ഒരു വലിയ പരിപാടിയിൽ പങ്കെടുക്കുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വിധം മാറ്റിയേക്കാം. യുകെയിലെയും യുഎസിലെയും മൾട്ടി-ഡേ ഒത്തുചേരലുകളിൽ 1,200-ലധികം ആളുകളുമായി സംവദിച്ചതിന് ശേഷം, വലിയ ഉത്സവങ്ങൾ നമ്മുടെ ധാർമ്മിക ദിശയെ ബാധിക്കുമെന്നും മറ്റുള്ളവരുമായി വിഭവങ്ങൾ പങ്കിടാനുള്ള നമ്മുടെ സന്നദ്ധതയെ പോലും ബാധിക്കുമെന്നും ഗവേഷകനായ ഡാനിയൽ യുഡ്കിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മനസ്സിലാക്കി. ഫെസ്റ്റിവലിൽ പങ്കെടുത്തവരിൽ 63 ശതമാനം പേർക്കും ഒരു “രൂപാന്തരീകരണ” അനുഭവം ഉണ്ടായെന്നും അതവരെ മാനുഷികതയുമായി കൂടുതൽ ബന്ധിപ്പിച്ചെന്നും സുഹൃത്തുക്കളോടും കുടുംബത്തോടും തികച്ചും അപരിചിതരോടുപോലും കൂടുതൽ ഉദാരമനസ്കത കാണിക്കാനും ഇടവരുത്തിയതായും അവരുടെ ഗവേഷണം കണ്ടെത്തി.
എന്നിരുന്നാലും, ദൈവത്തെ ആരാധിക്കാൻ മറ്റുള്ളവരുമായി നാം ഒത്തുകൂടുമ്പോൾ, ഒരു മതേതര ഉത്സവത്തിന്റെ സാമൂഹിക “പരിവർത്തനം” എന്നതിലുപരിയായ ഒന്ന് നമുക്ക് അനുഭവിക്കാൻ കഴിയും; നാം ദൈവവുമായി തന്നെ ആശയവിനിമയം നടത്തുന്നു. പുരാതന കാലത്ത് യിസ്രായേൽ ജനം വർഷത്തിലുടനീളം യെരൂശലേമിൽ തങ്ങളുടെ വിശുദ്ധ ഉത്സവങ്ങൾക്കായി ഒത്തുകൂടുമ്പോൾ ദൈവവുമായുള്ള ആ ബന്ധം നിസ്സംശയം അവർക്ക് അനുഭവപ്പെട്ടു. “പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനും വാരോത്സവത്തിനും കൂടാരപ്പെരുന്നാളിനും” ആധുനിക സൗകര്യങ്ങളില്ലാതെ തന്നെ അവർ യെരൂശലേമിലേക്കു യാത്ര ചെയ്തു (ആവർത്തനം 16:16). ഈ ഒത്തുചേരലുകൾ കുടുംബത്തോടും ദാസന്മാരോടും പരദേശികളോടും മറ്റുള്ളവരോടും ഒപ്പം “യഹോവയുടെ സന്നിധിയിൽ” ഗംഭീരമായ സ്മരണയുടെയും ആരാധനയുടെയും സന്തോഷത്തിന്റെയും സമയങ്ങളായിരുന്നു (വാ. 11).
അവനെ തുടർന്നും ആസ്വദിക്കാനും അവന്റെ വിശ്വസ്തതയിൽ ആശ്രയിക്കാനും പരസ്പരം സഹായിക്കുന്നതിനായി നമുക്ക് മറ്റുള്ളവരുമായി ആരാധനയ്ക്കായി ഒത്തുകൂടാം.
ആരാധനയ്ക്കായി മറ്റുള്ളവരുമായി ഒത്തുകൂടുമ്പോൾ ദൈവവുമായുള്ള ഒരു ബന്ധം നിങ്ങൾ എങ്ങനെയാണ് അനുഭവിച്ചിട്ടുള്ളത്? മറ്റുള്ളവരുടെ സാന്നിധ്യം എങ്ങനെ അതിനു സഹായിച്ചു?
ദൈവമേ, അങ്ങയെ ഒന്നിച്ച് ആരാധിക്കാൻ അവിടുത്തെ ജനത്തെ ക്ഷണിച്ചതിന് നന്ദി പറയുന്നു.