“നിങ്ങളുടെ തേനീച്ചകൾ പറന്നുപോകുന്നു!” എന്റെ ഭാര്യ വാതിലിനുള്ളിലേക്കു തലകടത്തി എനിക്ക്, തേനീച്ച വളർത്തുന്ന ഒരാളും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത തന്നു. ഞാൻ പുറത്തേക്ക് ഓടി, ആയിരക്കണക്കിന് തേനീച്ചകൾ കൂട്ടിൽ നിന്ന് പറന്ന് ഉയരമുള്ള ഒരു പൈൻ മരത്തിന്റെ മുകളിൽ പറ്റിയിരിക്കുന്നത് കണ്ടു, അവ ഇനി ഒരിക്കലും മടങ്ങിവരില്ല.

തേനീച്ചകൾ കൂടു വിടുന്നതിന്റെ സൂചനകൾ മനസ്സിലാക്കുന്നതിൽ ഞാൻ അൽപ്പം പിന്നിലായിരുന്നു; ഒരാഴ്ചയിലധികമായി വീശിയടിച്ച കൊടുങ്കാറ്റ് എന്റെ പരിശോധനകളെ തടസ്സപ്പെടുത്തി. രാവിലെ കൊടുങ്കാറ്റ് അവസാനിച്ചതും തേനീച്ചകൾ പോയി. കോളനി പുതിയതും ആരോഗ്യകരവുമായിരുന്നു, പുതിയതൊന്ന് ആരംഭിക്കുന്നതിനായി തേനീച്ചകൾ യഥാർത്ഥത്തിൽ കോളനിയെ വിഭജിക്കുകയായിരുന്നു. “നിങ്ങൾ വിഷമിക്കരുത്” എന്റെ നിരാശ കണ്ട പരിചയസമ്പന്നനായ ഒരു തേനീച്ച വളർത്തുകാരൻ സന്തോഷത്തോടെ എന്നോട് പറഞ്ഞു, ‘ഇത് ആർക്കും സംഭവിക്കാം!’

പ്രോത്സാഹനം ഒരു നല്ല വരമാണ്. ശൗൽ തന്റെ ജീവനെടുക്കാൻ വേണ്ടി പിന്തുടരുന്നതിൽ ദാവീദ് നിരാശനായപ്പോൾ, ശൗലിന്റെ മകനായ യോനാഥാൻ ദാവീദിനെ പ്രോത്സാഹിപ്പിച്ചു. “ഭയപ്പെടേണ്ട,” യോനാഥാൻ പറഞ്ഞു. “എന്റെ അപ്പനായ ശൗലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൗലും അറിയുന്നു” (1 ശമൂവേൽ 23:17).

സിംഹാസനാവകാശിയായ ഒരാളുടെ നിസ്വാർത്ഥ വാക്കുകളാണ് അത്. ദൈവം ദാവീദിനോടൊപ്പമുണ്ടെന്ന് യോനാഥാൻ തിരിച്ചറിഞ്ഞിരിക്കാം, അതിനാൽ അവൻ വിശ്വാസത്തിന്റെ താഴ്മയുള്ള ഹൃദയത്തിൽ നിന്നാണ് സംസാരിച്ചത്.

നമുക്ക് ചുറ്റും പ്രോത്സാഹനം ആവശ്യമുള്ളവർ ധാരാളമുണ്ട്. നാം ദൈവമുമ്പാകെ നമ്മെത്തന്നെ താഴ്ത്തുകയും നമ്മിലൂടെ അവരെ സ്‌നേഹിക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്യുമ്പോൾ അവരെ സഹായിക്കാൻ ദൈവം നമ്മെ സഹായിക്കും.