2014-ൽ, ഫിലിപ്പീൻസിൽ നിന്ന് ജീവശാസ്ത്രജ്ഞന്മാർ ഒരു ജോഡി ഓറഞ്ച് പിഗ്മി കടൽക്കുതിരകളെ പിടികൂടി. അവർ കടൽ ജീവികളെ, അവയുടെ ആവാസകേന്ദരമായ ഓറഞ്ച് കടൽവിശറി എന്ന പവിഴപ്പുറ്റിനോടൊപ്പം (Orange coral sea fan) സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ അക്കാദമി ഓഫ് സയൻസസിലേക്ക് കൊണ്ടുപോയി. പിഗ്മി കടൽക്കുതിരകൾ ജനിക്കുന്നത് അവയുടെ മാതാപിതാക്കളുടെ നിറത്തിനനുയോജ്യമായാണോ അതോ പരിസ്ഥിതിയുടെ നിറത്തിനനുയോജ്യമായാണോ എന്ന് ശാസ്ത്രജ്ഞർക്ക് അറിയണമായിരുന്നു. പിഗ്മി കടൽക്കുതിരകൾ മങ്ങിയ തവിട്ടുനിറത്തിലുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയപ്പോൾ, ശാസ്ത്രജ്ഞർ ഒരു പർപ്പിൾ കോറൽ സീ ഫാൻ ടാങ്കിൽ വച്ചു. ഓറഞ്ച് നിറമുള്ള മാതാപിതാക്കൾക്കു ജനിച്ച കുഞ്ഞുങ്ങൾ, പർപ്പിൾ സീ ഫാനുമായി പൊരുത്തപ്പെടുന്നതിന് നിറം മാറ്റി. സ്വാഭാവികമായ അവയുടെ ദുർബലത കാരണം, അവയുടെ നിലനിൽപ്പ്, പരിസ്ഥിതിയുമായി ലയിക്കാനായി ദൈവം അവയ്ക്കു നൽകിയ കഴിവിനെ ആശ്രയിച്ചിരിക്കുന്നു.
പ്രകൃതിയിൽ ഉപയോഗപ്രദമായ ഒരു പ്രതിരോധ സംവിധാനമാണ് ബ്ലെൻഡിംഗ്-ഇൻ (അനുരൂപപ്പെടുക). എന്നിരുന്നാലും, രക്ഷ നേടാനും നമ്മുടെ ജീവിത രീതിയിലൂടെ ലോകത്തിൽ വേറിട്ടുനിൽക്കാനും ദൈവം എല്ലാ ആളുകളെയും ക്ഷണിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തെ ബഹുമാനിക്കാനും നമ്മുടെ ശരീരങ്ങളെ “ജീവനുള്ള യാഗമായി”അർപ്പിച്ചുകൊണ്ട് അവനെ ആരാധിക്കാനും അപ്പൊസ്തലനായ പൗലൊസ് യേശുവിൽ വിശ്വസിക്കുന്നവരോട് ആവശ്യപ്പെടുന്നു (റോമർ 12:1). പാപം ബാധിച്ച മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ ദുർബലത കാരണം, വിശ്വാസികൾ എന്ന നിലയിലുള്ള നമ്മുടെ ആത്മീയ ആരോഗ്യം ദൈവത്തെ നിരസിക്കുകയും പാപത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന “ഈ ലോകത്തിന്റെ മാതൃക’’യ്ക്ക് അനുസരിച്ചാകാതിരിക്കാൻ പരിശുദ്ധാത്മാവ് നമ്മുടെ മനസ്സിനെ “പുതുക്കുകയും” നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു (വാ. 2).
ഈ ലോകത്തോട് അനുരൂപരാകുക എന്നതിനർത്ഥം തിരുവെഴുത്തുകൾക്ക് വിരുദ്ധമായി ജീവിക്കുക എന്നാണ്. എന്നിരുന്നാലും, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, നമുക്ക് യേശുവിനെപ്പോലെ കാണാനും സ്നേഹിക്കാനും കഴിയും!
നിങ്ങൾ എങ്ങനെയാണ് ലോകവുമായി ഇഴുകിച്ചേർന്നിട്ടുള്ളത്? ദൈവം നിങ്ങളെ എങ്ങനെയാണ് മാറ്റിയത്?
പ്രിയ ദൈവമേ, ഓരോ ദിവസവും എന്നെ കൂടുതൽ യേശുവിനെപ്പോലെ ആക്കണമേ.