1917-ൽ, ഒരു യുവ തയ്യൽക്കാരി ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഫാഷൻ ഡിസൈൻ സ്‌കൂളിൽ പ്രവേശനം നേടിയതിൽ ആവേശഭരിതയായി. എന്നാൽ ക്ലാസുകളിലേക്ക് രജിസ്റ്റർ ചെയ്യാൻ ഫ്‌ളോറിഡയിൽ നിന്ന് ആൻ കോൺ എത്തിയപ്പോൾ, അവൾക്കു പ്രവേശനം ഇല്ലെന്ന് സ്‌കൂൾ ഡയറക്ടർ പറഞ്ഞു. “തുറന്നു പറഞ്ഞാൽ, മിസ്സിസ് കോൺ, നിങ്ങൾ ഒരു നീഗ്രോ ആണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു,” അയാൾ പറഞ്ഞു. പോകാൻ വിസമ്മതിച്ചുകൊണ്ട് അവൾ ഇപ്രകാരം പ്രാർത്ഥിച്ചു: എന്നെ ഇവിടെ നിൽക്കാൻ അനുവദിക്കൂ. അവളുടെ സ്ഥിരോത്സാഹം കണ്ട്, ഡയറക്ടർ ആനിനെ താമസിക്കാൻ അനുവദിച്ചു, പക്ഷേ വെള്ളക്കാർക്ക് മാത്രമുള്ള ക്ലാസ് മുറിയിൽ നിന്ന് അവളെ മാറ്റി, പിൻവാതിലിനപ്പുറം നിന്നു കേൾക്കാൻ അനുവദിച്ചു.

അനിഷേധ്യമായ താലന്തുള്ള ആൻ പഠനം പൂർത്തിയാക്കാൻ ആറുമാസം കൂടി ശേഷിക്കെ ബിരുദം നേടി, അമേരിക്കയിലെ മുൻ പ്രഥമ വനിത ജാക്വലിൻ കെന്നഡി ഉൾപ്പെടെ സമൂഹത്തിലെ ഉന്നതരായ ക്ലൈന്റുകളെ ആകർഷിച്ചു. ജാക്വിലിന്റെ ലോകപ്രശസ്ത വിവാഹ ഗൗൺ രൂപകൽപ്പന ചെയ്തത് ആൻ ആയിരുന്നു. അവളുടെ തയ്യൽ സ്റ്റുഡിയോയ്ക്ക് മുകളിൽ പൈപ്പ് പൊട്ടി ആദ്യത്തെ വസ്ത്രം നശിച്ചതിനെത്തുടർന്ന് അവൾ ദൈവത്തിന്റെ സഹായം തേടി ഗൗൺ രണ്ടാമതും ഉണ്ടാക്കുകയായിരുന്നു.

അത്തരം സ്ഥിരോത്സാഹം ശക്തിയേറിയതാണ്, പ്രത്യേകിച്ച് പ്രാർത്ഥനയിലുള്ള സ്ഥിരോത്സാഹം. സ്ഥിരോത്സാഹിയായ വിധവയെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിൽ, ഈ വിധവ അഴിമതിക്കാരനായ ഒരു ന്യായാധിപനോട് നീതിക്കായി ആവർത്തിച്ച് അപേക്ഷിക്കുന്നു. ആദ്യം, അവൻ അവളെ നിരസിച്ചു, എന്നാൽ ‘വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും’ (ലൂക്കൊസ് 18:5) എന്നയാൾ പറഞ്ഞു.

ദൈവം കൂടുതൽ സ്‌നേഹത്തോടെ, “രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?” (വാ. 7). അവൻ രക്ഷിക്കും എന്ന് യേശു പറഞ്ഞു (വാ. 8). അവൻ നമ്മെ പ്രചോദിപ്പിക്കുന്നതനുസരിച്ച് നമുക്ക് ഒരിക്കലും മടുത്തുപോകാതെ നിരന്തരം പ്രാർത്ഥിക്കാൻ ശ്രമിക്കാം. അവന്റെ സമയത്തിലും പൂർണ്ണമായ വഴിയിലും ദൈവം ഉത്തരം നൽകും.