“മികച്ച ആൾമാറാട്ടക്കാരൻ” ഇൻഡോനേഷ്യയിലെ കടലിലും ഗ്രേറ്റ് ബാരിയർ റീഫിലും താമസിക്കുന്നു. മറ്റ് നീരാളികളെപ്പോലെ മിമിക് ഒക്ടോപസിനും അതിന്റെ ചർമ്മത്തിന്റെ നിറത്തെ ചുറ്റുപാടുകൾക്കനുയോജ്യമായി മാറ്റാൻ കഴിയും. ശക്തമായ ഭീഷണി ഉയരുമ്പോൾ അതിന്റെ ആകൃതിയിലും ചലനരീതിയിലും സ്വഭാവത്തിലും മാറ്റം വരുത്തി വിഷമുള്ള ലയൺഫിഷ്, മാരകമായ കടൽപാമ്പുകൾ എന്നിവയെപ്പോലും അനുകരിക്കുവാൻ ഇവയ്ക്കു കഴിയും.

മിമിക് ഒക്ടോപസിൽ നിന്ന് വ്യത്യസ്തമായി, യേശുവിൽ വിശ്വസിക്കുന്നവർ തങ്ങളുടെ ചുറ്റുമുള്ള ലോകത്ത് വേറിട്ടുനിൽക്കാൻ ഉദ്ദേശിക്കപ്പെട്ടവരാണ്. നമ്മോട് വിയോജിക്കുന്നവരിൽ നിന്ന് നമുക്ക് ഭീഷണി തോന്നിയേക്കാം, ക്രിസ്തുവിന്റെ അനുയായികളായി തോന്നാത്ത രീതിയിൽ ലോകത്തോട് അനുരൂപപ്പെടാൻ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. എന്നിരുന്നാലും, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും യേശുവിനെ പ്രതിനിധീകരിക്കുന്ന “ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി” (റോമർ 12:1) യാഗമായി നമ്മുടെ ശരീരങ്ങളെ അർപ്പിക്കാൻ അപ്പൊസ്തലനായ പൗലൊസ് നമ്മെ പ്രേരിപ്പിക്കുന്നു.

സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ “ഈ ലോകത്തിന് അനുരൂപരാകാൻ” (വാ. 2) നമ്മെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചേക്കാം. എന്നാൽ ദൈവമക്കളാണ് നാം എന്ന് പറയുന്നതിനൊപ്പം അതിനനുസരണമായി ജീവിച്ചുകൊണ്ടും നമ്മൾ ആരെയാണ് സേവിക്കുന്നതെന്ന് കാണിക്കാൻ നമുക്കു കഴിയും. നാം തിരുവെഴുത്തുകൾ അനുസരിക്കുകയും അവന്റെ സ്‌നേഹനിർഭരമായ സ്വഭാവം പ്രതിഫലിപ്പിക്കുകയും ചെയ്യുമ്പോൾ, അനുസരണത്തിന്റെ പ്രതിഫലം എല്ലായ്‌പ്പോഴും ഏതൊരു നഷ്ടത്തേക്കാളും വലുതാണെന്ന് നമ്മുടെ ജീവിതത്തിലൂടെ തെളിയിക്കാനാകും. ഇന്ന് നിങ്ങൾ യേശുവിനെ എങ്ങനെ അനുകരിക്കും?