ചാരനിറത്തിലുള്ള പശ്ചാത്തലത്തിൽ ഒരു ബൂട്ട് പതിഞ്ഞ അടയാളത്തിന്റെ ഫോട്ടോ വളരെ പ്രസിദ്ധമാണ്. 1969-ൽ ബഹിരാകാശയാത്രികനായ ബസ് ആൽഡ്രിൻ ചന്ദ്രനിൽ അവശേഷിപ്പിച്ച കാൽപ്പാടാണിത്. ഇത്രയും വർഷങ്ങൾക്ക് ശേഷവും മാറ്റമില്ലാതെ ആ കാൽപ്പാടുകൾ അവിടെയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കാറ്റോ വെള്ളമോ ഇല്ലാത്തതിനാൽ ചന്ദ്രനിലെ യാതൊന്നും ഇല്ലാതാകില്ല, അതിനാൽ ചന്ദ്ര ഭൂപ്രകൃതിയിൽ സംഭവിക്കുന്നത് അവിടെത്തന്നെ നിലനിൽക്കും.

ദൈവത്തിന്റെ തന്നെ നിരന്തരമായ സാന്നിധ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് അതിലും ഗംഭീരമാണ്. യാക്കോബ് എഴുതുന്നു, “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല” (യാക്കോബ് 1:17). നമ്മുടെ സ്വന്തം പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ അപ്പൊസ്തലൻ ഇത് പ്രതിപാദിക്കുന്നു: “നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ … അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ” (വാ. 2,3). എന്തുകൊണ്ട്? കാരണം, വലിയവനും മാറ്റമില്ലാത്തവനുമായ ഒരു ദൈവം നമ്മെ സ്‌നേഹിക്കുന്നു!

കഷ്ടകാലങ്ങളിൽ, ദൈവത്തിന്റെ നിരന്തരമായ കരുതൽ നാം ഓർക്കേണ്ടതുണ്ട്. “നിന്റെ വിശ്വസ്തത മഹത്തരമാണ്” എന്ന മഹത്തായ സ്തുതിഗീതത്തിലെ വാക്കുകൾ നമുക്ക് ഓർമ്മിക്കാം: “നിന്നിൽ ഗതിഭേദത്താലുള്ള ആച്ഛാദനം ഇല്ല; / നീ മാറുന്നില്ല, നിന്റെ കരുണ, അവ പരാജയപ്പെടുന്നില്ല; / നീ എങ്ങനെയായിരുന്നോ അതുപോലെ തന്നെ എന്നേക്കും ആയിരിക്കും.” അതെ, നമ്മുടെ ദൈവം തന്റെ ശാശ്വതമായ കാൽപ്പാടുകൾ നമ്മുടെ ലോകത്തിൽ അവശേഷിപ്പിച്ചിരിക്കുന്നു. അവൻ എപ്പോഴും നമുക്കൊപ്പം ഉണ്ടാകും. അവന്റെ വിശ്വസ്തത വലുതാണ്.