എറിക് തന്റെ ഇരുപതുകളുടെ തുടക്കത്തിൽ യേശുവിന്റെ സ്നേഹത്തെക്കുറിച്ച് കേട്ടു. അവൻ പള്ളിയിൽ പോകാൻ തുടങ്ങി, അവിടെ ക്രിസ്തുവിനെ നന്നായി അറിയാൻ അവനെ സഹായിച്ച ഒരാളെ കണ്ടുമുട്ടി. അധികം താമസിയാതെ, പള്ളിയിൽ ഒരു ചെറിയ കൂട്ടം ആൺകുട്ടികളെ പഠിപ്പിക്കാൻ എറിക്കിന്റെ ഉപദേഷ്ടാവ് അവനെ നിയോഗിച്ചു. വർഷത്തിലുടനീളം, തന്റെ നഗരത്തിലെ അപകടസാധ്യതയുള്ള യുവാക്കളെ സഹായിക്കാനും പ്രായമായവരെ സന്ദർശിക്കാനും തന്റെ അയൽക്കാരോട് ആതിഥ്യമര്യാദ കാണിക്കാനും ദൈവം എറിക്കിന്റെ ഹൃദയത്തെ ആകർഷിച്ചു-എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി. ഇപ്പോൾ തന്റെ അൻപതുകളുടെ അവസാനത്തിൽ, സേവിക്കാൻ നേരത്തെ തന്നെ പഠിപ്പിച്ചതിൽ താൻ എത്ര നന്ദിയുള്ളവനാണെന്ന് എറിക് വിശദീകരിക്കുന്നു: ”യേശുവിൽ ഞാൻ കണ്ടെത്തിയ പ്രത്യാശ പങ്കിടാൻ എന്റെ ഹൃദയം നിറഞ്ഞു കവിയുന്നു. അവനെ സേവിക്കുന്നതിലും ശ്രേഷ്ഠമായ മറ്റെന്താണുള്ളത്?”
അവന്റെ വിശ്വാസത്തിൽ അമ്മയും മുത്തശ്ശിയും അവനെ സ്വാധീനിച്ചപ്പോൾ തിമൊഥെയൊസ് ഒരു കുട്ടിയായിരുന്നു (2 തിമൊഥെയൊസ് 1:5). അപ്പൊസ്തലനായ പൗലൊസ് അവനെ കണ്ടുമുട്ടിയപ്പോൾ അവൻ ഒരു യൗവനക്കാരനായിരുന്നിരിക്കാം. ദൈവത്തിനുവേണ്ടിയുള്ള തിമൊഥെയൊസിന്റെ സേവനത്തിൽ സാധ്യത കാണുകയും അവനെ ഒരു മിഷനറി യാത്രയ്ക്ക് ക്ഷണിക്കുകയും ചെയ്തു (പ്രവൃത്തികൾ 16:1-3). ശുശ്രൂഷയിലും ജീവിതത്തിലും പൗലൊസ് തിമൊഥെയൊസിന്റെ ഉപദേശകനായി. പഠിക്കാനും തെറ്റായ പഠിപ്പിക്കലുകൾ നേരിടുമ്പോൾ ധൈര്യമുള്ളവനായിരിക്കാനും തന്റെ കഴിവുകൾ ദൈവസേവനത്തിൽ ഉപയോഗിക്കാനും പൗലൊസ് അവനെ പ്രോത്സാഹിപ്പിച്ചു (1 തിമൊഥെയൊസ് 4:6-16).
ദൈവത്തെ സേവിക്കുന്നതിൽ തിമൊഥെയൊസ് വിശ്വസ്തനായിരിക്കണമെന്ന് പൗലൊസ് ആഗ്രഹിച്ചത് എന്തുകൊണ്ട്? അവൻ എഴുതി, “അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു” (വാ. 10). യേശു നമ്മുടെ പ്രത്യാശയും ലോകരക്ഷകനുമാണ്. അവനെ സേവിക്കുന്നതിനേക്കാൾ മെച്ചമായത് മറ്റെന്താണുള്ളത്?
മറ്റൊരാൾ അറിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന, ക്രിസ്തുവിനെക്കുറിച്ചുള്ള എന്തുകാര്യമാണ് നിങ്ങൾ പഠിച്ചത്? ആർക്കൊക്കെ നിങ്ങളുടെ സഹായം ഉപയോഗിക്കാം, ആരുടെ സഹായം നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം?
പ്രിയ ദൈവമേ, ചുറ്റുമുള്ളവരിൽ അങ്ങയുടെ പ്രത്യാശ പകരാനുള്ള ഒരു ഹൃദയം എനിക്ക് തരണമേ.