്ധർ കണക്കാക്കുന്നു! ഒഴുകുന്ന വെള്ളത്തിന്റെ ഗതി മാറ്റുന്നതിനുള്ള അത്തരം അവിശ്വസനീയമായ ശക്തി, പുറപ്പാടിൽ രേഖപ്പെടുത്തിയിരിക്കുന്ന കൂടുതൽ പ്രാധാന്യമുള്ള “നെഗറ്റീവ് ഫ്ളോ” യോടുള്ള യിസ്രായേല്യരുടെ പ്രതികരണം മനസ്സിലാക്കാൻ എന്നെ സഹായിക്കുന്നു.
നൂറ്റാണ്ടുകളായി തങ്ങളെ അടിമകളാക്കിയ ഈജിപ്തുകാരിൽ നിന്ന് പലായനം ചെയ്യുമ്പോൾ, യിസ്രായേല്യർ ചെങ്കടലിന്റെ അരികിലെത്തി. അവരുടെ മുന്നിൽ വിശാലമായ ജലാശയവും പിന്നിൽ ആയുധധാരികളായ ഈജിപ്ഷ്യൻ സൈന്യവും ഉണ്ടായിരുന്നു. അസാധ്യമെന്നു തോന്നുന്ന ആ സാഹചര്യത്തിൽ, ‘യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; …യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി” (പുറപ്പാട് 14:21-22). അവിശ്വസനീയമായ ശക്തിപ്രകടനത്തിലൂടെ രക്ഷനേടിയ, “ജനം ഹോവയെ ഭയപ്പെട്ടു” (വാ. 31).
ദൈവത്തിന്റെ ശക്തിയുടെ അപാരത അനുഭവിച്ചറിയുമ്പോൾ ഭയത്തോടെ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ അത് അവിടെ അവസാനിച്ചില്ല; യിസ്രായേല്യർ അവനിൽ “വിശ്വസിച്ചു” (വാ. 31).
സൃഷ്ടിയിൽ ദൈവത്തിന്റെ ശക്തി അനുഭവിക്കുമ്പോൾ, നമുക്കും അവന്റെ ശക്തിയുടെ മുമ്പിൽ ഭയഭക്തിയോടെ നിൽക്കാനും അവനിൽ ആശ്രയിക്കാനും കഴിയും.
സൃഷ്ടിയിൽ ദൈവത്തിന്റെ ശക്തിയുടെ ഒരു പ്രകടനം നിങ്ങൾ എപ്പോഴാണ് അനുഭവിച്ചത്? അതെങ്ങനെ അവനിലുള്ള വലിയ വിശ്വാസത്തിലേക്ക് നയിച്ചു?
സ്രഷ്ടാവായ ദൈവമേ, അങ്ങയുടെ ശക്തിയുടെ വിസ്മയകരമായ പ്രകടനങ്ങൾ കാണുമ്പോൾ അങ്ങയെ കൂടുതൽ വിശ്വസിക്കാൻ എന്നെ സഹായിക്കണമേ.