2013-ൽ അറുനൂറോളം കാണികൾ നിക്ക് വാലെൻഡാ, ഗ്രാൻഡ് കാന്യോണിന് സമീപം 1500 അടി വീതിയുള്ള മലയിടുക്കിലൂടെ കുറുകെ വലിച്ചുകെട്ടിയ വടത്തിലൂടെ നടക്കുന്നതിനു സാക്ഷ്യം വഹിച്ചു. വാലെൻഡ 2 ഇഞ്ച് കനമുള്ള സ്റ്റീൽ കേബിളിൽ കയറി, താഴെയുള്ള താഴ്‌വരയിലേക്ക് ഹെഡ് ക്യാമറ തിരിച്ചുകൊണ്ട് യേശുവിന് നന്ദി പറഞ്ഞു. അദ്ദേഹം ഒരു നടപ്പാതയിൽ ഉലാത്തുന്നതു പോലെ ശാന്തമായി കയറിലൂടെ നടക്കുമ്പോൾ യേശുവിനോടു പ്രാർത്ഥിക്കുകയും സ്തുതിക്കുകയും ചെയ്തു. കാറ്റ് പ്രതികൂലമായപ്പോൾ അദ്ദേഹം കുനിഞ്ഞു. പിന്നീട് എഴുന്നേറ്റ് സമനില വീണ്ടെടുത്തു, “ആ കേബിളിനെ ശാന്തമാക്കിയതിന്” ദൈവത്തിന് നന്ദി പറഞ്ഞു. ആ ഓരോ ചുവടിലും, അന്നത്തെ കാഴ്ചക്കാരോടും ഇന്നു ലോകമെമ്പാടും വീഡിയോ കാണുന്നവരോടും ക്രിസ്തുവിന്റെ ശക്തിയിലുള്ള തന്റെ ആശ്രയത്വം അദ്ദേഹം പ്രദർശിപ്പിച്ചു.

ഗലീല കടലിൽ ശക്തമായ കാറ്റും തിരമാലയും ഉയർന്നപ്പോൾ ശിഷ്യന്മാരെ ഭയം പിടികൂടി. സഹായത്തിനായുള്ള അവരുടെ നിലവിളി അവരുടെ ഭയത്തെ പ്രകടിപ്പിക്കുന്നതായിരുന്നു (മർക്കൊസ് 4:35-38). യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയപ്പോൾ, അവൻ കാറ്റിനെയും മറ്റെല്ലാറ്റിനെയും നിയന്ത്രിക്കുന്നുവെന്ന് അവർ മനസ്സിലാക്കി (വാ. 39-41). പതുക്കെ പതുക്കെ അവർ അവനിലുള്ള വിശ്വാസത്തിൽ വളരാൻ പഠിച്ചു. അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ യേശുവിന്റെ സാമീപ്യവും അസാധാരണമായ ശക്തിയും തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിച്ചു.

ജീവിതത്തിലെ കൊടുങ്കാറ്റുകൾ അനുഭവിക്കുമ്പോൾ അല്ലെങ്കിൽ കഷ്ടതയുടെ ആഴമേറിയ ഗർത്തത്തിനു മുകളിലൂടെ വിശ്വാസത്തിന്റെ കയറിൽ സഞ്ചരിക്കുമ്പോൾ, നമുക്ക് ക്രിസ്തുവിന്റെ ശക്തിയിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാൻ കഴിയും. തന്നിൽ പ്രത്യാശിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനായി ദൈവം നമ്മുടെ വിശ്വാസ-നടത്തത്തെ ഉപയോഗിക്കും.