ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് ഞങ്ങളുടെ വീട്ടിൽ വൈദ്യുതി പോയി. (ഞങ്ങളുടെ നാട്ടിൽ ഇതു പതിവാണ്). മുറിയിൽ കയറിയപ്പോൾ ഞാൻ സാധാരണ ചെയ്യുന്നതുപോലെ സ്വിച്ചിട്ടു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഞാൻ അപ്പോഴും ഇരുട്ടിൽ തന്നെയായിരുന്നു.
ആ അനുഭവം – വൈദ്യുത സ്രോതസ്സുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞിട്ടും വെളിച്ചം പ്രതീക്ഷിച്ചത് – ഒരു ആത്മീയ സത്യത്തെ സ്പഷ്ടമായി ഓർമ്മിപ്പിച്ചു. ആത്മാവിൽ ആശ്രയിക്കുന്നതിൽ പരാജയപ്പെടുമ്പോൾ പോലും നാം പലപ്പോഴും ശക്തി പ്രതീക്ഷിക്കുന്നു.
1 തെസ്സലൊനീക്യരിൽ, “സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടുംകൂടെ” (1:5) അവരിലെത്താൻ ദൈവം ഇടയാക്കിയ വിധത്തെക്കുറിച്ച് പൗലൊസ് എഴുതി. നാം ദൈവത്തിന്റെ പാപക്ഷമ സ്വീകരിക്കുമ്പോൾ, വിശ്വാസികൾക്ക് തങ്ങളുടെ ജീവിതത്തിലുള്ള അവന്റെ ആത്മാവിന്റെ ശക്തിയിലേക്ക് ഉടനടി പ്രവേശനം ലഭിക്കും. ആ ശക്തി നമ്മിൽ സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ തുടങ്ങിയ സ്വഭാവസവിശേഷതകൾ നട്ടുവളർത്തുന്നു (ഗലാത്യർ 5:22-23), പഠിപ്പിക്കൽ, സഹായിക്കൽ, മാർഗ്ഗദർശനം എന്നിവയുൾപ്പെടെ സഭയെ സേവിക്കുന്നതിനുള്ള വരങ്ങൾ നൽകിക്കൊണ്ട് അവൻ നമ്മെ ശക്തിപ്പെടുത്തുന്നു (1 കൊരിന്ത്യർ 12:28).
“ആത്മാവിനെ കെടുക്കാൻ” കഴിയുമെന്ന് പൗലൊസ് തന്റെ വായനക്കാർക്ക് മുന്നറിയിപ്പ് നൽകി (1 തെസ്സലൊനീക്യർ 5:19). ദൈവത്തിന്റെ സാന്നിധ്യത്തെ അവഗണിക്കുകയോ അവൻ വരുത്തുന്ന ബോധ്യങ്ങളെ (യോഹന്നാൻ 16:8) നിരസിക്കുകയോ ചെയ്തുകൊണ്ട് നമുക്ക് ആത്മാവിന്റെ ശക്തിയെ നിയന്ത്രിക്കാൻ കഴിയും. എന്നാൽ അവനുമായി ബന്ധം വേർപെടുത്തി നാം ജീവിക്കേണ്ട കാര്യമില്ല. ദൈവത്തിന്റെ ശക്തി അവന്റെ മക്കൾക്ക് എപ്പോഴും ലഭ്യമാണ്.
എപ്പോഴാണ് ആത്മാവിന്റെ ശക്തി പരിമിതമാണെന്ന് നിങ്ങൾക്ക് തോന്നിയിട്ടുള്ളത്? ദൈവത്തിന്റെ ആത്മാവിന്റെ ശക്തി നിങ്ങൾ എങ്ങനെയാണ് അനുഭവിച്ചിട്ടുള്ളത്?
സർവ്വശക്തനായ ദൈവമേ, അങ്ങയുടെ ആത്മാവിന്റെ ശക്തി എന്റെ ജീവിതത്തിൽ അനുഭവിക്കാൻ എന്നെ സഹായിക്കേണമേ.