താൻ അതു ചെയ്യരുതെന്ന് വിൻസ്റ്റണിന് അറിയാം. അതുകൊണ്ട് അവൻ ഒരു തന്ത്രപരമായ ഒരു നീക്കം സ്വീകരിച്ചു. ഞങ്ങൾ അതിനെ പതുക്കെ-നടത്തം എന്ന് വിളിക്കുന്നു. ആരെങ്കിലും ഊരിയിട്ട ഒരു ഷൂ കാണുകയാണെങ്കിൽ, അവൻ ആ ദിശയിലേക്ക് യാദൃച്ഛികമെന്നോണം നടക്കും. ആരും ശ്രദ്ധിക്കുന്നില്ലെന്നു ബോധ്യമായാൽ ഷൂ തന്റെ കാലിൽ ഇട്ടുകൊണ്ടു പതുക്കെ പുറത്തേക്കു നടക്കും. “ഓ, അമ്മേ, വിൻസ്റ്റൺ അമ്മയുടെ ഷൂവുമായി വാതിലിനു പുറത്തേക്ക് പതുക്കെ നടക്കുന്നു.”

നമ്മുടെ പാപത്തെ പതുക്കെ-നടത്തം കൊണ്ടു ദൈവത്തെ മറയ്ക്കാമെന്നു ചിലപ്പോഴൊക്കെ നാം വിചാരിക്കുന്നു എന്നു വ്യക്തമാണ്. അവൻ ശ്രദ്ധിക്കില്ലെന്ന് ചിന്തിക്കാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. ഇത് – “ഇത്” എന്തായാലും – വലിയ കാര്യമൊന്നുമല്ല, നാം വാദിക്കുന്നു. പക്ഷേ, ആ തിരഞ്ഞെടുപ്പുകൾ ദൈവത്തെ പ്രസാദിപ്പിക്കുന്നില്ലെന്ന് വിൻസ്റ്റണിനെപ്പോലെ നമുക്കും നന്നായി അറിയാം.

ഏദെൻ തോട്ടത്തിലെ ആദാമിനെയും ഹവ്വായെയും പോലെ, നമ്മുടെ പാപത്തിന്റെ ലജ്ജ കാരണം നാം മറയ്ക്കാൻ ശ്രമിച്ചേക്കാം (ഉല്പത്തി 3:10). അല്ലെങ്കിൽ അത് സംഭവിച്ചില്ലെന്ന് നടിച്ചേക്കാം. എന്നാൽ വളരെ വ്യത്യസ്തമായ ഒന്ന് ചെയ്യാൻ – ദൈവത്തിന്റെ കരുണയിലേക്കും ക്ഷമയിലേക്കും ഓടിച്ചെല്ലാൻ – തിരുവെഴുത്ത് നമ്മെ ക്ഷണിക്കുന്നു. സദൃശവാക്യങ്ങൾ 28:13 നമ്മോട് പറയുന്നു, ”തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.”

ആരും ശ്രദ്ധിക്കില്ലെന്ന് പ്രതീക്ഷിച്ച് പതുക്കെ-നടത്തത്തിലൂടെ നമ്മുടെ പാപത്തെ മറയ്ക്കാൻ ശ്രമിക്കരുത്. നമ്മുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സത്യം പറയുമ്പോൾ – നമ്മോട്, ദൈവത്തോട്, വിശ്വസ്തനായ ഒരു സുഹൃത്തിനോട് – രഹസ്യ പാപം ചുമക്കുന്നതിന്റെ കുറ്റബോധത്തിൽ നിന്നും ലജ്ജയിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം കണ്ടെത്താനാകും (1 യോഹന്നാൻ 1:9).