മാർജിൻ എന്ന തന്റെ പുസ്തകത്തിൽ, ഡോ. റിച്ചാർഡ് സ്വെൻസൺ എഴുതുന്നു, “നമുക്ക് ശ്വസിക്കാൻ കുറച്ച് ഇടമുണ്ടായിരിക്കണം. നമുക്ക് ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും സുഖപ്പെടാനുള്ള അനുവാദവും വേണം. വേഗതയാൽ നമ്മുടെ ബന്ധങ്ങൾ പട്ടിണി കിടന്നു മരിക്കുന്നു. . . .” നമ്മുടെ കുട്ടികൾ മുറിവേറ്റ നിലയിൽ നിലത്ത് കിടക്കുന്നു, നമ്മുടെ അതിവേഗ സദുദ്ദേശ്യത്താൽ ചവിട്ടിമെതിക്കപ്പെടുന്നു. ദൈവം ഇപ്പോൾ ക്ഷീണിതനാണോ? അവൻ ഇനി ആളുകളെ സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്കു നയിക്കുകയില്ലേ? ഭൂതകാലത്തിന്റെ വിശാലമായ തുറസ്സായ സ്ഥലങ്ങൾ ആരാണ് കൊള്ളയടിച്ചത്, നമുക്ക് അവ എങ്ങനെ തിരികെ ലഭിക്കും?” സ്വെൻസൺ പറയുന്നത്, നമുക്ക് ജീവിതത്തിൽ ദൈവത്തിൽ വിശ്രമിക്കാനും അവനുമായി കണ്ടുമുട്ടാനും കഴിയുന്ന ശാന്തവും ശാദ്വലവുമായ ‘ഭൂമി’ ആവശ്യമുണ്ട് എന്നാണ്.

ഇതു നിങ്ങളുടെ ശബ്ദമായി തോന്നുന്നുണ്ടോ? തുറസ്സായ സ്ഥലങ്ങൾ തേടുന്നത്, മോശെ നന്നായി ജീവിച്ച ഒരു കാര്യമാണ്. ‘ശാഠ്യമുള്ളവരും മത്സരികളുമായ’ ഒരു ജനതയെ നയിച്ചുകൊണ്ടിരുന്ന (പുറപ്പാട് 33:5), അവൻ പലപ്പോഴും ദൈവസന്നിധിയിൽ വിശ്രമവും മാർഗ്ഗനിർദ്ദേശവും കണ്ടെത്താനായി അടുത്തുചെന്നു. അവന്റെ ‘സമാഗമന കൂടാരത്തിൽ’ (വാ. 7), ‘ഒരുത്തൻ തന്റെ സ്‌നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു’ (വാ. 11). യേശുവും ‘നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു’ (ലൂക്കൊസ് 5:16). പിതാവിനോടൊപ്പം ഏകാന്തമായി സമയം ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യം അവനും മോശെയും മനസ്സിലാക്കി.

വിശ്രമത്തിലും ദൈവസന്നിധിയിലും ചെലവഴിക്കുന്ന വിശാലവും തുറസ്സായതുമായ ചില ഇടങ്ങൾ, ചില മാർജിനുകൾ, നമ്മുടെ ജീവിതത്തിൽ നാമും കെട്ടിപ്പടുക്കേണ്ടതുണ്ട്. അവനോടൊപ്പം സമയം ചെലവഴിക്കുന്നത് മികച്ച തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കും-നമ്മുടെ ജീവിതത്തിൽ ആരോഗ്യകരമായ അരികുകളും അതിരുകളും സൃഷ്ടിക്കുന്നതിലൂടെ അവനെയും മറ്റുള്ളവരെയും നന്നായി സ്‌നേഹിക്കുന്നതിനുള്ള ബാൻഡ് വിഡ്ത്ത് ലഭ്യമാകുന്നു.

നമുക്ക് ഇന്ന് തുറസ്സായ സ്ഥലങ്ങളിൽ ദൈവത്തെ അന്വേഷിക്കാം.