ഒരുപക്ഷേ, ബ്രയനോടൊപ്പം ഒരു ഓട്ടമത്സരത്തിൽ ചേരാൻ ഞാൻ സമ്മതിക്കരുതായിരുന്നു. ഞാൻ ഒരു വിദേശ രാജ്യത്തായിരുന്നു, എവിടേക്കെന്നോ എത്ര ദൂരം ഓടണമെന്നോ, ഭൂപ്രദേശം എങ്ങനെയായിരിക്കുമെന്നോ എനിക്കറിയില്ലായിരുന്നു. കൂടാതെ, അവൻ ഒരു അതിവേഗ ഓട്ടക്കാരനായിരുന്നു. അവനോടൊപ്പം എത്താൻ ശ്രമിച്ച് ഞാൻ കാലിടറി വീഴുമോ? ബ്രയന് വഴി അറിയാമായിരുന്നതിനാൽ അവനെ വിശ്വസിക്കുകയല്ലാതെ എനിക്ക് മറ്റെന്തു ചെയ്യാൻ കഴിയും? ഞങ്ങൾ ഓടിത്തുടങ്ങിയപ്പോൾ, ഞാൻ കൂടുതൽ ആശങ്കാകുലനായി. പാത പരുക്കനും വളഞ്ഞുപുളഞ്ഞതും കൊടും വനത്തിലൂടെയുള്ളതുമായിരുന്നു. ഭാഗ്യവശാൽ, ഞാൻ പിന്തുടരുന്നുണ്ടോയെന്നു പരിശോധിക്കാനും വരാനിരിക്കുന്ന കഠിന സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ബ്രയൻ തിരിഞ്ഞുകൊണ്ടിരുന്നു.

അപരിചിതമായ പ്രദേശത്തേക്ക് പ്രവേശിക്കുമ്പോൾ, ബൈബിൾ കാലഘട്ടത്തിലെ ചില ആളുകൾക്ക് – കനാനിലെ അബ്രഹാം, മരുഭൂമിയിലെ യിസ്രായേല്യർ, സുവാർത്ത പങ്കുവെക്കാനുള്ള തങ്ങളുടെ ദൗത്യമേറ്റെടുത്ത യേശുവിന്റെ ശിഷ്യന്മാർ ആദിയായവർ – ഇങ്ങനെയായിരുന്നു തോന്നിയത്. യാത്ര ദുഷ്‌കരമായിരിക്കും എന്നതൊഴിച്ചാൽ എങ്ങനെയായിരിക്കുമെന്ന് അവർക്ക് ഒരു സൂചനയും ഇല്ലായിരുന്നു. എന്നാൽ മുന്നോട്ടുള്ള വഴി അറിയുന്ന ഒരാൾ അവരെ നയിച്ചു. ദൈവം തങ്ങൾക്ക് നേരിടാനുള്ള ശക്തി നൽകുമെന്നും അവൻ അവരെ പരിപാലിക്കുമെന്നും അവർ വിശ്വസിക്കണമായിരുന്നു. എന്താണ് വരാനിരിക്കുന്നതെന്ന് അവന് കൃത്യമായി അറിയാമായിരുന്നതുകൊണ്ട് അവർക്ക് അവനെ അനുഗമിക്കാൻ കഴിയുമായിരുന്നു.

ശൗലിന്റെ മുമ്പിൽ നിന്ന് ഓടിപ്പോയപ്പോൾ ഈ ഉറപ്പ് ദാവീദിനെ ആശ്വസിപ്പിച്ചു. വലിയ അനിശ്ചിതത്വത്തിനിടയിലും അവൻ ദൈവത്തോട് പറഞ്ഞു: ‘എന്റെ ആത്മാവു എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാതയെ അറിയുന്നു’ (സങ്കീർത്തനം 142:3). ജീവിതത്തിൽ വരാനിരിക്കുന്നതിൽ ഭയാനക സമയങ്ങൾ ഉണ്ടാകും. എന്നാൽ നമുക്കത് അറിയാം കാരണം, നമ്മോടുകൂടെ നടക്കുന്ന നമ്മുടെ ദൈവത്തിന് വഴി അറിയാം.