1906 ൽ നടന്ന ബേസ്ബോളിന്റെ വേൾഡ് സീരീസിന് മുമ്പ്, കായിക എഴുത്തുകാരൻ ഹ്യൂ ഫുള്ളർട്ടൺ ഒരു സൂക്ഷ്മമായ പ്രവചനം നടത്തി. ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിക്കാഗോ കബ്സ് ഒന്നും മൂന്നും ഗെയിമുകൾ തോൽക്കുകയും രണ്ടാമത്തേത് ജയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അയ്യോ, നാലാം തിയതി മഴ പെയ്യുകയു ചെയ്യും. അദ്ദേഹം പറഞ്ഞ ഓരോ സംഗതിയും അതുപോലെ സംഭവിച്ചു. പിന്നീട്, 1919-ൽ, ചില കളിക്കാർ വേൾഡ് സീരീസ് ഗെയിമുകൾ മനഃപൂർവം തോൽക്കുമെന്ന് അദ്ദേഹം തന്റെ വിശകലന കഴിവുകൾ ഉപയോഗിച്ചു പറഞ്ഞു. ചൂതാട്ടക്കാർ കൈക്കൂലി നൽകിയതായി ഫുള്ളർട്ടൺ സംശയിച്ചു. ജനങ്ങൾ അദ്ദേഹത്തെ പരിഹസിച്ചു. വീണ്ടും, അദ്ദേഹം പറഞ്ഞത് ശരിയായി.
ഫുള്ളർട്ടൺ ഒരു പ്രവാചകനല്ലായിരുന്നു-തെളിവുകൾ പഠിച്ച ഒരു ജ്ഞാനി മാത്രമായിരുന്നു. യിരെമ്യാവ് ഒരു യഥാർത്ഥ പ്രവാചകനായിരുന്നു, അദ്ദേഹത്തിന്റെ പ്രവചനങ്ങൾ എല്ലായ്പ്പോഴും സത്യമായിരുന്നു. കാളയുടെ നുകം ധരിച്ചുകൊണ്ട്, ബാബിലോന്യർക്ക് കീഴടങ്ങി ജീവിക്കാൻ യിരെമ്യാവ് യെഹൂദ്യരോട് പറഞ്ഞു (യിരെ. 27: 2, 12). കള്ളപ്രവാചകനായ ഹനന്യാവ് അവനോട് എതിർത്ത് ആ നുകം ഒടിച്ചുകളഞ്ഞു (28:2-4, 10). യിരെമ്യാവ് അവനോടു പറഞ്ഞു: “ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; … ഈ ആണ്ടിൽ നീ മരിക്കും’’ (വാ. 15,16). “അങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നേ ഏഴാം മാസത്തിൽ മരിച്ചു” (വാ. 17).
പുതിയ നിയമം നമ്മോട് പറയുന്നു, ”ദൈവം പണ്ടു … പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു” (എബ്രായർ 1:1-2). യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയിലൂടെയും തിരുവെഴുത്തുകളിലൂടെയും പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിലൂടെയും ദൈവത്തിന്റെ സത്യം ഇന്നും നമ്മെ പഠിപ്പിക്കുന്നു.
എന്ത് വലിയ ചോദ്യങ്ങളാണ് നിങ്ങളെ അലട്ടുന്നത്? യേശു പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ച് കൂടുതലറിയുന്നതിലൂടെ നിങ്ങൾക്ക് അവയെക്കുറിച്ച് എന്തു പഠിക്കാനാകും?
പിതാവേ, എനിക്ക് ഇന്ന് വലിയ ചോദ്യങ്ങളുണ്ട്, അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കാൻ അങ്ങയുടെ ആത്മാവ് എനിക്കാവശ്യമാണ്. എനിക്ക് കാണാൻ കഴിയാത്ത കാര്യങ്ങളിൽ അങ്ങയെ വിശ്വസിക്കാൻ എന്നെ സഹായിക്കണമേ.