തടവുകാരനായ “ജെയ്‌സൺ” അയച്ച കത്ത് എന്റെ ഭാര്യയെയും എന്നെയും അത്ഭുതപ്പെടുത്തി. വൈകല്യമുള്ളവരെ സഹായിക്കാൻ സേവന നായ്ക്കളായി നായ്ക്കുട്ടികളെ ഞങ്ങൾ “പരിശീലിപ്പിക്കുന്നു.” നായ്ക്കളെ പരിശീലിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച തടവുകാർ നടത്തുന്ന അടുത്ത പരിശീലന ഘട്ടത്തിലേക്ക് അത്തരത്തിലുള്ള ഒരു നായ്ക്കുട്ടിയെ ഞങ്ങൾ അയച്ചു. പരിശീലകനായ ജെയ്‌സൺ ഞങ്ങൾക്ക് അയച്ച കത്തിൽ അദ്ദേഹത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ഖേദം രേഖപ്പെടുത്തിയിരുന്നു. എന്നാൽ തുടർന്നദ്ദേഹം എഴുതി, “ഞാൻ പരിശീലിപ്പിച്ച പതിനേഴാമത്തെ നായയാണ് സ്‌നിക്കേഴ്‌സ്. അവൾ ഏറ്റവും മികച്ച നായാണ്. അവൾ തലയുയർത്തി എന്നെ നോക്കുന്നത് കാണുമ്പോൾ, ഒടുവിൽ ഞാൻ എന്തെങ്കിലും ശരിയായി ചെയ്യുന്നതായി എനിക്ക് തോന്നുന്നു.”

ജെയ്‌സൺ മാത്രമല്ല കഴിഞ്ഞ കാലത്തെയോർത്തു ഖേദിക്കുന്നത്. നമുക്കെല്ലാവർക്കും ഖേദമുണ്ട്. യെഹൂദാരാജാവായ മനശ്ശെയ്ക്ക് ഖേദിക്കാൻ ധാരാളം ഉണ്ടായിരുന്നു. 2 ദിനവൃത്താന്തം 33-ൽ അവന്റെ ചില ക്രൂരതകൾ വിവരിക്കുന്നു: ജാതീയ ദൈവങ്ങൾക്ക് ലൈംഗികത പ്രകടമാക്കുന്ന ബലിപീഠങ്ങൾ പണിയുക (വാ. 3), മന്ത്രവാദം ചെയ്യുക, സ്വന്തം മക്കളെ ബലിയർപ്പിക്കുക (വാ. 6) തുടങ്ങിയവ. അവൻ രാജ്യത്തെ മുഴുവൻ ഈ ദുഷിച്ച പാതയിലൂടെ നയിച്ചു (വാ. 9).

“യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല” (വാ. 10). ഒടുവിൽ അവൻ ശ്രദ്ധിച്ചു. ബാബിലോണിയർ ദേശത്തെ ആക്രമിച്ചു, “അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി” (വാ. 11). അടുത്തതായി, മനശ്ശെ ഒടുവിൽ ശരിയായ കാര്യം ചെയ്തു. “കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. … തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു” (വാ 12). ദൈവം അവന്റെ പ്രാർത്ഥന കേട്ടു, അവനെ രാജാവായി യഥാസ്ഥാനപ്പെടുത്തി. മനശ്ശെ പുറജാതി ആചാരങ്ങൾക്ക് പകരം ഏക സത്യദൈവത്തെ ആരാധിച്ചു (വാ. 15-16).

നിങ്ങളുടെ ഖേദം നിങ്ങളെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടോ? ഇനിയും വൈകിയിട്ടില്ല. മാനസാന്തരത്തിന്റെ താഴ്മയുള്ള നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു.