എന്റെ ലാപ്ടോപ്പ് മുമ്പിൽ വെച്ചുകൊണ്ട് ജോലി ദിനത്തിന്റെ അവസാനത്തെ സ്വസ്ഥതയിൽ ഞാൻ ഇരുന്നു. അന്ന് പൂർത്തിയാക്കിയ ജോലിയെക്കുറിച്ച് ഞാൻ ആഹ്ലാദിക്കണമായിരുന്നു, പക്ഷേ ഞാൻ അതു ചെയ്തില്ല. ഞാൻ ക്ഷീണിതയായിരുന്നു. ജോലിസ്ഥലത്തെ ഒരു പ്രശ്നത്തെക്കുറിച്ചുള്ള ഉത്കണ്ഠയുടെ ഭാരം കൊണ്ട് എന്റെ തോളുകൾ വേദനിച്ചു, തകർന്ന ഒരു ബന്ധത്തെക്കുറിച്ച് ചിന്തിച്ച് എന്റെ മനസ്സ് തളർന്നിരുന്നു. അതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഞാൻ ആഗ്രഹിച്ചു-അന്ന് രാത്രി ടിവി കാണുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചു.
പക്ഷേ ഞാൻ കണ്ണടച്ചു. “കർത്താവേ,” ഞാൻ മന്ത്രിച്ചു. കൂടുതൽ പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു. എന്റെ ക്ഷീണമെല്ലാം ആ ഒരു വാക്കിൽ മാറിപ്പോയി. അവിടേക്കുതന്നെയാണ് അവ പോകേണ്ടതെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.
“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും’’ (മത്തായി 11:28) യേശു പറയുന്നു. നല്ല ഉറക്കത്തിൽ നിന്നു ലഭിക്കുന്ന ആശ്വാസമല്ല. ടെലിവിഷൻ വാഗ്ദാനം ചെയ്യുന്ന, യാഥാർത്ഥ്യത്തിൽ നിന്നുള്ള ഇടവേളയല്ല. ഒരു പ്രശ്നം പരിഹരിച്ചാൽ പോലും ആശ്വാസം കിട്ടുന്നില്ല. അവ വിശ്രമത്തിനുള്ള നല്ല സ്രോതസ്സുകളാണെങ്കിലും, അവ നൽകുന്ന വിശ്രമം ഹ്രസ്വകാലത്തേക്കുള്ളതും നമ്മുടെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നതുമാണ്.
നേരെമറിച്ച്, യേശു നൽകുന്ന വിശ്രമം നിലനിൽക്കുന്നതും അവന്റെ മാറ്റമില്ലാത്ത സ്വഭാവത്താൽ ഉറപ്പിക്കപ്പെട്ടതുമാണ്. അവൻ എപ്പോഴും നല്ലവനാണ്. പ്രശ്നങ്ങൾക്കിടയിലും അവൻ നമ്മുടെ ആത്മാക്കൾക്ക് യഥാർത്ഥ വിശ്രമം നൽകുന്നു, കാരണം എല്ലാം അവന്റെ നിയന്ത്രണത്തിലാണെന്ന് നമുക്കറിയാം. അവനു മാത്രം നൽകാൻ കഴിയുന്ന ശക്തിയും പുനഃസ്ഥാപനവും കാരണം നമുക്ക് അവനിൽ വിശ്വസിക്കാനും സമർപ്പിക്കാനും പ്രയാസകരമായ സാഹചര്യങ്ങളിൽ മുന്നേറാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയും.
“എന്റെ അടുക്കൽ വരുവിൻ, ‘യേശു നമ്മോടു പറയുന്നു.’ എന്റെ അടുക്കൽ വരുവിൻ.”
നിങ്ങളുടെ ആത്മാവ് ക്ഷീണിച്ചിരിക്കുമ്പോൾ, നിങ്ങൾ വിശ്രമത്തിനായി എവിടേക്കു പോകും? അവന്റെ അടുക്കലേക്കു ചെല്ലാൻ നിങ്ങളെ ക്ഷണിക്കുന്ന യേശുവിനോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും?
സ്വർഗ്ഗീയ പിതാവേ, യഥാർത്ഥ വിശ്രമം അങ്ങയിൽ മാത്രമേ കണ്ടെത്തുകയുള്ളൂ എന്ന് എന്നെ ഓർമ്മിപ്പിക്കണമേ.