ഒരു ക്രിസ്ത്യൻ കോളേജിൽ ചേരുന്നതും ബൈബിൾ പഠിക്കുന്നതും ബ്രെറ്റിന് സംബന്ധിച്ച് സ്വാഭാവിക നടപടിയായിരുന്നു. എല്ലാറ്റിനുമുപരി, യേശുവിനെ തന്റെ ജീവിതകാലം മുഴുവൻ അറിയുന്ന ആളുകൾ അവനു ചുറ്റും ഉണ്ടായിരുന്നു – വീട്ടിൽ, സ്കൂളിൽ, സഭയിൽ. അവന്റെ കോളേജ് പഠനം പോലും “ക്രിസ്തീയ ശുശ്രൂഷ”യിൽ ഒരു ജോലി പ്രതീക്ഷിച്ചുകൊണ്ടായിരുന്നു.
എന്നാൽ ഇരുപത്തിയൊന്നാം വയസ്സിൽ, നാട്ടിൻപുറത്തെ ഒരു പഴയ പള്ളിയിൽ ചെറിയ സഭയോടൊപ്പമിരുന്ന്, ഒരു പാസ്റ്റർ 1 യോഹന്നാനിൽനിന്നു പ്രസംഗിച്ചതു കേട്ടപ്പോൾ, ഞെട്ടിക്കുന്ന ഒരു കണ്ടെത്തൽ അവൻ നടത്തി. താൻ തന്റെ അറിവിലും മതത്തിന്റെ കെണിയിലും ആശ്രയിക്കുന്നവനാണെന്നും തനിക്ക് യഥാർത്ഥത്തിൽ യേശുവിലുള്ള രക്ഷ ലഭിച്ചിട്ടില്ലെന്നും അവൻ മനസ്സിലാക്കി. “നിനക്കെന്നെ അറിയില്ല!” എന്ന മൃദുവായ ഒരു സന്ദേശവുമായി ക്രിസ്തു അന്നു തന്റെ ഹൃദയത്തെ വലിഞ്ഞുമുറുക്കുന്നതായി അവനു തോന്നി.
അപ്പൊസ്തലനായ യോഹന്നാന്റെ സന്ദേശം വ്യക്തമാണ്: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു” (1 യോഹന്നാൻ 5:1). യോഹന്നാൻ പറയുന്നതുപോലെ നമുക്ക് “ലോകത്തെ ജയിക്കാൻ” കഴിയും (വാക്യം 4) – യേശുവിലുള്ള വിശ്വാസത്താൽ മാത്രം. അത് കേവലം അവനെക്കുറിച്ചുള്ള അറിവല്ല, മറിച്ച് ആഴമേറിയ, ആത്മാർത്ഥമായ വിശ്വാസം – അവൻ ക്രൂശിൽ നമുക്കുവേണ്ടി ചെയ്ത പ്രവൃത്തിയിലുള്ള നമ്മുടെ വിശ്വാസം. അന്ന് ബ്രെറ്റ് ക്രിസ്തുവിൽ മാത്രം വിശ്വാസം അർപ്പിച്ചു.
ഇന്ന്, യേശുവിനോടും അവന്റെ രക്ഷയോടുമുള്ള ബ്രെറ്റിന്റെ അഗാധമായ അഭിനിവേശം രഹസ്യമല്ല. ഓരോ തവണയും അദ്ദേഹം പ്രസംഗപീഠത്തിന് പിന്നിൽ നിൽക്കുമ്പോഴും ഒരു പാസ്റ്ററെന്ന നിലയിൽ – എന്റെ പാസ്റ്റർ – പ്രസംഗിക്കുമ്പോഴും അത് ഉച്ചത്തിലും വ്യക്തമായും വരുന്നു.
”ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. പുത്രനുള്ളവന്നു ജീവൻ ഉണ്ടു” (വാ. 11-12). യേശുവിൽ ജീവിതം കണ്ടെത്തിയ എല്ലാവർക്കും, ഇത് എത്ര ആശ്വാസപ്രദമായ ഓർമ്മപ്പെടുത്തലാണ്!
നിങ്ങളുടെ വിശ്വാസത്തിന്റെ കഥ എന്താണ്? നിങ്ങൾക്ക് യേശുവിനെ ആവശ്യമാണെന്ന് മനസ്സിലാക്കാൻ നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്?
യേശുവേ, അങ്ങയിലുള്ള വിശ്വാസത്തിലേക്ക് എന്നെ ചൂണ്ടിക്കാണിച്ചവർക്കും നന്ദി.