പിന്നീട് പശ്ചാത്തപിക്കേണ്ടവിധം ദേഷ്യത്തിൽ നിങ്ങൾ എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകൻ മയക്കുമരുന്നിന് അടിമപ്പെട്ടപ്പോൾ, അവന്റെ തിരഞ്ഞെടുപ്പിനോട് പ്രതികരിച്ചുകൊണ്ട് ഞാൻ ചില പരുഷമായ കാര്യങ്ങൾ പറഞ്ഞു. എന്റെ ദേഷ്യം അവനെ കൂടുതൽ തളർത്തി. എന്നാൽ ഒടുവിൽ അവനോട് ജീവനും പ്രത്യാശയും സംസാരിക്കുന്ന വിശ്വാസികളെ അവൻ കണ്ടുമുട്ടി, കാലക്രമേണ അവൻ അതിൽനിന്നു സ്വതന്ത്രനായി.
വിശ്വാസത്തിനു മാതൃകയായ മോശെയെപ്പോലെയുള്ള ഒരാൾ പോലും പിന്നീട് പശ്ചാത്തപിച്ചു. യിസ്രായേൽമക്കൾ മരുഭൂമിയിൽ വച്ച് വെള്ളം കിട്ടാതായപ്പോൾ കഠിനമായി പിറുപിറുത്തു. അതുകൊണ്ട് ദൈവം മോശെയ്ക്കും അഹരോനും പ്രത്യേക നിർദ്ദേശങ്ങൾ നൽകി: “അവർ കാൺകെ പാറയോടു കല്പിക്ക. എന്നാൽ അതു വെള്ളം തരും” (സംഖ്യ. 20:7). എന്നാൽ മോശെ കോപത്തോടെ പ്രതികരിച്ചു, ദൈവത്തിനു പകരം താനും അഹരോനും ഈ അത്ഭുതംചെയ്തതായി സൂചിപ്പിച്ചു: “മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ?” (വാ. 10). പിന്നെ അവൻ ദൈവത്തോട് നേരിട്ട് അനുസരണക്കേട് കാണിച്ചു: “കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു” (വാ. 11).
വെള്ളം ഒഴുകിയെത്തിയെങ്കിലും ദാരുണമായ പ്രത്യാഘാതങ്ങളുണ്ടായി. തന്റെ ജനത്തിന് വാഗ്ദത്തം ചെയ്ത ദേശത്ത് പ്രവേശിക്കാൻ മോശെയെയോ അഹരോനെയോ ദൈവം അനുവദിച്ചില്ല. എന്നാൽ അവൻ അപ്പോഴും കരുണയുള്ളവനായിരുന്നു, ദൂരെ നിന്ന് ദേശം കാണാൻ മോശെയെ അനുവദിച്ചു (27:12-13).
മോശെയോടെന്നപോലെ, അവനോടുള്ള അനുസരണക്കേടിന്റെ മരുഭൂമിയിൽ ദൈവം ഇപ്പോഴും കരുണാപൂർവം നമ്മെ കണ്ടുമുട്ടുന്നു. യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അവൻ ദയാപൂർവം നമുക്ക് ക്ഷമയും പ്രത്യാശയും നൽകുന്നു. നാം എവിടെയായിരുന്നാലും എന്ത് ചെയ്താലും, നാം അവനിലേക്ക് തിരിയുകയാണെങ്കിൽ, അവൻ നമ്മെ ജീവനിലേക്ക് നയിക്കും.
എന്ത് അനർഹമായ ദയയാണ് ദൈവം നിങ്ങളോട് കാണിച്ചിട്ടുള്ളത്? ഇന്ന് നിങ്ങൾക്ക് എങ്ങനെ അവന്റെ ദയ മറ്റൊരാളുമായി പങ്കിടാനാകും?
സ്നേഹവാനായ പിതാവേ, പ്രയാസകരമായ പ്രത്യാഘാതങ്ങൾക്കു നടുവിലും അങ്ങ് എനിക്ക് ശാശ്വതമായ പ്രത്യാശ നൽകിയതിന് നന്ദി.