ആൻ തന്റെ ഓറൽ സർജനുമായി -വർഷങ്ങളായി അവൾക്ക് പരിചയമുള്ള ഒരു ഫിസിഷ്യൻ – ഒരു പ്രാഥമിക പരിശോധനയ്ക്കായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അദ്ദേഹം അവളോട് ചോദിച്ചു, “നിനക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?” അവൾ പറഞ്ഞു, “ഉണ്ട്. കഴിഞ്ഞ ഞായറാഴ്ച താങ്കൾ പള്ളിയിൽ പോയിരുന്നോ?” അവളുടെ ചോദ്യം വിധിക്കാനുദ്ദേശിച്ചുള്ളതായിരുന്നില്ല, മറിച്ച് വിശ്വാസത്തെക്കുറിച്ചുള്ള ഒരു സംഭാഷണം ആരംഭിക്കാൻ വേണ്ടിയായിരുന്നു.
സർജൻ പോസിറ്റീവായ സഭാ അനുഭവം കുറവുള്ള ആളായിരുന്നു, അദ്ദേഹം പിന്നീട് സഭയിൽ പോയിട്ടില്ല. ആനിന്റെ ചോദ്യവും അവരുടെ സംഭാഷണവും കാരണം, തന്റെ ജീവിതത്തിൽ യേശുവിന്റെയും സഭയുടെയും പങ്കിനെക്കുറിച്ച് അദ്ദേഹം പുനർവിചിന്തനം ചെയ്തു. ആൻ പിന്നീട് അദ്ദേഹത്തിന്റെ പേര് എഴുതിയ ഒരു ബൈബിൾ കൊടുത്തപ്പോൾ കണ്ണീരോടെയാണ് ഡോക്ടർ അത് സ്വീകരിച്ചത്.
ചിലപ്പോൾ നാം ഏറ്റുമുട്ടലിനെ ഭയപ്പെടുന്നു അല്ലെങ്കിൽ നമ്മുടെ വിശ്വാസം പങ്കിടുന്നതിൽ വളരെ തീവ്രതയുള്ളവരായി തോന്നാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ യേശുവിനെക്കുറിച്ച് സാക്ഷ്യം വഹിക്കാൻ വിജയകരമായ ഒരു മാർഗ്ഗമുണ്ട്-ചോദ്യങ്ങൾ ചോദിക്കുക.
ദൈവമായവനും എല്ലാം അറിയാവുന്നവനുമായ ഒരു മനുഷ്യൻ, യേശു, തീർച്ചയായും ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. അവന്റെ ഉദ്ദേശ്യങ്ങൾ നമുക്കറിയില്ലെങ്കിലും, അവന്റെ ചോദ്യങ്ങൾ പ്രതികരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു എന്നത് വ്യക്തമാണ്. അവൻ തന്റെ ശിഷ്യനായ അന്ത്രെയൊസിനോട്, “നിങ്ങൾ എന്തു അന്വേഷിക്കുന്നു?” (യോഹന്നാൻ 1:38) എന്നു ചോദിച്ചു. അവൻ അന്ധനായ ബർത്തിമായിയോട്, “ഞാൻ നിനക്കു എന്തു ചെയ്യേണം?” എന്ന് ചോദിച്ചു (മർക്കൊസ് 10:51; ലൂക്കൊസ് 18:41). തളർവാതരോഗിയോട് അവൻ ചോദിച്ചു: “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ?” (യോഹന്നാൻ 5:6). യേശുവിന്റെ ആദ്യ ചോദ്യത്തിനു ശേഷം ഈ ഓരോ വ്യക്തിക്കും രൂപാന്തരം സംഭവിച്ചു.
വിശ്വാസപരമായ കാര്യങ്ങളിൽ നിങ്ങൾ സമീപിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ? നിങ്ങൾക്ക് ചോദിക്കാനുള്ള ശരിയായ ചോദ്യങ്ങൾ നൽകാൻ ദൈവത്തോട് ആവശ്യപ്പെടുക.
നേരിട്ടുള്ള പ്രസ്താവനകളേക്കാൾ ചോദ്യങ്ങൾ മികച്ച സംഭാഷണത്തിന് തുടക്കമിടുന്നത് എന്തുകൊണ്ട്? ആത്മീയ സഹായം ആവശ്യമുള്ളവരോട് നിങ്ങൾക്ക് എന്ത് ചോദ്യങ്ങൾ ചോദിക്കാൻ കഴിയും?
പ്രിയ യേശുവേ, പരിവർത്തനത്തിലേക്ക് നയിക്കുന്ന വിധത്തിൽ മറ്റുള്ളവരിലേക്ക് എത്തിച്ചേരാൻ എന്നെ സഹായിക്കണമേ.