ബീപ് ബേസ്‌ബോളിൽ, അന്ധരായ കളിക്കാർ എന്തുചെയ്യണം, എവിടേക്ക് പോകണം എന്നറിയാൻ ബോളിന്റെ ബീപിംഗ് അല്ലെങ്കിൽ ബേസിന്റെ മുഴക്കം എന്നിവ ശ്രദ്ധിക്കുന്നു. കണ്ണുമൂടിക്കെട്ടിയ ബാറ്ററും (അന്ധതയുടെ വിവിധ തലങ്ങൾ കണക്കാക്കാൻ) കാഴ്ചയുള്ള പിച്ചറും ഒരേ ടീമിലാണ്. ഒരു ബാറ്റർ ബാറ്റ് വീശുകയും ബീപ്പിംഗ് ബോൾ അടിക്കുകയും ചെയ്യുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ മുഴങ്ങുന്ന ബേസിലേക്ക് ഓടുന്നു. ബാറ്റർ ബേസിലെത്തുന്നതിനുമുമ്പ് ഒരു ഫീൽഡർ പന്ത് ‘പിടിച്ചാൽ’ ബാറ്റർ ഔട്ട്; അല്ലെങ്കിൽ, ബാറ്റർ ഒരു റൺ നേടുന്നു. വ്യക്തമായ വഴിയും ദിശയും ഉണ്ടെന്ന് അറിയാവുന്നതിനാൽ ‘ഓട്ടത്തിൽ വലിയ സ്വാതന്ത്ര്യം’ അനുഭവപ്പെടുന്നു എന്നതാണ് ഏറ്റവും നല്ല ഭാഗമെന്ന് ഒരു കളിക്കാരൻ അഭിപ്രായപ്പെട്ടു.

‘ദൈവം നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു’ (26:7) എന്ന് യെശയ്യാവിന്റെ പുസ്തകം നമ്മോട് പറയുന്നു. ഇത് എഴുതിയപ്പോൾ, യിസ്രായേല്യരുടെ പാത സുഗമമായി കാണപ്പെട്ടിരുന്നില്ല; അനുസരണക്കേടിന്റെ പേരിൽ അവർ ദൈവിക ന്യായവിധി അനുഭവിക്കുകയായിരുന്നു. വിശ്വാസത്തിലും അനുസരണത്തിലും -പലപ്പോഴും ദുഷ്‌കരവും എന്നാൽ സുഗമവുമായ പാതയിൽ – നടക്കാൻ യെശയ്യാവ് അവരെ ഉദ്‌ബോധിപ്പിച്ചു ദൈവത്തിന്റെ “നാമവും കീർത്തിയും” (വാക്യം 8) അവരുടെ ഹൃദയത്തിന്റെ ശ്രദ്ധാകേന്ദ്രമാകണമായിരുന്നു.

യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നാം അനുസരണത്തിൽ അവന്റെ വഴികൾ പിന്തുടരുമ്പോൾ ദൈവത്തെക്കുറിച്ച് കൂടുതൽ അറിയുകയും അവന്റെ വിശ്വസ്ത സ്വഭാവത്തിലുള്ള നമ്മുടെ വിശ്വാസം വളരുകയും ചെയ്യുന്നു. നമ്മുടെ ജീവിത പാത എല്ലായ്‌പ്പോഴും സുഗമമായി കാണപ്പെടണമെന്നില്ല, പക്ഷേ ദൈവം നമ്മോടൊപ്പമുണ്ടെന്നും ഒരു വഴി നിരത്തുന്നുവെന്നും അവനിൽ വിശ്വസിച്ചുകൊണ്ട് ഉറപ്പുള്ളവരായിരിക്കാൻ നമുക്കു കഴിയും. നമുക്ക് വേണ്ടിയുള്ള ദൈവത്തിന്റെ ഏറ്റവും നല്ല പാതയിൽ അനുസരണയോടെ നടക്കുമ്പോൾ നമുക്കും സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയും.