ജീവിതാഭിലാഷമായിരുന്ന ഒരു യാത്രയ്ക്കായി വർഷം മുഴുവനും പണം സ്വരൂപിച്ച ശേഷം, അമേരിക്കയിലെ ഒക്ക്ലഹോമ ഹൈസ്കൂളിൽ നിന്നുള്ള മുതിർന്ന വിദ്യാർത്ഥികൾ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അവരിൽ പലരും ഒരു വിമാനക്കമ്പനിയെന്ന വ്യാജേന ഒരു വ്യാജ കമ്പനിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നു മനസ്സിലാക്കിയത്. “ഇത് ഹൃദയഭേദകമാണ്,” ഒരു സ്കൂൾ അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. എന്നിരുന്നാലും, തങ്ങളുടെ പദ്ധതികൾ മാറ്റേണ്ടിവന്നെങ്കിലും, വിദ്യാർത്ഥികൾ ‘അത് പരമാവധി പ്രയോജനപ്പെടുത്താൻ’ തീരുമാനിച്ചു. ടിക്കറ്റുകൾ ഉറപ്പുനൽകിയ അടുത്തുള്ള വിനോദ കേന്ദ്രങ്ങളിൽ അവർ രണ്ടു ദിവസം ആസ്വദിച്ചു.
പരാജയപ്പെട്ടതോ മാറ്റം വരുത്തിയതോ ആയ പ്ലാനുകൾ കൈകാര്യം ചെയ്യുന്നത് നിരാശാജനകമോ ഹൃദയഭേദകമോ ആകാം. പ്രത്യേകിച്ചും നാം അതിനായി സമയമോ പണമോ വികാരമോ നിക്ഷേപിച്ചിട്ടുള്ളപ്പോൾ. ദൈവത്തിന് ഒരു ആലയം പണിയാൻ ദാവീദ് രാജാവിന് ആഗ്രഹമുണ്ടായിരുന്നു (1 ദിനവൃത്താന്തം 28:2), എന്നാൽ ദൈവം അവനോട് പറഞ്ഞു: “നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത് . . . . നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും” (വാ. 3, 6). ദാവീദ് നിരാശനായില്ല. യിസ്രായേലിന്റെ രാജാവായി തന്നെ തിരഞ്ഞെടുത്തതിന് അവൻ ദൈവത്തെ സ്തുതിച്ചു, കൂടാതെ ആലയത്തിന്റെ പൂർത്തീകരണത്തിനുള്ള പദ്ധതികൾ ശലോമോനെ ഏൽപ്പിച്ചു (വാ. 11-13). അങ്ങനെ ചെയ്തതിനുശേഷം അവൻ ശലോമോനെ പ്രോത്സാഹിപ്പിച്ചു: “ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ട്” (വാക്യം 20).
നമ്മുടെ പദ്ധതികൾ പരാജയപ്പെടുമ്പോൾ, കാരണം എന്തുതന്നെയായാലും, ‘[നമുക്കുവേണ്ടി] കരുതുന്ന’ (1 പത്രൊസ് 5:7) ദൈവത്തിലേക്ക് നമ്മുടെ നിരാശയെ കൊണ്ടുവരാൻ കഴിയും. നമ്മുടെ നിരാശ കൃപയോടെ കൈകാര്യം ചെയ്യാൻ അവൻ നമ്മെ സഹായിക്കും.
എപ്പോഴാണ് നിങ്ങൾ ഒരുപാട് പദ്ധതികൾ ആസൂത്രണം ചെയ്യുകയും അവ പരാജയപ്പെടുകയും ചെയ്തിട്ടുള്ളത്? നിങ്ങളുടെ നിരാശയെ നേരിടാൻ നിങ്ങളെ സഹായിച്ചത് എന്താണ്?
പ്രിയ ദൈവമേ, അങ്ങയുടെ വാഗ്ദത്തങ്ങളും പദ്ധതികളും ഒരിക്കലും പരാജയപ്പെടാത്തതിന് നന്ദി. എന്റെ പദ്ധതികൾ പരാജയപ്പെടുമ്പോൾ എന്നെ സഹായിക്കണമേ.