1982-ൽ, പാസ്റ്റർ ക്രിസ്റ്റ്യൻ ഫ്യൂറർ ജർമ്മനിയിലെ ലീപ്‌സിഗ് സെന്റ് നിക്കോളാസ് പള്ളിയിൽ തിങ്കളാഴ്ച പ്രാർത്ഥനാ യോഗങ്ങൾ ആരംഭിച്ചു. വർഷങ്ങളോളം, ആഗോള അക്രമത്തിനും കിഴക്കൻ ജർമ്മൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലിനും മധ്യേ സമാധാനത്തിനായി ദൈവത്തോട് അപേക്ഷിക്കാൻ ഒരു കൂട്ടം വിശ്വാസികൾ ഒത്തുകൂടി. കമ്മ്യൂണിസ്റ്റ് അധികാരികൾ സഭകളെ സസൂക്ഷ്മം നിരീക്ഷിച്ചെങ്കിലും, അംഗസംഖ്യ പെരുകുകയും സഭാ കവാടത്തിന് പുറത്തേക്ക് ജനബാഹുല്യം പെരുകുകയും ചെയ്യുന്നതുവരെ അവർ ഗൗനിച്ചില്ല. 1989 ഒക്ടോബർ 9-ന് എഴുപതിനായിരം പ്രകടനക്കാർ ഒത്തുകൂടുകയും സമാധാനപരമായി പ്രതിഷേധിക്കുകയും ചെയ്തു. ഏത് പ്രകോപനത്തിനും മറുപടി നൽകാൻ ആറായിരം കിഴക്കൻ ജർമ്മൻ പോലീസ് സജ്ജരായി നിന്നു. എന്നിരുന്നാലും, ജനക്കൂട്ടം സമാധാനപരമായി പ്രതിഷേധം തുടർന്നു, ചരിത്രകാരന്മാർ ഈ സംഭവത്തെ ഒരു നാഴികക്കല്ലായി കണക്കാക്കുന്നു. ഒരു മാസത്തിനുശേഷം, ബെർലിൻ മതിൽ തകർന്നു. വലിയ പരിവർത്തനം ആരംഭിച്ചത് ഒരു പ്രാർത്ഥനാ യോഗത്തോടെയാണ്.
നാം ദൈവത്തിങ്കലേക്ക് തിരിയുകയും അവന്റെ ജ്ഞാനത്തിലും ശക്തിയിലും ആശ്രയിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ, കാര്യങ്ങൾ പലപ്പോഴും മാറാനും പുനർരൂപപ്പെടാനും തുടങ്ങുന്നു. യിസ്രായേലിനെപ്പോലെ, “[നമ്മുടെ] കഷ്ടതയിൽ യഹോവയോട് നിലവിളിക്കുമ്പോൾ’’ (സങ്കീർത്തനം 107:28) നമ്മുടെ ഏറ്റവും ഭയാനകമായ പ്രതിസന്ധികളെ പോലും അടിസ്ഥാനപരമായി രൂപാന്തരപ്പെടുത്താനും നമ്മുടെ ഏറ്റവും വിഷമകരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിവുള്ള ദൈവത്തെ നാം കണ്ടെത്തുന്നു. ദൈവം “കൊടുങ്കാറ്റിനെ ശാന്തമാക്കുകയും മരുഭൂമിയെ ജലതടാകമാക്കി” മാറ്റുകയും ചെയ്യുന്നു (വാ. 29,35). നമ്മുടെ പ്രാർത്ഥന കേൾക്കുന്നവൻ നിരാശയിൽ നിന്ന് പ്രത്യാശയും നാശത്തിൽ നിന്ന് സൗന്ദര്യവും കൊണ്ടുവരുന്നു.
എന്നാൽ ദൈവമാണ് (അവന്റെ കാലത്ത് – നമ്മുടെ സമയത്തല്ല) രൂപാന്തരം നടപ്പിലാക്കുന്നത്. അവൻ ചെയ്യുന്ന രൂപാന്തര പ്രവൃത്തിയിൽ നാം എങ്ങനെ പങ്കുചേരുന്നു എന്നതാണ് പ്രാർത്ഥന.
രൂപാന്തരപ്പെടുത്തുന്ന എന്തെങ്കിലും ദൈവം ചെയ്യുന്നത് നിങ്ങൾ എപ്പോഴാണ് കണ്ടത്? അവന്റെ പ്രവൃത്തികളും നമ്മുടെ പ്രാർത്ഥനകളും തമ്മിൽ എന്തു ബന്ധമാണുള്ളത്?
ദൈവമേ, എനിക്ക് അങ്ങയുടെ രൂപാന്തരീകരണ പ്രവർത്തനം ആവശ്യമാണ്. അങ്ങേയ്ക്കു മാത്രം രൂപാന്തരപ്പെടുത്താൻ കഴിയുന്ന കാര്യങ്ങളെ രൂപാന്തരപ്പെടുത്തണമേ.