എന്റെ ഒരു സുഹൃത്ത്, വികസ്വര രാജ്യങ്ങളിലേക്ക് സൗജന്യ ആരോഗ്യ സംരക്ഷണം നൽകുന്ന ആഫ്രിക്ക മേഴ്‌സി എന്ന ആശുപത്രിക്കപ്പലിലാണ് ജോലി ചെയ്യുന്നത്. മറ്റു നിലകളിൽ ചികിത്സ കിട്ടാതെ പോകുന്ന നൂറുകണക്കിന് രോഗികളെയാണ് ജീവനക്കാർ ദിവസവും ശുശ്രൂഷിക്കുന്നത്.

ഇടയ്ക്കിടെ കപ്പലിൽ കയറുന്ന ടിവി പ്രവർത്തകർ, അതിലെ അത്ഭുതകരമായ മെഡിക്കൽ സ്റ്റാഫിലേക്ക് ക്യാമറകൾ തിരിക്കുന്നു. ചിലപ്പോൾ അവർ മറ്റ് ക്രൂ അംഗങ്ങളുമായി അഭിമുഖം നടത്താൻ ഡെക്കിന് താഴെക്കു പോകുന്നു, എങ്കിലും മൈക്ക് ചെയ്യുന്ന ജോലി സാധാരണയായി ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ഒരു എൻജിനീയറായ മൈക്ക്, കപ്പലിലെ മലിനജല പ്ലാന്റിലാണ് തന്നെ ജോലിക്ക് നിയോഗിച്ചത് എന്നതിൽ സ്വയം അത്ഭുതപ്പെടാറുണ്ട്. ഓരോ ദിവസവും നാൽപതിനായിരം ലിറ്റർ മലിനജലം ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ, ഈ വിഷ പദാർത്ഥം കൈകാര്യം ചെയ്യുന്നത് ഗുരുതരമായ പ്രവൃത്തിയാണ്. മൈക്ക് അതിന്റെ പൈപ്പുകളും പമ്പുകളും പരിപാലിക്കുന്നില്ലെങ്കിൽ, ആഫ്രിക്ക മേഴ്‌സിയുടെ ജീവദായക പ്രവർത്തനങ്ങൾ നിലയ്ക്കും.

ക്രിസ്തീയ ശുശ്രൂഷയുടെ “മുകളിലത്തെ ഡെക്കിൽ” ഇരിക്കുന്നവരെ അഭിനന്ദിക്കുന്നതും അതേസമയം താഴെയുള്ള ഇടുങ്ങിയ ഇടനാഴികളിൽ ഉള്ളവരെ കാണാതിരിക്കുന്നതും എളുപ്പമാണ്. കൊരിന്ത്യ സഭ അസാധാരണമായ വരങ്ങളുള്ളവരെ മറ്റുള്ളവരെക്കാൾ ഉയർത്തിയപ്പോൾ, ക്രിസ്തുവിന്റെ വേലയിൽ ഓരോ വിശ്വാസിക്കും പങ്കുണ്ട് (1 കൊരിന്ത്യർ 12:7-20) എന്നു പൗലൊസ് വ്യക്തമാക്കുന്നു, അത്ഭുതകരമായ സൗഖ്യമാക്കലായാലും മറ്റുള്ളവരെ സഹായിക്കുന്നതായാലും ഓരോ വരവും പ്രധാനമാണ് (വാ. 27-31). വാസ്തവത്തിൽ, ഒരു ജോലിക്ക് പ്രാധാന്യം കുറയുമ്പോറും അത് കൂടുതൽ മാനം അർഹിക്കുന്നു (വാ. 22-24).

നിങ്ങൾ ഒരു “ലോവർ ഡെക്ക്” വ്യക്തിയാണോ? എങ്കിൽ നിങ്ങളുടെ തല ഉയർത്തുക. നിങ്ങളുടെ പ്രവൃത്തി ദൈവത്താൽ ബഹുമാനിക്കപ്പെടുന്നതും നമുക്കെല്ലാം ഒഴിച്ചുകൂടാനാവാത്തതുമാണ്.