ഞാൻ ചേമ്പറിൽ സ്വസ്ഥമായതിനുശേഷം, എന്റെ ശരീരം വെള്ളത്തിന് മുകളിൽ സുഖമായി പൊങ്ങിക്കിടന്നു, മുറി ഇരുട്ടിലായി, പശ്ചാത്തലത്തിൽ മുഴങ്ങിയിരുന്ന മൃദുവായ സംഗീതം നിശബ്ദമായി. സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ആശ്വാസം നൽകുന്ന ഐസൊലേഷൻ ടാങ്കുകൾ സൗഖ്യദായകമാണെന്ന് ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്തതായിരുന്നു. ലോകത്തിന്റെ അരാജകത്വം നിലച്ചതുപോലെ തോന്നി, എന്റെ ഉള്ളിലെ ചിന്തകൾ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ഞാൻ ആ അനുഭവത്തെ സന്തുലിതവും പുനരുജ്ജീവിപ്പിക്കുന്നതുമായി നിലനിർത്തി, നിശ്ചലതയിൽ ശക്തിയുണ്ടെന്ന് ഓർമ്മിപ്പിച്ചു.

നമ്മുടെ ശക്തി പുതുക്കുകയും ഓരോ ദിവസവും നാം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ആവശ്യമായ ജ്ഞാനം നൽകുകയും ചെയ്യുന്ന ദൈവത്തിന്റെ സാന്നിധ്യത്തിന്റെ നിശ്ചലതയിൽ നമുക്ക് ഏറ്റവും സുഖമായി വിശ്രമിക്കാൻ കഴിയും. നമ്മൾ മിണ്ടാതിരിക്കുമ്പോൾ, നമ്മുടെ ജീവിതത്തിലെ ശബ്ദത്തെ നിശ്ശബ്ദമാക്കുകയും, നമ്മുടെ ജീവിതത്തിലെ ശ്രദ്ധാശൈഥില്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുമ്പോൾ, അവൻ നമ്മെ ശക്തിപ്പെടുത്തുന്നു, അങ്ങനെ നമുക്ക് അവന്റെ സൗമ്യമായ ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാനാകും (സങ്കീർത്തനം 37:7).

ഇന്ദ്രിയങ്ങളെ ഇല്ലായ്മ ചെയ്യുന്ന ചേമ്പറുകൾ തീർച്ചയായും നിശ്ചലതയുടെ ഒരു രൂപമാണെങ്കിലും, തന്നോടൊപ്പം തടസ്സങ്ങളില്ലാതെ സമയം ചെലവഴിക്കാനുള്ള ലളിതമായ മാർഗം ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു. അവൻ പറയുന്നു: “നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക” (മത്തായി 6:6). തന്റെ മഹത്തായ സാന്നിധ്യത്തിന്റെ നിശ്ശബ്ദതയിൽ ജീവിതത്തിന്റെ വെല്ലുവിളികൾക്കുള്ള ഉത്തരം തേടുമ്പോൾ ദൈവം നമ്മുടെ ചുവടുകളെ നയിക്കുകയും അവന്റെ നീതി നമ്മിലൂടെ പ്രകാശമാനമാക്കുകയും ചെയ്യും (സങ്കീർത്തനം 37:5-6).