ഓർവില്ലിനും വിൽബർ റൈറ്റിനും പൈലറ്റ് ലൈസൻസ് ഇല്ലായിരുന്നു. ഇരുവരും കോളേജിൽ പോയിട്ടില്ല. സ്വപ്‌നവും പറക്കാൻ ശ്രമിക്കാനുള്ള ധൈര്യവുമുള്ള സൈക്കിൾ മെക്കാനിക്കുകളായിരുന്നു അവർ. 1903 ഡിസംബർ 17-ന്, അവർ തങ്ങളുടെ റൈറ്റ് ഫ്‌ളൈയറിൽ നാല് പ്രാവശ്യം മാറിമാറി പറന്നു. ഏറ്റവും ദൈർഘ്യമേറിയത് ഒരു മിനിറ്റ് മാത്രം നീണ്ടുനിന്നതായിരുന്നു എങ്കിലും അതു നമ്മുടെ ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.

പത്രൊസിനോ യോഹന്നാനോ പ്രസംഗിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നു. രണ്ടുപേരും സെമിനാരിയിൽ പോയിട്ടില്ല. മത്സ്യത്തൊഴിലാളികളായിരുന്നു അവർ, എങ്കിലും യേശുവിന്റെ ആത്മാവിനാൽ നിറഞ്ഞു, ധൈര്യത്തോടെ സുവാർത്ത പ്രഖ്യാപിച്ചു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” (പ്രവൃത്തികൾ 4:12).

റൈറ്റ് സഹോദരന്മാരുടെ അയൽക്കാർ അവരുടെ നേട്ടത്തെ അന്നേരം അഭിനന്ദിച്ചില്ല. അവരുടെ ജന്മനാട്ടിലെ പത്രം അവരുടെ കഥ വിശ്വസിച്ചില്ല. അഥവാ ശരിയാണെങ്കിൽപ്പോലും, വിമാനങ്ങൾ വളരെ ഹ്രസ്വദൂരം മാത്രമേ പറന്നുള്ളു എന്നു പറഞ്ഞു. അവർ യഥാർത്ഥത്തിൽ എന്താണ് ചെയ്തതെന്ന് പൊതുജനങ്ങൾ തിരിച്ചറിയുന്നതിനും മുമ്പ് വിമാനങ്ങൾ പറപ്പിക്കാനും നവീകരിക്കാനും അവർക്ക് കുറച്ച് വർഷങ്ങൾ കൂടി വേണ്ടി വന്നു.

മതനേതാക്കന്മാർക്ക് പത്രൊസിനെയും യോഹന്നാനെയും ഇഷ്ടപ്പെട്ടില്ല, അവർ യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് നിർത്താൻ അവരോട് ആജ്ഞാപിച്ചു. പത്രൊസ് പറഞ്ഞു: ”ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല” (വാ. 20).

നിങ്ങൾ അംഗീകൃത പട്ടികയിൽ ഇല്ലായിരിക്കാം. ഒരുപക്ഷേ നിങ്ങൾ അങ്ങനെയുള്ളവരാൽ പരിഹസിക്കപ്പെട്ടേക്കാം. ഒരു പ്രശ്‌നവുമില്ല. നിങ്ങൾക്ക് യേശുവിന്റെ ആത്മാവുണ്ടെങ്കിൽ, അവനുവേണ്ടി ധൈര്യത്തോടെ ജീവിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്!