അണ്ടർകവർ ബോസ് എന്ന ടെലിവിഷൻ പരമ്പരയിൽ, ഒരു ഫ്രോസൺ ഫുഡ് കമ്പനിയുടെ സി.ഇ.ഒ. കാഷ്യറുടെ യൂണിഫോം ധരിച്ച് രഹസ്യമായി ഫ്രാഞ്ചൈസി സ്റ്റോറിൽ ജോലി ചെയ്യാൻ പോയി. അവളുടെ വിഗ്ഗും മേക്കപ്പും അവളുടെ യഥാർത്ഥ സ്വത്വം മറച്ചുപിടിച്ചു. ഷോപ്പിൽ കാര്യങ്ങൾ യഥാർത്ഥത്തിൽ എങ്ങനെ നടക്കുന്നുവെന്ന് കാണുകയായിരുന്നു അവളുടെ ലക്ഷ്യം. അവളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, സ്റ്റോർ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവൾക്കു കഴിഞ്ഞു.

നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി യേശു “താഴ്മയുടെ വേഷം” സ്വീകരിച്ചു (ഫിലിപ്പിയർ 2:7). അവൻ മനുഷ്യനായി – ഭൂമിയിൽ നടന്നു, ദൈവത്തെക്കുറിച്ച് നമ്മെ പഠിപ്പിച്ചു, ഒടുവിൽ നമ്മുടെ പാപങ്ങൾക്കുവേണ്ടി ക്രൂശിൽ മരിച്ചു (വാ. 8). ഈ ത്യാഗം ക്രിസ്തുവിന്റെ താഴ്മയെ തുറന്നുകാട്ടുന്നു, അവൻ അനുസരണയോടെ തന്റെ ജീവൻ നമ്മുടെ പാപത്തിനുള്ള യാഗമായി സമർപ്പിച്ചു. അവൻ ഒരു മനുഷ്യനായി ഭൂമിയിൽ സഞ്ചരിക്കുകയും നാം അനുഭവിക്കുന്നത് അനുഭവിക്കുകയും ചെയ്തു – ഭൂമിയിൽ നിന്നുകൊണ്ടു തന്നേ. യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമ്മുടെ രക്ഷകനെപ്പോലെ “അതേ ഭാവം” നമ്മിൽ ഉണ്ടായിരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു – പ്രത്യേകിച്ച് മറ്റ് വിശ്വാസികളുമായുള്ള ബന്ധത്തിൽ (വാ. 5). താഴ്മ ധരിക്കാനും (വാ. 3) ക്രിസ്തുവിന്റെ മനോഭാവം സ്വീകരിക്കാനും ദൈവം നമ്മെ സഹായിക്കുന്നു (വാക്യം 5). മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറുള്ളവരും സഹായഹസ്തം നീട്ടാൻ സന്നദ്ധരുമായ സേവകരായി ജീവിക്കാൻ അവൻ നമ്മെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരെ താഴ്മയോടെ സ്‌നേഹിക്കാൻ ദൈവം നമ്മെ നയിക്കുന്നതിനാൽ, അവരെ സേവിക്കാനും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് കരുണയോടെ പരിഹാരം തേടാനുമുള്ള മികച്ച സ്ഥാനത്താണ് നാം.