ഇതിലും നല്ലത് എന്താണുള്ളത്?
എറിക് തന്റെ ഇരുപതുകളുടെ തുടക്കത്തിൽ യേശുവിന്റെ സ്നേഹത്തെക്കുറിച്ച് കേട്ടു. അവൻ പള്ളിയിൽ പോകാൻ തുടങ്ങി, അവിടെ ക്രിസ്തുവിനെ നന്നായി അറിയാൻ അവനെ സഹായിച്ച ഒരാളെ കണ്ടുമുട്ടി. അധികം താമസിയാതെ, പള്ളിയിൽ ഒരു ചെറിയ കൂട്ടം ആൺകുട്ടികളെ പഠിപ്പിക്കാൻ എറിക്കിന്റെ ഉപദേഷ്ടാവ് അവനെ നിയോഗിച്ചു. വർഷത്തിലുടനീളം, തന്റെ നഗരത്തിലെ അപകടസാധ്യതയുള്ള യുവാക്കളെ സഹായിക്കാനും പ്രായമായവരെ സന്ദർശിക്കാനും തന്റെ അയൽക്കാരോട് ആതിഥ്യമര്യാദ കാണിക്കാനും ദൈവം എറിക്കിന്റെ ഹൃദയത്തെ ആകർഷിച്ചു-എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി. ഇപ്പോൾ തന്റെ അൻപതുകളുടെ അവസാനത്തിൽ, സേവിക്കാൻ നേരത്തെ തന്നെ പഠിപ്പിച്ചതിൽ താൻ എത്ര നന്ദിയുള്ളവനാണെന്ന് എറിക് വിശദീകരിക്കുന്നു: ''യേശുവിൽ ഞാൻ കണ്ടെത്തിയ പ്രത്യാശ പങ്കിടാൻ എന്റെ ഹൃദയം നിറഞ്ഞു കവിയുന്നു. അവനെ സേവിക്കുന്നതിലും ശ്രേഷ്ഠമായ മറ്റെന്താണുള്ളത്?”
അവന്റെ വിശ്വാസത്തിൽ അമ്മയും മുത്തശ്ശിയും അവനെ സ്വാധീനിച്ചപ്പോൾ തിമൊഥെയൊസ് ഒരു കുട്ടിയായിരുന്നു (2 തിമൊഥെയൊസ് 1:5). അപ്പൊസ്തലനായ പൗലൊസ് അവനെ കണ്ടുമുട്ടിയപ്പോൾ അവൻ ഒരു യൗവനക്കാരനായിരുന്നിരിക്കാം. ദൈവത്തിനുവേണ്ടിയുള്ള തിമൊഥെയൊസിന്റെ സേവനത്തിൽ സാധ്യത കാണുകയും അവനെ ഒരു മിഷനറി യാത്രയ്ക്ക് ക്ഷണിക്കുകയും ചെയ്തു (പ്രവൃത്തികൾ 16:1-3). ശുശ്രൂഷയിലും ജീവിതത്തിലും പൗലൊസ് തിമൊഥെയൊസിന്റെ ഉപദേശകനായി. പഠിക്കാനും തെറ്റായ പഠിപ്പിക്കലുകൾ നേരിടുമ്പോൾ ധൈര്യമുള്ളവനായിരിക്കാനും തന്റെ കഴിവുകൾ ദൈവസേവനത്തിൽ ഉപയോഗിക്കാനും പൗലൊസ് അവനെ പ്രോത്സാഹിപ്പിച്ചു (1 തിമൊഥെയൊസ് 4:6-16).
ദൈവത്തെ സേവിക്കുന്നതിൽ തിമൊഥെയൊസ് വിശ്വസ്തനായിരിക്കണമെന്ന് പൗലൊസ് ആഗ്രഹിച്ചത് എന്തുകൊണ്ട്? അവൻ എഴുതി, “അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു” (വാ. 10). യേശു നമ്മുടെ പ്രത്യാശയും ലോകരക്ഷകനുമാണ്. അവനെ സേവിക്കുന്നതിനേക്കാൾ മെച്ചമായത് മറ്റെന്താണുള്ളത്?
പോകാൻ ഒരുക്കമാണ്
കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത്, നിരവധി ആളുകൾക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. 2020 നവംബർ 27-ന്, എന്റെ തൊണ്ണൂറ്റഞ്ചുകാരിയായ അമ്മ ബീ ക്രൗഡറും ആ ഗണത്തിൽ ചേർന്നു - അമ്മ പക്ഷേ കോവിഡ്-19 ബാധിച്ചായിരുന്നില്ല മരിച്ചത്. മറ്റ് പല കുടുംബങ്ങളെയും പോലെ, അമ്മയെ സ്മരിക്കാനോ അവളുടെ ജീവിതത്തെ ബഹുമാനിക്കാനോ പരസ്പരം ധൈര്യപ്പെടുത്താനോ ഞങ്ങൾക്ക് ഒത്തുകൂടാൻ കഴിഞ്ഞില്ല. അതിനുപകരം, അവളുടെ സ്നേഹനിർഭരമായ സ്വാധീനം ആഘോഷിക്കാൻ ഞങ്ങൾ മറ്റ് മാർഗങ്ങൾ ഉപയോഗിച്ചു. ദൈവം അവളെ വീട്ടിലേക്ക് വിളിച്ചാൽ, അവൾ പോകാൻ തയ്യാറാണ്, അല്ലെങ്കിൽ അതിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന അവളുടെ നിർബന്ധത്തെ ഓർത്തുകൊണ്ട് ഞങ്ങൾ വലിയ ആശ്വാസം പ്രാപിച്ചു. അമ്മയുടെ ജീവിതത്തിന്റെ ഒട്ടുമിക്ക കാര്യങ്ങളിലും പ്രകടമായ ആ ആത്മവിശ്വാസത്തോടെയാണ് അവൾ മരണത്തെ അഭിമുഖീകരിച്ചതും.
അനിവാര്യമായ മരണത്തെ പ്രതീക്ഷിച്ചുകൊണ്ട് പൗലൊസ് എഴുതി, ''എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാണ്. . . . ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ. എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം'' (ഫിലിപ്പിയർ 1:21, 23-24). ഇവിടെ വസിക്കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള ന്യായമായ ആഗ്രഹം ഉണ്ടായിരുന്നിട്ടും, പൗലൊസ് ക്രിസ്തുവിനോടൊപ്പം വസിക്കുന്നതിനായി തന്റെ സ്വർഗ്ഗീയ ഭവനത്തിലേക്ക് ആകർഷിക്കപ്പെട്ടു.
അത്തരം ആത്മവിശ്വാസം ഈ ജീവിതത്തിൽ നിന്ന് അടുത്തതിലേക്ക് ചുവടുവെക്കുന്ന നിമിഷത്തെ നാം കാണുന്ന രീതിയെ മാറ്റുന്നു. നമ്മുടെ പ്രത്യാശ മറ്റുള്ളവർക്ക് അവരുടെ സ്വന്തം നഷ്ടകാലത്ത് വലിയ ആശ്വാസം നൽകും. നാം സ്നേഹിക്കുന്നവരുടെ വേർപാടിൽ നാം ദുഃഖിക്കുന്നുണ്ടെങ്കിലും, യേശുവിൽ വിശ്വസിക്കുന്നവർ “പ്രത്യാശയില്ലാത്തവരെ” പോലെ ദുഃഖിക്കുന്നില്ല (1 തെസ്സലൊനീക്യർ 4:13). അവനെ അറിയുന്നവരുടെ സമ്പത്താണ് യഥാർത്ഥ പ്രതീക്ഷ.
ജീവിതം കണ്ടെത്തു
ഒരു ക്രിസ്ത്യൻ കോളേജിൽ ചേരുന്നതും ബൈബിൾ പഠിക്കുന്നതും ബ്രെറ്റിന് സംബന്ധിച്ച് സ്വാഭാവിക നടപടിയായിരുന്നു. എല്ലാറ്റിനുമുപരി, യേശുവിനെ തന്റെ ജീവിതകാലം മുഴുവൻ അറിയുന്ന ആളുകൾ അവനു ചുറ്റും ഉണ്ടായിരുന്നു - വീട്ടിൽ, സ്കൂളിൽ, സഭയിൽ. അവന്റെ കോളേജ് പഠനം പോലും “ക്രിസ്തീയ ശുശ്രൂഷ”യിൽ ഒരു ജോലി പ്രതീക്ഷിച്ചുകൊണ്ടായിരുന്നു.
എന്നാൽ ഇരുപത്തിയൊന്നാം വയസ്സിൽ, നാട്ടിൻപുറത്തെ ഒരു പഴയ പള്ളിയിൽ ചെറിയ സഭയോടൊപ്പമിരുന്ന്, ഒരു പാസ്റ്റർ 1 യോഹന്നാനിൽനിന്നു പ്രസംഗിച്ചതു കേട്ടപ്പോൾ, ഞെട്ടിക്കുന്ന ഒരു കണ്ടെത്തൽ അവൻ നടത്തി. താൻ തന്റെ അറിവിലും മതത്തിന്റെ കെണിയിലും ആശ്രയിക്കുന്നവനാണെന്നും തനിക്ക് യഥാർത്ഥത്തിൽ യേശുവിലുള്ള രക്ഷ ലഭിച്ചിട്ടില്ലെന്നും അവൻ മനസ്സിലാക്കി. “നിനക്കെന്നെ അറിയില്ല!” എന്ന മൃദുവായ ഒരു സന്ദേശവുമായി ക്രിസ്തു അന്നു തന്റെ ഹൃദയത്തെ വലിഞ്ഞുമുറുക്കുന്നതായി അവനു തോന്നി.
അപ്പൊസ്തലനായ യോഹന്നാന്റെ സന്ദേശം വ്യക്തമാണ്: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു” (1 യോഹന്നാൻ 5:1). യോഹന്നാൻ പറയുന്നതുപോലെ നമുക്ക് “ലോകത്തെ ജയിക്കാൻ” കഴിയും (വാക്യം 4) - യേശുവിലുള്ള വിശ്വാസത്താൽ മാത്രം. അത് കേവലം അവനെക്കുറിച്ചുള്ള അറിവല്ല, മറിച്ച് ആഴമേറിയ, ആത്മാർത്ഥമായ വിശ്വാസം - അവൻ ക്രൂശിൽ നമുക്കുവേണ്ടി ചെയ്ത പ്രവൃത്തിയിലുള്ള നമ്മുടെ വിശ്വാസം. അന്ന് ബ്രെറ്റ് ക്രിസ്തുവിൽ മാത്രം വിശ്വാസം അർപ്പിച്ചു.
ഇന്ന്, യേശുവിനോടും അവന്റെ രക്ഷയോടുമുള്ള ബ്രെറ്റിന്റെ അഗാധമായ അഭിനിവേശം രഹസ്യമല്ല. ഓരോ തവണയും അദ്ദേഹം പ്രസംഗപീഠത്തിന് പിന്നിൽ നിൽക്കുമ്പോഴും ഒരു പാസ്റ്ററെന്ന നിലയിൽ - എന്റെ പാസ്റ്റർ - പ്രസംഗിക്കുമ്പോഴും അത് ഉച്ചത്തിലും വ്യക്തമായും വരുന്നു.
''ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. പുത്രനുള്ളവന്നു ജീവൻ ഉണ്ടു'' (വാ. 11-12). യേശുവിൽ ജീവിതം കണ്ടെത്തിയ എല്ലാവർക്കും, ഇത് എത്ര ആശ്വാസപ്രദമായ ഓർമ്മപ്പെടുത്തലാണ്!
എനിക്ക് അങ്ങയെ കാണാം!
മൂന്ന് വയസ്സുള്ള ആൻഡ്രിയാസിനെ തന്റെ ആദ്യ ജോടി കണ്ണട ക്രമീകരിക്കാൻ ഒപ്റ്റോമെട്രിസ്റ്റ് സഹായിച്ചു. ''കണ്ണാടിയിൽ നോക്കൂ,'' അവൾ പറഞ്ഞു. ആൻഡ്രിയാസ് അവന്റെ പ്രതിഫലനത്തിലേക്ക് നോക്കി, സന്തോഷവും സ്നേഹവും നിറഞ്ഞ പുഞ്ചിരിയോടെ പിതാവിന്റെ നേരെ തിരിഞ്ഞു. അപ്പോൾ ആൻഡ്രിയാസിന്റെ പിതാവ് മകന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മെല്ലെ തുടച്ചുകൊണ്ട് ചോദിച്ചു, ''എന്താ പറ്റിയത്?'' ആൻഡ്രിയാസ് പിതാവിന്റെ കഴുത്തിൽ കൈകൾ ചുറ്റി. “എനിക്ക് അങ്ങയെ കാണാം.” അവൻ പിന്നിലേക്ക് വലിച്ച് തല ചെരിച്ച് പിതാവിന്റെ കണ്ണുകളിലേക്ക് നോക്കി. “എനിക്ക് അങ്ങയെ കാണാം!”
നാം പ്രാർത്ഥനാപൂർവ്വം ബൈബിൾ പഠിക്കുമ്പോൾ, “അദൃശ്യനായ ദൈവത്തിന്റെ പ്രതിമയായ” (കൊലൊസ്യർ 1:15) യേശുവിനെ കാണാൻ പരിശുദ്ധാത്മാവ് നമുക്ക് കണ്ണുകൾ നൽകുന്നു. എന്നിരുന്നാലും, വിശുദ്ധ ഗ്രന്ഥത്തിലൂടെ നാം അറിവിൽ വളരുമ്പോൾ, ആത്മാവിനാൽ നമ്മുടെ ദർശനം വ്യക്തമാക്കപ്പെട്ടാലും, നിത്യതയുടെ ഈ വശത്ത് ദൈവത്തിന്റെ അനന്തമായ അപാരതയുടെ ഒരു മിന്നൊളി മാത്രമേ നമുക്ക് കാണാൻ കഴിയൂ. ഭൂമിയിലെ നമ്മുടെ സമയം പൂർത്തിയാകുമ്പോൾ അല്ലെങ്കിൽ യേശു മടങ്ങിവരുമെന്ന വാഗ്ദാനം നിറവേറുമ്പോൾ, നാം അവനെ വ്യക്തമായി കാണും (1 കൊരിന്ത്യർ 13:12).
ക്രിസ്തുവിനെ മുഖാമുഖം കാണുകയും ക്രിസ്തുവിന്റെ സഭയായ ശരീരത്തിലെ പ്രിയപ്പെട്ട അംഗങ്ങളായ നമ്മെ ഓരോരുത്തരെയും അവൻ അറിയുന്നതുപോലെ അവനെ അറിയുകയും ചെയ്യുന്ന ആ സന്തോഷം നിറഞ്ഞ നിമിഷത്തിൽ നമുക്ക് പ്രത്യേക കണ്ണട ആവശ്യമില്ല. നമ്മുടെ സ്നേഹസമ്പന്നനും ജീവനുള്ളവനുമായ രക്ഷകനെ ഉറ്റുനോക്കി, ''യേശുവേ, എനിക്ക് അങ്ങയെ കാണാൻ കഴിയും'' എന്നു പറയുന്നതുവരെ, ഉറച്ചുനിൽക്കാൻ ആവശ്യമായ വിശ്വാസവും പ്രത്യാശയും സ്നേഹവും പരിശുദ്ധാത്മാവ് നമ്മിൽ സന്നിവേശിപ്പിക്കട്ടെ.
ഉള്ളിലെ മാസ്റ്റർപീസ്
ലോകത്തിലെ ഏറ്റവും വലിയ ചൈനീസ് കലകളുടെ ശേഖരം ഉൾക്കൊള്ളുന്ന തായ് വാനിലെ നാഷണൽ പാലസ് മ്യൂസിയത്തിലേക്കുള്ള തന്റെ സന്ദർശനത്തെക്കുറിച്ച് ദി അറ്റ്ലാന്റിക്കിൽ എഴുത്തുകാരൻ ആർതർ സി. ബ്രൂക്ക്സ് പറയുന്നുണ്ട്. മ്യൂസിയം ഗൈഡ് ചോദിച്ചു, “ഇനിയും തുടങ്ങാനിരിക്കുന്ന ഒരു കലാസൃഷ്ടി സങ്കൽപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?” ബ്രൂക്ക്സ് പറഞ്ഞു, “ഒരു ശൂന്യമായ ക്യാൻവാസ്, ഞാൻ ഊഹിക്കുന്നു.” ഗൈഡ് മറുപടി പറഞ്ഞു, “അത് കാണാൻ മറ്റൊരു വഴിയുണ്ട്: കല ഇതിനകം നിലവിലുണ്ട്, കലാകാരന്മാരുടെ ജോലി അത് വെളിപ്പെടുത്തുക മാത്രമാണ്.”
ചിലപ്പോൾ “പ്രവൃത്തി” അല്ലെങ്കിൽ “മാസ്റ്റർപീസ്” എന്ന് വിവർത്തനം ചെയ്യപ്പെടുന്ന കൈപ്പണി എന്ന പദം, ഗ്രീക്ക് പദമായ poiema യിൽ നിന്നാണ് വന്നത്, അതിൽ നിന്നാണ് നമ്മുടെ കവിത (poetry) എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് കലാസൃഷ്ടികളായും ജീവിക്കുന്ന കവിതകളായുമായിട്ടാണ്. എന്നിരുന്നാലും, നമ്മുടെ കല അവ്യക്തമായിത്തീർന്നിരിക്കുന്നു: “അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്ന നിങ്ങളെ” (വാ. 1). മ്യൂസിയം ഗൈഡിന്റെ വാക്കുകൾ വ്യാഖ്യാനിച്ചാൽ, “[നമ്മുടെ] കല ഇതിനകം അവിടെയുണ്ട്, അത് വെളിപ്പെടുത്തുന്നത് ദൈവിക കലാകാരന്റെ ജോലിയാണ്'' എന്നു വ്യക്തം. അവന്റെ മാസ്റ്റർപീസുകളായ ദൈവം നമ്മെ പുനഃസ്ഥാപിക്കുകയാണ്: “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹംനിമിത്തം നമ്മെ ജീവിപ്പിച്ചു” (വാ. 4-5).
വെല്ലുവിളികളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകുമ്പോൾ, ദൈവിക കലാകാരൻ പ്രവർത്തിക്കുന്നു എന്നറിയുന്നതിൽ നമുക്ക് ആശ്വസിക്കാം: “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു്” (ഫിലിപ്പിയർ 2:13). ദൈവം തന്റെ മാസ്റ്റർപീസ് വെളിപ്പെടുത്താൻ നിങ്ങളിൽ പ്രവർത്തിക്കുന്നുവെന്ന് അറിയുക.