തന്റെ സ്മരണീയ ഗ്രന്ഥമായ ദി ഗ്രേറ്റ് ഇൻഫ്ളുവൻസയിൽ, ജോൺ എം. ബാരി 1918-ലെ ഇൻഫ്ളുവൻസയുടെ കഥ വിവരിക്കുന്നു. ആരോഗ്യ പ്രവർത്തകർ ജാഗ്രത പാലിക്കുന്നതിനുപകരം എങ്ങനെയാണ് ഒരു വലിയ രോഗവ്യാപനം പ്രതീക്ഷിച്ചതെന്ന് ബാരി വെളിപ്പെടുത്തുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ലക്ഷക്കണക്കിന് സൈനികർ ട്രെഞ്ചുകളിൽ കഴിയുന്നതും അതിർത്തി കടന്നു പോകുന്നതും പുതിയ വൈറസുകളെ അഴിച്ചുവിടുമെന്ന് അവർ ഭയപ്പെട്ടു. എന്നാൽ നാശം തടയാൻ ഈ അറിവ് ഉപയോഗശൂന്യമായിരുന്നു. ശക്തരായ നേതാക്കൾ യുദ്ധകാഹളം മുഴക്കിക്കൊണ്ട് അക്രമത്തിലേക്ക് കുതിച്ചു. പകർച്ചവ്യാധി വിദഗ്ധർ കണക്കാക്കുന്നത് അഞ്ചു കോടി ആളുകൾ പകർച്ചവ്യാധിയിൽ മരിച്ചു എന്നാണ്. ഇതു കൂടാതെ മറ്റൊരു രണ്ടു കോടി ആളുകൾ യുദ്ധ കൂട്ടക്കൊലയിൽ കൊല്ലപ്പെടുകയും ചെയ്തു.
തിന്മയിൽ നിന്ന് നമ്മെ രക്ഷിക്കാൻ നമ്മുടെ മാനുഷിക അറിവ് ഒരിക്കലും മതിയാകില്ലെന്ന് നാം വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട് (സദൃശവാക്യങ്ങൾ 4:14-16). അപാരമായ അറിവുകൾ നാം സമ്പാദിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധേയമായ ഉൾക്കാഴ്ചകൾ അവതരിപ്പിക്കുന്നുവെങ്കിലും, പരസ്പരം മറ്റുള്ളവർക്കു വേദന വരുത്തുന്നതു തടയാൻ നമുക്ക് ഇപ്പോഴും കഴിയുന്നില്ല. ”അഗാധമായ അന്ധകാര”ത്തിലേക്ക് നയിക്കുന്ന ഈ വിഡ്ഢിത്തവും ആവർത്തിച്ചുള്ളതുമായ ”ദുഷ്ടന്മാരുടെ വഴി,” നമുക്ക് തടയാനാവില്ല. നമ്മുടെ ഏറ്റവും മികച്ച അറിവ് ഉണ്ടായിരുന്നിട്ടും, “[നമ്മെ] തട്ടിവീഴ്ത്തുന്നത് എന്താണ്” (വാക്യം 19) എന്ന് നമുക്ക് ശരിക്കും അറിയില്ല.
അതുകൊണ്ടാണ് നാം “ജ്ഞാനം സമ്പാദിക്കയും വിവേകം നേടുകയും” ചെയ്യേണ്ടത് (വാ. 5). അറിവു കൊണ്ട് എന്തുചെയ്യണമെന്ന് ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു. നമുക്ക് അത്യാവശ്യമായിരിക്കുന്ന യഥാർത്ഥ ജ്ഞാനം, ദൈവത്തിൽ നിന്നാണ് വരുന്നത്. നമ്മുടെ അറിവ് എല്ലായ്പ്പോഴും പരിമിതമായിരിക്കും, എന്നാൽ അവന്റെ ജ്ഞാനം നമുക്ക് ആവശ്യമുള്ളത് നൽകുന്നു.
മനുഷ്യന്റെ അറിവ് പരിമിതപ്പെടുന്നത് നിങ്ങൾ എവിടെയാണ് കാണുന്നത്? മെച്ചപ്പെട്ടതും സത്യവുമായ വഴിയിൽ ജീവിക്കാൻ ദൈവത്തിന്റെ ജ്ഞാനം നിങ്ങളെ എങ്ങനെയാണ് പ്രബോധിപ്പിക്കുന്നത്?
പ്രിയ ദൈവമേ, ഞാൻ അഹങ്കരത്തോടു മല്ലിടുന്നു. എന്റെ മാനുഷിക അറിവിന് എന്നെ രക്ഷിക്കാൻ കഴിയില്ല. അങ്ങയുടെ സത്യം എന്നെ പഠിപ്പിക്കേണമേ.