എന്റെ സുഹൃത്തിന്റെ കണ്ണുകൾ എന്റെ വികാരത്തെ വെളിപ്പെടുത്തി – ഭയം! ഞങ്ങൾ രണ്ട് കൗമാരക്കാർ മോശമായി പെരുമാറി, ഇപ്പോൾ ക്യാമ്പ് ഡയറക്ടറുടെ മുമ്പാകെ ഭയന്നു. ഞങ്ങളുടെ പിതാക്കന്മാരെ നന്നായി അറിയാവുന്ന ആ മനുഷ്യൻ, ഞങ്ങളുടെ പിതാക്കന്മാർ വല്ലാതെ നിരാശരാകുമെന്ന് സ്‌നേഹത്തോടെ എന്നാൽ ഗൗരവത്തോടെ ചൂണ്ടിക്കാണിച്ചു. മേശയ്ക്കടിയിൽ നുഴഞ്ഞുകയറാൻ ഞങ്ങൾ ആഗ്രഹിച്ചു – ഞങ്ങളുടെ കുറ്റത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തിന്റെ ഭാരം ഞങ്ങൾക്കനുഭവപ്പെട്ടു.

യെഹൂദായിലെ ജനങ്ങൾക്കായി ദൈവം സെഫന്യാവിന് ഒരു സന്ദേശം നൽകി, അതിൽ പാപത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ശക്തമായ വാക്കുകൾ അടങ്ങിയിരുന്നു (സെഫന്യാവ് 1:1, 6-7). യെഹൂദായുടെ ശത്രുക്കൾക്കെതിരെ അവൻ കൊണ്ടുവരുന്ന ന്യായവിധികൾ വിവരിച്ച ശേഷം (അദ്ധ്യായം 2), അവൻ തന്റെ കുറ്റക്കാരായ, ഞെരുങ്ങുന്ന ആളുകളിലേക്ക് കണ്ണുതിരിച്ചു (അദ്ധ്യായം 3). “മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന് അയ്യോ കഷ്ടം!” ദൈവം പ്രഖ്യാപിച്ചു (3:1). “അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികളൊക്കെയും ചെയ്തുപോന്നു” (വാ. 7).

അവൻ തന്റെ ജനത്തിന്റെ മരവിച്ച ഹൃദയങ്ങൾ – അവരുടെ ആത്മീയ നിസ്സംഗത, സാമൂഹിക അനീതി, വൃത്തികെട്ട അത്യാഗ്രഹം എന്നിവ – കണ്ട്, സ്‌നേഹപൂർവമായ അച്ചടക്കം കൊണ്ടുവരികയായിരുന്നു. വ്യക്തികളോ പ്രഭുക്കളോ, ന്യായാധിപന്മാരോ പ്രവാചകന്മാരോ (വാ. 3-4) എന്ന വ്യത്യാസമില്ലാതെ എല്ലാവരും അവന്റെ മുമ്പിൽ കുറ്റക്കാരായിരുന്നു. 

യേശുവിൽ വിശ്വസിക്കുന്നവരും പാപത്തിൽ തുടരുന്നവരുമായ ആളുകൾക്ക് അപ്പൊസ്തലനായ പൗലൊസ് എഴുതി: “നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കുതന്നെ കോപം ചരതിച്ചുവയ്ക്കുന്നു. അവൻ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും” (റോമർ 2:5-6). അതിനാൽ, യേശുവിന്റെ ശക്തിയിൽ, നമ്മുടെ പരിശുദ്ധനും സ്‌നേഹനിധിയുമായ പിതാവിനെ ബഹുമാനിക്കുന്ന വിധത്തിൽ, പശ്ചാത്താപത്തിനിടയില്ലാത്ത വിധത്തിൽ നമുക്ക് ജീവിക്കാം.