ബ്രിഡ്ജർ വാക്കറിന് ആറ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഒരു നായ തന്റെ ഇളയ സഹോദരിക്ക് നേരെ കുതിച്ചുചെല്ലുന്നത് അവൻ കണ്ടു. നായയുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് അവളെ സംരക്ഷിക്കുന്നതിനായി ബ്രിഡ്ജർ അവളുടെ മുന്നിലേക്ക് ചാടി. അടിയന്തര പരിചരണം ലഭിക്കുകയും മുഖത്ത് തൊണ്ണൂറ് തുന്നലുകൾ ഇടുകയും ചെയ്തശേഷം, ബ്രിഡ്ജർ തന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. “ആരെങ്കിലും മരിക്കേണ്ടി വന്നാൽ, അത് ഞാനായിരിക്കണമെന്ന് ഞാൻ ചിന്തിച്ചു.” നന്ദിയോടെ പറയട്ടെ, പ്ലാസ്റ്റിക് സർജന്മാർ ബ്രിഡ്ജറിന്റെ മുഖം സുഖപ്പെടുത്തി. തന്റെ സഹോദരിയെ കെട്ടിപ്പിടിക്കുന്ന അവന്റെ സമീപകാല ചിത്രങ്ങളിൽ തന്റെ സഹോദരിയോടുള്ള സ്നേഹം എന്നത്തേയും പോലെ ശക്തമായി നിലനിൽക്കുന്നു എന്നു കാണാം.
കുടുംബാംഗങ്ങൾ നമ്മെ നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. നാം കഷ്ടതയിൽ അകപ്പെടുമ്പോൾ യഥാർത്ഥ സഹോദരന്മാർ ഇടപെടുകയും നാം പേടിക്കുമ്പോഴോ തനിച്ചായിരിക്കുമ്പോഴോ കൂടെ വരികയും ചെയ്യും. വാസ്തവത്തിൽ, നമ്മുടെ ഏറ്റവും നല്ല സഹോദരന്മാർ പോലും അപൂർണ്ണരാണ്; ചിലർ നമ്മെ മുറിവേൽപ്പിക്കുകയും ചെയ്യുന്നു. എപ്പോഴും നമ്മുടെ പക്ഷത്തുള്ള ഒരു സഹോദരൻ നമുക്കുണ്ട്, യേശു. എബ്രായലേഖനം നമ്മോട് പറയുന്നു, “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി … സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു” (2:14, 17). തൽഫലമായി, യേശു നമ്മുടെ ഏറ്റവും യഥാർത്ഥ സഹോദരനാണ്, നമ്മെ തന്റെ ‘സഹോദരന്മാർ’ എന്ന് വിളിക്കുന്നതിൽ അവൻ സന്തോഷിക്കുന്നു (വാ. 11).
നാം യേശുവിനെ നമ്മുടെ രക്ഷകൻ, സുഹൃത്ത്, രാജാവ് എന്നിങ്ങനെ പരാമർശിക്കുന്നു-ഇവ ഓരോന്നും സത്യവുമാണ്. എന്നിരുന്നാലും, എല്ലാ മാനുഷിക ഭയവും പ്രലോഭനവും എല്ലാ നിരാശയും സങ്കടവും അനുഭവിച്ച നമ്മുടെ സഹോദരൻ കൂടിയാണ് യേശു. നമ്മുടെ സഹോദരൻ എപ്പോഴും നമ്മുടെ കൂടെ നിൽക്കുന്നു.
മനുഷ്യ സഹോദരന്മാരോടൊത്തുള്ള നിങ്ങളുടെ അനുഭവം എന്താണ്? യേശുവിനെ നിങ്ങളുടെ യഥാർത്ഥ സഹോദരനായി നിങ്ങൾ എങ്ങനെയാണ് കാണുന്നത്?
പ്രിയ യേശുവേ, അങ്ങയെ എന്റെ സഹോദരനായി കരുതുന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്നോടൊപ്പം നടക്കുകയും എന്നെ സ്നേഹിക്കുകയും എന്നെ പഠിപ്പിക്കുകയും അങ്ങയുടെ വഴി എന്നെ കാണിക്കുകയും ചെയ്യണമേ.