ഒരു പ്രത്യേക പക്ഷിയുടെ-സ്വിഫ്റ്റിന്റെ – ചലനങ്ങളെ അനുകരിക്കുന്ന ഒരു ചലിക്കുന്ന ചിറകുകളുള്ള ഡ്രോണിനെ ഒരു അന്താരാഷ്ട്ര ഗവേഷണ സംഘം നിർമ്മിച്ചു. സ്വിഫ്റ്റുകൾക്ക് മണിക്കൂറിൽ തൊണ്ണൂറ് മൈൽ വരെ വേഗതയിൽ പറക്കാൻ കഴിയും. കൂടാതെ വട്ടമിട്ടു പറക്കാനും മുങ്ങാനും വേഗത്തിൽ തിരിയാനും പെട്ടെന്ന് നിർത്താനും കഴിയും. എന്നിരുന്നാലും ഓർണിത്തോപ്റ്റർ ഡ്രോൺ ഇപ്പോഴും പക്ഷിയേക്കാൾ താഴ്ന്നതരത്തിലുള്ളതാണ്. ഒരു ഗവേഷകൻ പറഞ്ഞു, ”അവിശ്വസനീയമാംവിധം വേഗത്തിൽ പറക്കാനും ചിറകുകൾ മടക്കാനും വളച്ചൊടിക്കാനും തൂവലുകളുടെ സ്ലോട്ടുകൾ തുറക്കാനും ഊർജം ലാഭിക്കാനും പക്ഷികൾക്ക് ഒന്നിലധികം പേശികൾ ഉണ്ട്.” എന്നിട്ടും തന്റെ ടീമിന്റെ ശ്രമങ്ങൾക്ക് ഇപ്പോഴും ”ജൈവപരമായ പറക്കലിന്റെ 10 ശതമാനം” മാത്രമേ ആർജ്ജിക്കാൻ കഴിഞ്ഞുള്ളൂവെന്ന് അദ്ദേഹം സമ്മതിച്ചു.
നമ്മുടെ ലോകത്തിലെ സൃഷ്ടികൾക്ക് എല്ലാത്തരം അത്ഭുതകരമായ കഴിവുകളും ദൈവം നൽകിയിട്ടുണ്ട്. അവയെ നിരീക്ഷിക്കുന്നതും അവയുടെ അറിവിനെക്കുറിച്ച് ചിന്തിക്കുന്നതും നമുക്ക് ജ്ഞാനം നൽകും. ഉറുമ്പുകൾ വിഭവങ്ങളുടെ ശേഖരണത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു, കുഴിമുയലുകൾ ആശ്രയയോഗ്യമായ പാർപ്പിടത്തിന്റെ മൂല്യം കാണിക്കുന്നു, വെട്ടുക്കിളികൾ എണ്ണത്തിൽ ശക്തിയുണ്ടെന്ന് നമ്മെ പഠിപ്പിക്കുന്നു (സദൃശവാക്യങ്ങൾ 30:25-27).
“[ദൈവം] തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു” (യിരെമ്യാവ് 10:12) എന്ന് ബൈബിൾ നമ്മോട് പറയുന്നു, സൃഷ്ടി പ്രക്രിയയുടെ ഓരോ ഘട്ടത്തിന്റെയും അവസാനം, അവൻ ചെയ്തത് ”നല്ലത്” ആണെന്ന് അവൻ സ്ഥിരീകരിച്ചു (ഉല്പത്തി 1:4, 10, 12, 18, 21, 25, 31). “ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറക്കാൻ” പക്ഷികളെ സൃഷ്ടിച്ച അതേ ദൈവം (വാ. 20), നമ്മുടെ സ്വന്തം യുക്തിയുമായി അവന്റെ ജ്ഞാനത്തെ സംയോജിപ്പിക്കാനുള്ള കഴിവ് നമുക്ക് നൽകിയിട്ടുണ്ട്. ഇന്ന്, പ്രകൃതിദത്ത ലോകത്തിലെ അവന്റെ ഗംഭീരമായ ഡിസൈനുകളിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ പഠിക്കാമെന്ന് പരിഗണിക്കുക.
ദൈവത്തിന്റെ സൃഷ്ടിയുടെ ഏത് ഭാഗമാണ് നിങ്ങളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്നത്? അത് എങ്ങനെയാണ് ദൈവത്തിന്റെ ജ്ഞാനത്തെക്കുറിച്ച് നിങ്ങളോട് സംസാരിക്കുന്നത്?
പ്രിയ പിതാവേ, അങ്ങയുടെ സൃഷ്ടിയെ ഞാൻ പരിഗണിക്കുമ്പോൾ അങ്ങയുടെ ജ്ഞാനം കാണാൻ എന്റെ കണ്ണുകളെ തുറക്കണമേ.