അവന്റെ വളർച്ചയുടെ ഘട്ടത്തിലൊന്നും, ഒരു കുടുംബം ഉണ്ടായിരിക്കുക എന്നതിന്റെ അർത്ഥത്തെക്കുറിച്ച് സീനിന് കാര്യമായൊന്നും അറിയില്ലായിരുന്നു. അവന്റെ അമ്മ മരിച്ചു, പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. അവന് പലപ്പോഴും ഏകാന്തത അനുഭവപ്പെടുകയും ഉപേക്ഷിക്കപ്പെട്ടതായി തോന്നുകയും ചെയ്തു. എന്നാൽ സമീപത്ത് താമസിച്ചിരുന്ന ഒരു ദമ്പതികൾ അവനെ സമീപിച്ചു. അവർ അവനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവരുടെ മക്കളെ അവനു “വലിയ സഹോദരനും വലിയ സഹോദരിയും” ആക്കി, അത് അവൻ സ്നേഹിക്കപ്പെടുന്നു എന്ന ഉറപ്പ് അവനു നൽകി. അവർ അവനെ പള്ളിയിലേക്ക് കൊണ്ടുപോയി, അവിടെ, ഇപ്പോൾ ആത്മവിശ്വാസമുള്ള ചെറുപ്പക്കാരനായ സീൻ ഇന്ന് ഒരു യുവനേതാവാണ്.
ഈ ദമ്പതികൾ ഒരു യുവജീവിതം വഴിതിരിച്ചുവിടുന്നതിൽ അത്രയും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിലും, അവർ സീനിനുവേണ്ടി ചെയ്തതെന്തെന്ന് അവരുടെ സഭാ കുടുംബത്തിലെ മിക്ക ആളുകൾക്കും അറിയില്ലായിരുന്നു. എന്നാൽ ദൈവത്തിനറിയാം, ബൈബിളിലെ വിശ്വാസവീരന്മാരുടെ “ഹാൾ ഓഫ് ഫെയ്ത്ത്” പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതുപോലെ അവരുടെ വിശ്വസ്തതയ്ക്ക് എന്നെങ്കിലും പ്രതിഫലം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എബ്രായർ 11 ആരംഭിക്കുന്നത് തിരുവെഴുത്തുകളുടെ വലിയ പേരുകളോടെയാണ്, എങ്കിലും നമുക്ക് ഒരിക്കലും അറിയാൻ കഴിഞ്ഞിട്ടില്ലാത്ത എണ്ണമറ്റ മറ്റുള്ളവരെക്കുറിച്ചും സംസാരിക്കുന്നു, “അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചവർ” (വാ. 39) ആയിരുന്നിട്ടും “ലോകം അവർക്ക് യോഗ്യമായിരുന്നില്ല” (വാ. 38) എന്ന് എഴുത്തുകാരൻ പറയുന്നു.
നമ്മുടെ ദയാപ്രവൃത്തികൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ പോകുമ്പോഴും ദൈവം കാണുകയും അറിയുകയും ചെയ്യുന്നു. നമ്മൾ ചെയ്യുന്നത് ഒരു ചെറിയ കാര്യമായി തോന്നിയേക്കാം – ഒരു ദയയുള്ള പ്രവൃത്തി അല്ലെങ്കിൽ പ്രോത്സാഹജനകമായ ഒരു വാക്ക് – എന്നാൽ ദൈവത്തിന് അത് അവന്റെ നാമത്തിനും അവന്റെ സമയത്തിനും അവന്റെ വഴിക്കും മഹത്വം കൊണ്ടുവരാൻ കഴിയും. മറ്റുള്ളവർക്കറിയില്ലെങ്കിലും അവനറിയാം.
ഇന്ന് ഒരാൾക്ക് വേണ്ടി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു ലളിതമായ കാര്യം എന്താണ്? ദൈവത്തിന് നിങ്ങളുടെ ഹൃദയവും നിങ്ങളുടെ കൈകളുടെ പ്രവൃത്തിയും അറിയാം എന്ന് നിങ്ങൾക്ക് എങ്ങനെ സ്വയം ഓർമ്മിപ്പിക്കാനാകും?
സ്വർഗ്ഗീയ പിതാവേ, ഞാൻ ചെയ്യുന്നതിനായി അങ്ങ് ഒരുക്കിയിരിക്കുന്ന ദയാപ്രവർത്തികൾഎന്തെന്ന് തുടർന്നും എനിക്കു കാണിച്ചുതരുകയും അത് അങ്ങേയ്ക്കായി മാത്രം ചെയ്യാനുള്ള വിശ്വാസം എനിക്ക് നൽകുകയും ചെയ്യണമേ.