“ക്രിസ്തീയ മാർഗ്ഗം എനിക്കുള്ളതല്ല. ഇത് വിരസമാണ്. ഞാൻ മുറുകെ പിടിക്കുന്ന മൂല്യങ്ങളിൽ ഒന്ന് സാഹസികതയാണ്. അതാണ് എനിക്ക് ജീവിതം,” ഒരു യുവതി എന്നോട് പറഞ്ഞു. യേശുവിനെ അനുഗമിക്കുമ്പോൾ ലഭിക്കുന്ന അവിശ്വസനീയമായ സന്തോഷവും ആവേശവും അവൾ ഇതുവരെ പഠിച്ചിട്ടില്ല എന്നത് എന്നെ സങ്കടപ്പെടുത്തി-അത് സമാനതകളില്ലാത്ത ഒരു സാഹസികതയാണ്. യേശുവിനെക്കുറിച്ചും അവനിൽ യഥാർത്ഥ ജീവിതം എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാൻ അവളോട് ആവേശത്തോടെ പങ്കുവെച്ചു.
ദൈവപുത്രനായ യേശുവിനെ അറിയാനും അവനോടൊപ്പം നടക്കാനുമുള്ള സാഹസികതയെ വിവരിക്കാൻ വെറും വാക്കുകൾ അപര്യാപ്തമാണ്. എന്നാൽ എഫെസ്യർ 1-ൽ അപ്പൊസ്തലനായ പൗലൊസ് അവനോടൊപ്പമുള്ള ജീവിതത്തിന്റെ ചെറുതും എന്നാൽ ശക്തവുമായ ഒരു കാഴ്ച്ച നമുക്ക് നൽകുന്നു. ദൈവം നമുക്ക് സ്വർഗ്ഗത്തിൽ നിന്ന് നേരിട്ട് ആത്മീയ അനുഗ്രഹങ്ങൾ നൽകുന്നു (വാ. 3), ദൈവത്തിന്റെ ദൃഷ്ടിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആകുന്നു (വാ. 4), രാജാവിന്റെ രാജകുടുംബത്തിലേക്ക് തന്റെ സ്വന്തമായി നമ്മെ ദത്തെടുത്തു (വാ. 5). അവന്റെ പാപമോചനവും കൃപയും നൽകി (വാ. 7-8), അവന്റെ ഇഷ്ടത്തിന്റെ രഹസ്യത്തെക്കുറിച്ചുള്ള ഗ്രാഹ്യവും (വാ. 9), ‘അവന്റെ മഹത്വത്തിന്റെ പുകഴ്ചയ്ക്കായി’ ജീവിക്കാനുള്ള ഒരു പുതിയ ഉദ്ദേശ്യവും നൽകി അവൻ നമ്മെ അനുഗ്രഹിക്കുന്നു (വാ. 12). നമ്മെ ശാക്തീകരിക്കാനും നയിക്കാനും പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുവാൻ വരുന്നു, ദൈവസന്നിധിയിൽ എന്നേക്കുമുള്ള നിത്യത അവൻ ഉറപ്പ് നൽകുന്നു (വാ. 13-14).
യേശുക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ, അവനെ കൂടുതൽ അറിയുന്നതും അവനെ അടുത്ത് പിന്തുടരുന്നതും ഏറ്റവും വലിയ സാഹസികതയാണെന്ന് നാം കണ്ടെത്തുന്നു. യഥാർത്ഥ ജീവിതത്തിനായി ഇന്നും എല്ലാ ദിവസവും അവനെ അന്വേഷിക്കുക.
യേശുവിനെ അറിയുകയും അവനോടൊപ്പം നടക്കുകയും ചെയ്യുന്ന ജീവിതത്തെ എങ്ങനെയാണ് നിങ്ങൾ വിവരിക്കുക? നിങ്ങൾ ഇത് ആരുമായി പങ്കിടണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്?
പ്രിയ യേശുവേ, എന്നെ സ്നേഹിക്കുന്നതിനും എപ്പോഴും എന്റെയൊപ്പം നടക്കുന്നതിനും നന്ദി. എനിക്കു സങ്കൽപ്പിക്കാവുന്നതിലുമധികം അങ്ങെനിക്ക് തന്നു. അങ്ങയെ അറിയുന്നതും സ്നേഹിക്കുന്നതും അങ്ങയെക്കുറിച്ചു മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും ഞാൻ ഇഷ്ടപ്പെടുന്നു.