സഭാരാധനയ്‌ക്കൊടുവിൽ പാസ്റ്ററുടെ ക്ഷണപ്രകാരം ലാട്രിസ് മുൻനിരയിലേക്ക് നടന്നു. സഭയെ അഭിവാദ്യം ചെയ്യാൻ അവളെ ക്ഷണിച്ചപ്പോൾ, അവൾ സംസാരിച്ച കനമുള്ളതും അതിശയകരവുമായ വാക്കുകൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവൾ അമേരിക്കയിലെ കെന്റക്കിയിൽ 2021 ഡിസംബറിൽ ആഞ്ഞടിച്ച വിനാശകരമായ ചുഴലിക്കാറ്റിൽ അവളുടെ ഏഴ് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടനന്തരം ഇവിടേക്കു താമസം മാറ്റിയതായിരുന്നു. “ദൈവം എന്നോടൊപ്പമുള്ളതിനാൽ എനിക്ക് ഇപ്പോഴും പുഞ്ചിരിക്കാൻ കഴിയും,” അവൾ പറഞ്ഞു. പരിശോധനയിൽ തകർന്നുവെങ്കിലും, അവളുടെ സാക്ഷ്യം സ്വന്തം വെല്ലുവിളികൾ നേരിടുന്നവർക്ക് ശക്തമായ പ്രോത്സാഹനമായിരുന്നു.

22-ാം സങ്കീർത്തനത്തിലെ ദാവീദിന്റെ വാക്കുകൾ (യേശുവിന്റെ കഷ്ടപ്പാടുകളിലേക്ക് വിരൽ ചൂണ്ടുന്നവ) ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയയതും (വാ. 1), മറ്റുള്ളവരാൽ നിന്ദിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തതും (വാ. 6-8), വേട്ടക്കാരാൽ ചുറ്റപ്പെട്ടതുമായ (വാ. 12-13) ഒരുവന്റെ വാക്കുകളായിരുന്നു. അവന് ബലഹീനതയും തളർച്ചയും അനുഭവപ്പെട്ടു (വാ. 14-18). എങ്കിലും അവൻ നിരാശനായിരുന്നില്ല. “നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ” (വാ. 19). നിങ്ങളുടെ ഇപ്പോഴത്തെ വെല്ലുവിളി-ദാവീദിന്റെയോ ലാട്രീസിന്റെയോ പോലെയുള്ളതല്ലെങ്കിലും-അതുപോലെ തന്നെ യഥാർത്ഥമാണ്. 24-ാം വാക്യത്തിലെ വാക്കുകൾ അർത്ഥവത്താണ്: “അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തത്.” നാം ദൈവത്തിന്റെ സഹായം അനുഭവിക്കുമ്പോൾ, മറ്റുള്ളവർക്ക് അത് കേൾക്കാൻ കഴിയുന്ന തരത്തിൽ നമുക്ക് അവന്റെ നന്മ പ്രഖ്യാപിക്കാം (വാ. 22).