ഇന്റർനെറ്റ് യുഗത്തിൽ മത്സരം രൂക്ഷമായിരിക്കുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ ക്രിയാത്മകമായ വഴികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് സുബാരു വാഹനങ്ങൾ എടുക്കുക. സുബാരു ഉടമകൾ വിശ്വസ്തരാണ്, അതിനാൽ കമ്പനി ‘സുബി സൂപ്പർ ഫാൻസിനെ’ വാഹനങ്ങളുടെ ‘ബ്രാൻഡ് അംബാസഡർ’ ആകാൻ ക്ഷണിക്കുന്നു.
കമ്പനിയുടെ വെബ്സൈറ്റ് പറയുന്നു, “സുബാരു അംബാസഡർമാർ, സുബാരുവിനെക്കുറിച്ച് പ്രചരിപ്പിക്കാനും ബ്രാൻഡിന്റെ ഭാവി രൂപപ്പെടുത്താനും അവരുടെ അഭിനിവേശവും ഉത്സാഹവും സ്വമേധയാ നൽകുന്ന ഊർജ്ജസ്വലരായ വ്യക്തികളുടെ ഒരു പ്രത്യേക ഗ്രൂപ്പാണ്.” സുബാരു ഉടമസ്ഥാവകാശം ആളുകളുടെ ഐഡന്റിറ്റിയുടെ ഭാഗമാകണമെന്ന് കമ്പനി ആഗ്രഹിക്കുന്നു-അവർക്ക് അത്യധികം അഭിനിവേശമുണ്ട്, അവർക്ക് പങ്കിടാതിരിക്കാൻ കഴികയില്ല.
2 കൊരിന്ത്യർ 5-ൽ, യേശുവിനെ അനുഗമിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്ന ഒരു വ്യത്യസ്തമായ ‘അംബാസഡർ’ പരിപാടിയെക്കുറിച്ച് പൗലൊസ് വിവരിക്കുന്നു. “ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു” (വാ. 11). തുടർന്ന് പൗലൊസ് കൂട്ടിച്ചേർക്കുന്നു, “ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു” (വാ. 19-20).
പല ഉൽപ്പന്നങ്ങളും നമുക്ക് സന്തോഷവും സമ്പൂർണ്ണതയും ലക്ഷ്യവും പോലെ ആഴത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമെന്നു വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഒരേയൊരു സന്ദേശം-യേശുവിൽ വിശ്വസിക്കുന്നവരായ നമ്മെ ഏൽപ്പിച്ചിരിക്കുന്ന നിരപ്പിന്റെ സന്ദേശം-യഥാർത്ഥത്തിൽ സന്തോഷവാർത്തയാണ്. നിരാശാജനകമായ ഒരു ലോകത്തിലേക്ക് ആ സന്ദേശം എത്തിക്കാനുള്ള പദവി നമുക്കു ലഭിച്ചിരിക്കുന്നു.
യേശുവിന്റെ അംബാസഡറായിരിക്കുക എന്ന ആശയത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? ആ വിളി നിങ്ങൾക്ക് എങ്ങനെ പ്രായോഗികമാക്കാനാകും?
പ്രിയ യേശുവേ, അങ്ങയുടെ സ്ഥാനപതിയാകാൻ എന്നെ ക്ഷണിച്ചതിന് നന്ദി.