“ഞാൻ ഒരു പ്രയോജനവും ഇല്ലാത്തവനെന്ന് എനിക്കു തോന്നി,” ഹാരോൾഡ് പറഞ്ഞു. “വിഭാര്യനും വിരമിച്ചവനും, മക്കൾ അവരുടെ സ്വന്തം കുടുംബങ്ങളുമായി തിരക്കിലാണ്, ഉച്ചതിരിഞ്ഞുള്ള ഏകാന്ത സമയങ്ങളിൽ ഞാൻ ചുവരിലെ നിഴലുകളെ നോക്കിയിരിക്കുന്നു.” “എനിക്ക് പ്രായമായി, ജീവിതം പൂർണ്ണ അളവിൽ ജീവിച്ചു. എനിക്ക് ഇനി ഒരു ലക്ഷ്യവുമില്ല. ദൈവം എന്നെ എപ്പോൾ വേണമെങ്കിലും കൊണ്ടുപോകാം,” അദ്ദേഹം പലപ്പോഴും തന്റെ മകളോട് പറയുമായിരുന്നു.

എന്നിരുന്നാലും, ഒരു ഉച്ചകഴിഞ്ഞ്, ഒരു സംഭാഷണം ഹരോൾഡിന്റെ മനസ്സിനെ മാറ്റി. “എന്റെ അയൽക്കാരന് അവന്റെ മക്കളുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഞാൻ അവനുവേണ്ടി പ്രാർത്ഥിച്ചു,” ഹരോൾഡ് പറഞ്ഞു. “പിന്നീട്, ഞാൻ അവനുമായി സുവിശേഷം പങ്കുവച്ചു. അങ്ങനെയാണ് എനിക്ക് ഇപ്പോഴും ഒരു ഉദ്ദേശ്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്! യേശുവിനെക്കുറിച്ച് കേൾക്കാത്ത ആളുകൾ ഉള്ളിടത്തോളം, ഞാൻ അവരോട് രക്ഷകനെക്കുറിച്ച് പറയണം.”

അവരുടെ ദൈനംദിന, സാധാരണ കൂടിക്കാഴ്ചയിൽ ഹാരോൾഡ് തന്റെ വിശ്വാസം പങ്കുവച്ചപ്പോൾ അയൽക്കാരന്റെ ജീവിതം മാറി. 2 തിമൊഥെയൊസ് 1-ൽ, അപ്പൊസ്തലനായ പൗലൊസ് മറ്റൊരു വ്യക്തിയുടെ ജീവിതം – തന്റെ യുവ സഹപ്രവർത്തകനായ തിമൊഥെയൊസിന്റെ ജീവിതം – മാറ്റാൻ ദൈവം ഉപയോഗിച്ച രണ്ട് സ്ത്രീകളെ പരാമർശിക്കുന്നു: തിമൊഥെയൊസിന്റെ മുത്തശ്ശി ലോവീസും അവന്റെ അമ്മ യൂനീക്കയും. ഒരു “നിർവ്യാജ വിശ്വാസം” അവർ അവനു കൈമാറി (വാ. 5). ഒരു സാധാരണ വീട്ടിലെ ദൈനംദിന സംഭവങ്ങളിലൂടെ, യുവാവായ തിമൊഥെയൊസ് ഒരു നിർവ്യാജ വിശ്വാസം പഠിച്ചു. അത് യേശുവിന്റെ വിശ്വസ്ത ശിഷ്യനായുള്ള അവന്റെ വളർച്ചയെയും ഒടുവിൽ എഫെസൊസിലെ സഭയുടെ നേതാവെന്ന നിലയിലുള്ള അവന്റെ ശുശ്രൂഷയെയും രൂപപ്പെടുത്തി.

നമ്മുടെ പ്രായമോ പശ്ചാത്തലമോ സാഹചര്യമോ എന്തുമാകട്ടെ, നമുക്ക് ഒരു ഉദ്ദേശ്യമുണ്ട് – യേശുവിനെക്കുറിച്ചു മറ്റുള്ളവരോടു പറയുക എന്ന ഉദ്ദേശ്യം.